Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

ഗ്രാമങ്ങളുടെയും കാര്‍ഷിക മേഖലകളുടെയും ജനസമൂഹങ്ങളുടെയും ജീവനാഡിയാണ് ജലം. അത് ഉപജീവനമാര്‍ഗ്ഗങ്ങളെ പരിപോഷിപ്പിക്കുകയും ആവാസവ്യവസ്ഥകളെ നിലനിര്‍ത്തുകയും മാനവ വികസനത്തിന്റെ ഓരോ ഘട്ടത്തെയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

അതിനാല്‍, ഈ അമൂല്യ വിഭവത്തെ സംരക്ഷിക്കുക എന്നത് ഒരു പാരിസ്ഥിതിക ഉത്തരവാദിത്തം മാത്രമല്ല, നമ്മളോരോരുത്തരും ഏറ്റെടുക്കേണ്ട ദേശീയ കടമ കൂടിയാണ്.

പേയ്ജല്‍ കാ സമ്മാന്‍ ഔര്‍ സംരക്ഷണ്‍

പങ്കാളിത്ത ഉത്തരവാദിത്തമാണ് ‘ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി: ക്യാച്ച്‌ ദി റെയിന്‍ 2026’ പ്രചാരണവുമായി സംയോജിപ്പിച്ച്‌, ജൂലൈ 21 മുതല്‍ ആഗസ്ത് 4 വരെ കുടിവെള്ള-ശുചിത്വ വകുപ്പ് രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ‘പേയ്ജല്‍ കാ സമ്മാന്‍ ഔര്‍ സംരക്ഷണ്‍’ എന്ന ക്യാമ്പയിന്റെ കാതല്‍. ‘മന്‍ കീ ബാത്തിന്റെ’ 135-ാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ‘ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി’ ആഹ്വാനത്തെ മുന്‍നിര്‍ത്തിക്കൊണ്ട്; മഴവെള്ള സംഭരണം, ഭൂഗര്‍ഭജല പുനരുജ്ജീവനം, റീചാര്‍ജ് സംവിധാനങ്ങളുടെ നിര്‍മ്മാണം, ഉറവിട സുസ്ഥിരത, ജനപങ്കാളിത്തം എന്നിവ രാജ്യത്തുടനീളം ശക്തിപ്പെടുത്താന്‍ ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. കുടിവെള്ള സംരക്ഷണം ആരംഭിക്കുന്നത് അതിന്റെ ഉറവിടങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നാണെന്ന തത്ത്വമാണ് ഇതിന്റെ അടിത്തറ.

പാരമ്പര്യവും ആധുനിക വെല്ലുവിളികളും

ലോകജനസംഖ്യയുടെ 18 ശതമാനത്തോളം ഭാരതത്തിലാണ് വസിക്കുന്നത്; എന്നാല്‍ ലോകത്തിലെ ശുദ്ധജല വിഭവങ്ങളുടെ 4 ശതമാനം മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, നഗരവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ നമ്മുടെ ജലസ്രോതസ്സുകളില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

ആധുനിക എഞ്ചിനീയറിങ് നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ, പടിഞ്ഞാറന്‍ ഇന്ത്യയിലെ പടവുകിണറുകള്‍, രാജസ്ഥാനിലെ ‘ജോഹഡുകള്‍’, തെക്കേ ഇന്ത്യയിലെ ക്ഷേത്രക്കുളങ്ങള്‍ എന്നിവ പോലെ അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ജലസംഭരണ സംവിധാനങ്ങള്‍ നമ്മുടെ ജനസമൂഹങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. ഇന്ന്, ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച്‌ ഈ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കാനും സാധിക്കും.

ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി

‘ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി: ക്യാച്ച്‌ ദി റെയിന്‍’ സമൂഹം, ചെലവ്, സിഎസ്‌ആര്‍ എന്നീ 3 സാമ്പത്തിക-സാമൂഹിക തത്ത്വങ്ങളില്‍ ഊന്നി നിന്നുകൊണ്ട് ലളിതവും ശാസ്ത്രീയവുമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ജനപങ്കാളിത്തത്തിലൂടെ കൃത്രിമ ഭൂഗര്‍ഭജല പുനരുജ്ജീവന സംവിധാനങ്ങളും ജലസംഭരണികളും നിര്‍മ്മിക്കാന്‍ ഇത് പ്രേരണ നല്‍കുന്നു. ഗ്രാമീണ കുടിവെള്ള വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത കൃത്യമായി വിലയിരുത്താന്‍ ‘ജല്‍ സേവാ ആകലന്‍’ ഗ്രാമപഞ്ചായത്തുകളെ പ്രാപ്തരാക്കുന്നു.

ജല്‍ ജീവന്‍ മിഷന്റെ നേട്ടങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍, ജല്‍ ജീവന്‍ മിഷന്‍ ഗ്രാമീണ ഭാരതത്തിന്റെ കുടിവെള്ള മേഖലയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇന്ന്, 15.8 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വഴി കുടിവെള്ളം ലഭ്യമാണ്. ദൂരെയുള്ള ഉറവിടങ്ങളില്‍ നിന്ന് വെള്ളം ചുമന്നു കഷ്ടപ്പെട്ടിരുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ ജീവിതത്തില്‍ ഇത് വലിയ ആശ്വാസമായി.

മെച്ചപ്പെട്ട കുടിവെള്ള ലഭ്യത ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഗ്രാമീണ ജീവിതത്തിന് കൂടുതല്‍ അന്തസ്സും സൗകര്യവും നല്‍കുകയും ചെയ്തു. ജല്‍ ജീവന്‍ മിഷന്‍ 2.0 ഈ നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, വരും പതിറ്റാണ്ടുകളിലും ഈ സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുമെന്നും ഉറപ്പാക്കുന്നു.

ഗ്രാമതലത്തിലെ ജനകീയ മുന്നേറ്റങ്ങള്‍

ഗ്രാമങ്ങളിലുടനീളം ജലസംരക്ഷണം ഒരു കൂട്ടായ പ്രസ്ഥാനമായി മാറുകയാണ്.

പ്രതിജ്ഞയും ചര്‍ച്ചകളും: ഗ്രാമപഞ്ചായത്തുകള്‍ പ്രദേശവാസികളെ പ്രാദേശിക ജലസ്രോതസ്സുകള്‍ക്ക് സമീപം അണിനിരത്തി ‘ഹര്‍ ഘര്‍ ജല്‍ – ജല്‍ സംരക്ഷണ്‍ സങ്കല്‍പ്പ്’ പ്രതിജ്ഞ എടുപ്പിക്കുന്നു. ‘ജല്‍ ചൗപ്പാലുകള്‍’ വഴി ഗ്രാമപഞ്ചായത്ത് വികസന പ്ലാനുകളില്‍ ജല ബജറ്റിംഗ് ഉള്‍പ്പെടുത്താന്‍ ‘പാനി സമിതികള്‍’ നേതൃത്വം നല്‍കുന്നു.

ജനകീയ യജ്ഞങ്ങള്‍: കിണറുകളും കുളങ്ങളും വൃത്തിയാക്കല്‍, വിബി-ജി-റാം ജി. ഡിഎംഎഫ്, വാട്ടര്‍ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം, എസ്.ബി.എം(ജി) തുടങ്ങിയ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ റീചാര്‍ജ് സംവിധാനങ്ങള്‍ നിര്‍മ്മിക്കല്‍, വൃക്ഷത്തൈ നടീല്‍ എന്നിവ നടന്നു വരുന്നു.

വികേന്ദ്രീകൃത ആസൂത്രണവും സാങ്കേതികവിദ്യയും

ദീര്‍ഘകാല കുടിവെള്ള സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ക്കായി ‘ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം’ പ്ലാറ്റ്ഫോം ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിഭവങ്ങളും ജനങ്ങളുടെ പ്രാദേശിക അറിവും കൂട്ടായ പ്രവര്‍ത്തനവും ഒന്നിക്കുമ്പോള്‍, വര്‍ത്തമാനകാല തലമുറയ്‌ക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സുസ്ഥിരമായ കുടിവെള്ള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കുന്നു.

ഭാവിയിലേക്ക്: വികസിത ഭാരതം @2047

ജല്‍ ജീവന്‍ മിഷന് കീഴിലുള്ള 8.6 ലക്ഷം കോടി രൂപയുടെ നിക്ഷേപം അഭൂതപൂര്‍വ്വമായ ഗ്രാമീണ കുടിവെള്ള അടിസ്ഥാന സൗകര്യങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിന്റെ ദീര്‍ഘകാല വിജയം സ്വന്തം കുടിവെള്ള പദ്ധതികളുടെ ഉടമസ്ഥത ഏറ്റെടുക്കാന്‍ ഗ്രാമീണ ജനസമൂഹങ്ങളെ പ്രാപ്തരാക്കുന്നതിലാണ് നിലകൊള്ളുന്നത്. മഴവെള്ളം സംഭരിക്കുന്നതിനും, ഭൂഗര്‍ഭജലം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഓരോ ശ്രമവും’ഹര്‍ ഘര്‍ ജല്‍’ എന്ന ലക്ഷ്യത്തിന്റെ അടിത്തറ ദൃഢമാക്കുന്നു. ‘വികസിത ഭാരതം @2047’ എന്ന കാഴ്ചപ്പാടിലേക്ക് ഭാരതം മുന്നേറുമ്പോള്‍, സുസ്ഥിരമായ ജലപരിപാലനം ജനപങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയാവുകയും ഓരോ പൗരനും ജലസമൃദ്ധമായ ഒരു രാഷ്‌ട്രത്തിനായി മുന്നിട്ടിറങ്ങുകയും വേണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily