Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

മെക്‌സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്.

ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരക്രമങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രീക്വാര്‍ട്ടര്‍ കടമ്പകള്‍ കടന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ബ്രസീലും തമ്മില്‍ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് നേരിടാനുള്ളത് ടൂര്‍ണമെന്റിന്റെ സഹആതിഥേയരായ മെക്‌സിക്കോയെയാണ്. ജൂലൈ 5ന് മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്‌ടെക്ക സ്‌റ്റേഡിയത്തിലാണ് ഈ വമ്പന്‍ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെയും റൗണ്ട് ഓഫ് 32ലെയും എല്ലാ മത്സരങ്ങളും ജയിച്ച്‌ മികച്ച ഫോമിലാണ് മെക്‌സിക്കോ വരുന്നത്. അവസാന മത്സരത്തില്‍ അവര്‍ ഇക്വഡോറിനെ 20 ന് പരാജയപ്പെടുത്തിയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 2,240 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്‌ടെക്ക സ്‌റ്റേഡിയത്തിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുക എന്നത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ ഓക്‌സിജന്റെ അളവും പന്തിന്റെ വേഗത വ്യത്യാസപ്പെടുന്നതും മത്സരത്തെ സ്വാധീനിച്ചേക്കാം.

റൗണ്ട് ഓഫ് 32ല്‍ കോംഗോക്കെതിരെ പതറിയ ശേഷമാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. മത്സരത്തിന്റെ 7-ാം മിനിറ്റില്‍ ബ്രയാന്‍ സിംപെംഗ നേടിയ ഗോളില്‍ പിന്നിലായ ഇംഗ്ലണ്ടിനെ നായകന്‍ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളാണ് രക്ഷിച്ചത്. 75-ാം മിനിറ്റിലും പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ 86-ാം മിനിറ്റിലും കെയ്ന്‍ നേടിയ ഗോളുകളിലൂടെ നാടകീയമായ കംബാക്ക് വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ അവസാന നിമിഷ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് മെക്‌സിക്കോയെ നേരിടാന്‍ ഒരുങ്ങുന്നത്.

കാണികളുടെ മനം കവര്‍ന്ന ശേഷമാണ് കോംഗോ പരാജയം സമ്മതിച്ചത്. ഹാരി കെയ്‌നിന്റെ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലണ്ട് ഒടുവില്‍ ജയിച്ചുകയറിയെങ്കിലും, കളിയിലെ യഥാര്‍ത്ഥ ഹീറോ കോംഗോ കീപ്പര്‍ എംപാസിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കും. മത്സരത്തിനിടയില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ങാം എംപാസിയെ കെട്ടിപ്പിടിച്ച്‌ ആദരവ് പ്രകടിപ്പിച്ചത് തന്നെ ഇതിനുദാഹരണമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily