ചെന്നൈ: തമിഴ്നാട്ടിലെ 52 പ്രമുഖ ക്ഷേത്രങ്ങളില്‍ സ്മാർട്ട്ഫോണ്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തി വിജയ് സർക്കാർ.
ക്ഷേത്രങ്ങള്‍ക്കുള്ളില്‍വച്ച് ചിത്രങ്ങളും റീല്‍സും പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുന്നത് പതിവായതോടെയാണ് കർശന നടപടിയെന്ന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് മന്ത്രി രമേഷ് വ്യക്തമാക്കി. പുതിയ നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ക്ഷേത്രങ്ങളുടെ ശാന്തമായ അന്തരീക്ഷം സംരക്ഷിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമറയില്ലാത്ത സാധാരണ മൊബൈല്‍ ഫോണുകള്‍ കൈവശംവയ്‌ക്കാൻ ഭക്തർക്ക് അനുമതിയുണ്ടായിരിക്കും. നിലവില്‍ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനായി ക്ഷേത്രപ്രവേശന കവാടങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും അഞ്ച് രൂപ എന്ന നിരക്കില്‍ ടോക്കണ്‍ ഫീസ് ഈടാക്കുകയും ചെയ്യും. ഫോണ്‍ നല്‍കുമ്പോള്‍ ഭക്തർക്ക് ടോക്കണോ രസീതോ നല്‍കും. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോള്‍ ഇത് കാണിച്ച് ഫോണ്‍ തിരികെ വാങ്ങാം.
കാഞ്ചീപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി-അതി വരദർ ക്ഷേത്രത്തില്‍ പുതിയ സംവിധാനം വിജയകരമായി നടപ്പില്ലാക്കിയതായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെന്റ് അറിയിച്ചു. ഇവിടെ കമ്പ്യൂട്ടറില്‍ ഭക്തരുടെ ഫോട്ടോയും മൊബൈല്‍ ഫോണ്‍ വിവരങ്ങളും രജിസ്റ്റർ ചെയ്താണ് ഫോണുകള്‍ സൂക്ഷിക്കുന്നത്. അതേസമയം, ഭക്തരുടെ തിരക്ക് വർദ്ധിക്കുമ്പോള്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂ ഉണ്ടാകാൻ സാദ്ധ്യതയുളളതിനാല്‍ കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

