വേഗത പണം കൊണ്ടുവരുന്നതിനാല്‍ കൊച്ചിയിലെ സ്വകാര്യ ബസുകള്‍ മത്സരിച്ചോടുന്നു. നഗരത്തിലെ റോഡുകളില്‍ മനുഷ്യര്‍ക്ക് നടക്കാന്‍ ഇടമില്ല.
ജീവനെടുക്കുന്നവര്‍ക്ക് ജാമ്യത്തിലിറങ്ങിപ്പോകാന് നിയമം വഴിയൊരുക്കുന്നു. എന്നാല്‍ ഈ മൂന്ന് പ്രശ്നങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ.
ബുധനാഴ്ച രാവിലെ അക്ഷര ചെയ്തതെല്ലാം ശരിയായിരുന്നു. ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍ഫോപാര്‍ക്കിലെ ആ ഇരുപത്തൊന്‍പതുകാരി, കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡിന്റെ ഏറ്റവും അരിക് ചേര്‍ന്നാണ് നടന്നിരുന്നത്; കാരണം നടക്കാന്‍ മറ്റൊരിടവും ഉണ്ടായിരുന്നില്ല. അമിതവേഗത്തിലെത്തിയ ഒരു സ്വകാര്യ ബസ് അവരെ ഇടിച്ചുവീഴ്ത്തി, ദേഹത്തുകൂടി കയറിയിറങ്ങി. മണിക്കൂറുകള്‍ക്കകം അവര്‍ മരണത്തിന് കീഴടങ്ങി.
ഇതൊരു യാദൃച്ഛിക അപകടമല്ല. പതിറ്റാണ്ടുകളായി കൊച്ചി സഹിച്ചുപോരുന്ന മൂന്ന് വീഴ്ചകളുടെ പ്രവചനീയമായ ഫലമാണിത്: വേഗതയ്ക്ക് പ്രതിഫലം നല്കുന്ന ബസ് സംവിധാനം, മനുഷ്യര്‍ക്ക് ഇടമില്ലാത്ത റോഡുകള്‍, അശ്രദ്ധമായ ഡ്രൈവിംഗിലൂടെയുള്ള കൊലപാതകങ്ങളെ ലാഘവത്തോടെ കാണുന്ന നിയമം.
കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2025-ല്‍ കേരളത്തില്‍ 49,889 റോഡപകടങ്ങള്‍ ഉണ്ടായി. അവയില്‍ 3,733 പേര് മരിക്കുകയും 56,922 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതായത് ദിവസവും ശരാശരി 137 അപകടങ്ങളും പത്ത് മരണങ്ങളും! 2020-ല്‍ ഇത് പ്രതിദിനം 76 അപകടങ്ങള്‍ മാത്രമായിരുന്നു. കേരള പൊലീസിന്റെ കണക്കുകളില്‍ സംസ്ഥാനത്തെ അപകടപ്പട്ടികയില് ഒന്നാമത് എറണാകുളം റൂറലാണ്. കൊച്ചി സിറ്റിയും തൊട്ടുപിന്നിലുണ്ട്. 2021-ല്‍ സ്വകാര്യ ബസുകള്‍ 919 അപകടങ്ങള്‍ക്കും 115 മരണങ്ങള്‍ക്കും കാരണമായെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കെ.എസ്.ആര്.ടി.സി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ ഏകദേശം മൂന്നിരട്ടിയാണിത്.
എന്തുകൊണ്ടാണ് ബസുകള്‍ മത്സരിച്ചോടുന്നത്? സ്വകാര്യ ബസുകളുടെ വരുമാനം യാത്രക്കാരുടെ എണ്ണത്തെ ആശ്രയിച്ചാണ്. സ്റ്റോപ്പില്‍ ആദ്യമെത്തുന്ന ബസിനാണ് കൂടുതല്‍ യാത്രക്കാരെ കിട്ടുക. 2026 സപ്തം ബര് 24-ന് കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചും ഇതുതന്നെയാണ് നിരീക്ഷിച്ചത്. അശാസ്ത്രീയമായ സമയക്രമവും യാത്രക്കൂലിയെ മാത്രം ആശ്രയിക്കുന്ന വരുമാനരീതിയുമാണ് മത്സരയോട്ടത്തിനും അമിതവേഗത്തിനും കാരണമെന്ന് കോടതി വിലയിരുത്തി. വേഗത ഒരു സാമ്പത്തിക പ്രലോഭനമല്ലാതാക്കാന് ഘടനാപരമായ പരിഷ്കാരം വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ആ പരിഷ്കാരം എത്രത്തോളം ദുഷ്കരമാണെന്ന് എനിക്ക് നേരിട്ടറിയാം. കൊച്ചി മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ ബസ് റൂട്ടുകള്‍ ശാസ്ത്രീയമായി നിശ്ചയിക്കാന്‍ ഞങ്ങള്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍ സ്വകാര്യ ബസ് ഉടമകളുടെ ലോബി അതിന് അനുവദിച്ചില്ല. ഗ്രേറ്റര്‍ കൊച്ചിയിലെ ബസ് റൂട്ട് പുനഃക്രമീകരണ പദ്ധതി പിന്നീട് സ്തംഭിച്ചു. മെട്രോ നിര്‍മ്മാണം മൂലമുള്ള ഗതാഗതക്കുരുക്ക് മറികടക്കാന്‍ കാക്കനാട്ടെ ബസുകള്‍ പെര്‍മിറ്റില്ലാതെ ഇടുങ്ങിയ ഉള്‍റോഡുകളിലൂടെ ഓടുന്നതായി കഴിഞ്ഞ ആഴ്ചയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
രണ്ടാമത്തെ വീഴ്ച നമ്മുടെ റോഡുകളുടേതാണ്. അവയ്ക്ക് ഒരു ശ്രേണീക്രമവുമില്ല. പ്രധാന പാതകളും ഇടറോഡുകളും ചെറു വഴികളും തമ്മില്‍ വേര്‍തിരിവില്ലാതെ ഒന്നായി മാറുന്നു. ബസുകളും ലോറികളും ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും ഒരേ ഇടുങ്ങിയ പാതയില്‍ ഞെരുങ്ങുന്നു. ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസിന്റെ മാനദണ്ഡപ്രകാരം ഓരോ ലൈനിനും 3.5 മീറ്റര്‍ വീതി വേണം. നടപ്പാതയ്ക്ക് താമസമേഖലകളില്‍ കുറഞ്ഞത് 1.8 മീറ്ററും വ്യാപാരമേഖലകളില്‍ 2.5 മീറ്ററും വീതി ഉണ്ടായിരിക്കണം. ഇന്‍ഫോപാര്‍ക്ക് റോഡിലൂടെയോ കാക്കനാട്-ഇടച്ചിറ റോഡിലൂടെയോ ഒന്ന് നടന്നുനോക്കൂ; അങ്ങനെയൊരു നടപ്പാത കണ്ടെത്താനാകുമോ?
ഇതിന് തൃക്കാക്കര നഗരസഭ മറുപടി പറയണം. ഓരോ ദിവസവും ആയിരക്കണക്കിന് യുവ പ്രൊഫഷണലുകളാണ് ഇന്‍ഫോപാര്‍ക്കിലൂടെ നഗരസഭാ പരിധിയിലെത്തുന്നത്. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നതോ തകര്‍ന്ന സ്ലാബുകളും റോഡരികുകളും പാഞ്ഞടുക്കുന്ന ബസുകളും മാത്രം. ആസൂത്രിത നഗര നവീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് തൃക്കാക്കര. യുക്തിസഹമായ റോഡ് ശ്രേണി, വീതികൂട്ടിയ കവലകള്‍, തുടര്‍ച്ചയായ നടപ്പാതകള്‍, സുരക്ഷിതമായ ക്രോസിംഗുകള്‍, ശരിയായ ബസ് ബേകള്‍ എന്നിവ ഇവിടെ അത്യന്താപേക്ഷിതമാണ്. ഇതൊന്നും ആഡംബരമല്ല, ഒരു നഗരസഭ ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ്.
മൂന്നാമത്തെ വീഴ്ച ലഹരി ഉപയോഗവും ശിക്ഷാനിയമങ്ങളിലെ അയവുമാണ്. ബ്രെത്ത് അനലൈസറിന് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനാകും, എന്നാല്‍ ലഹരിമരുന്നുകള്‍ കണ്ടെത്താനാകില്ല. എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ അഞ്ച് മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ഉമിനീര് പരിശോധനാ കിറ്റുകള്‍ 2023-ല്‍ ആദ്യമായി അവതരിപ്പിച്ചത് കേരള പൊലീസാണ്. എന്നാല്‍ അവ പതിവായി ഉപയോഗിക്കുന്നില്ല. ഓരോ ബസ് ഡ്രൈവറെയും ഷിഫ്റ്റ് തുടങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും പരിശോധിക്കണം.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 106(1) പ്രകാരം അശ്രദ്ധ മൂലമുള്ള മരണം ഇപ്പോഴും ജാമ്യം ലഭിക്കുന്ന കുറ്റമാണ്; പരമാവധി ശിക്ഷ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് മാത്രം. രാവിലെ ഒരാളുടെ ജീവനെടുക്കുന്ന ഡ്രൈവര്‍ക്ക് വൈകുന്നേരത്തോടെ വീട്ടിലെത്താം. അക്ഷരയുടെ കേസില്‍ പൊലീസ് നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതായിരിക്കണം ഇനിമുതല്‍ പതിവ്.
പരിഹാരങ്ങള്‍ നമുക്കറിയാം:
യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചല്ല, ഓടുന്ന കിലോമീറ്ററിനനുസരിച്ച് ബസ് ഉടമകള്‍ക്ക് പ്രതിഫലം നല്‍കുക (Gross Cost Model).
ബസ് റൂട്ട് പുനഃക്രമീകരണം പുനരാരംഭിക്കുകയും ലോബികളെ ഭയക്കാതെ പെര്‍മിറ്റ് വ്യവസ്ഥകള്‍ കശനമായി നടപ്പാക്കുകയും ചെയ്യുക.
എല്ലാ ബസുകളിലും പ്രവര്‍ത്തനക്ഷമമായ സ്പീഡ് ഗവര്‍ണറും ജി.പി.എസും ഘടിപ്പിച്ച് തത്സമയം നിരീക്ഷിക്കുക.
ബസ് ജീവനക്കാര്‍ക്ക് ബ്രെത്ത് ടെസ്റ്റും ഉമിനീര് പരിശോധനയും നിര്‍ബന്ധമാക്കുക.
ദേശീയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയമായി നടപ്പാതകള്‍ നിര്‍മ്മിക്കുക.
അശ്രദ്ധമായ വാണിജ്യ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന മരണം ജാമ്യമില്ലാ കുറ്റമാക്കി നിയമം ഭേദഗതി ചെയ്യുക. ഒപ്പം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും ബസ് ഉടമയെക്കൂടി ഉത്തരവാദിയാക്കുകയും ചെയ്യുക.
ബുധനാഴ്ച രാവിലെ അക്ഷര വീട്ടിലെത്തേണ്ടതായിരുന്നു. കൊച്ചിക്ക് ഇനിയും മരണങ്ങള് എണ്ണിക്കൊണ്ടിരിക്കാം, അല്ലെങ്കില്‍ ജീവന് വിലകല്‍പ്പിക്കുന്ന തെരുവുകള്‍ പണിയാം. നമ്മള് നിശ്ശബ്ദമായി വിലാപം നടത്തുന്ന അവസാനത്തെ ഇരയാകട്ടെ അക്ഷര.
(ലേഖിക നഗരാസൂത്രണ വിദഗ്ധയും പൊതുനയ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളുമാണ്. നഗരവികസനത്തിലും ഭരണനിര്‍വഹണത്തിലും 26 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള ഇവര്‍ കൊച്ചി മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.)

