Dailyhunt
ജ്യോതിഷവും നക്ഷത്രങ്ങളും

ജ്യോതിഷവും നക്ഷത്രങ്ങളും

പുരാതന പുരാണങ്ങളുടെ ഉപപുരാണമാണ് ജ്യോതിഷം. പുരാണങ്ങളില്‍ പലതിലും ജ്യോതിഷം വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്.

പുരാണങ്ങള്‍ കഥാരൂപേണ മനുഷ്യമനുസുകളില്‍ നിന്നു മായാത്തവിധം കൃത്യമായി ഗണിതശാസ്ത്രത്തിലൂടെ ഒരുസൃഷ്ടിയുടെ മൂന്നു കാലങ്ങളെ സമയബന്ധിതമായി നക്ഷത്ര ഗ്രഹോപഗ്രഹങ്ങളുടെ സ്ഥിതിയും സഞ്ചാരവും അടിസ്ഥാനപ്പെടുത്തി ഗണിച്ചെടുത്തവയാണ് ജ്യോതിഷ സിദ്ധാന്തങ്ങള്‍. ഇത് പ്രഗത്ഭരായ ഋഷിമാരാല്‍ വിരചിതമാണ്.

18 ജ്യോതിഷാചാര്യന്മാര്‍
പുരാണങ്ങള്‍ അനുസരിച്ച്‌ ജ്യോതിഷം ലോകത്തിന് നല്‍കിയ 18 ആചാര്യന്മാര്‍ ഇവരാണ്:
1. സൂര്യന്‍
2. പിതാമഹന്‍ (ബ്രഹ്‌മാവ്)
3. വ്യാസന്‍
4. വസിഷ്ഠന്‍
5. അത്രി
6. പരാശരന്‍
7. കശ്യപന്‍
8. നാരദന്‍
9. ഗര്‍ഗ്ഗന്‍
10. മരീചി
11. മനു
12. അംഗിരസ്സ്
13. ലോമശന്‍
14. പൗലസ്ത്യന്‍
15. ച്യവനന്‍
16. യവനന്‍
17. ഭൃഗു
18. ശൗനകന്‍.
പുരാണങ്ങളില്‍ പലതിലും ജ്യോതിഷത്തിന്റെ വിശദാംശങ്ങള്‍ കാണാം

വിഷ്ണുപുരാണം

പരാശര മഹര്‍ഷി രചിച്ചതാണെന്ന് കരുതപ്പെടുന്ന വിഷ്ണുപുരാണത്തിലാണ് ജ്യോതിഷത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഉല്പത്തി, കാലഗണന (യുഗങ്ങള്‍, മന്വന്തരങ്ങള്‍), നക്ഷത്രമണ്ഡലങ്ങള്‍, ഗ്രഹങ്ങളുടെ ചലനം എന്നിവയെക്കുറിച്ച്‌ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഭഗവത പുരാണം (ശ്രീമദ് ഭാഗവതം)

കാലത്തെക്കുറിച്ചുള്ള സൂക്ഷ്മമായ കണക്കുകള്‍ ഇതിലുണ്ട്. ‘പരമാണു’ മുതല്‍ ‘കല്പം’ വരെയുള്ള സമയദൈര്‍ഘ്യവും, സൂര്യന്റെയും ചന്ദ്രന്റെയും സഞ്ചാരപഥങ്ങളും ഭാഗവതത്തില്‍ വിവരിക്കുന്നു. അഞ്ചാം സ്‌കന്ധത്തിലാണ് ജ്യോതിശാസ്ത്രപരമായ വിവരങ്ങള്‍ കൂടുതലായുള്ളത്.

നാരദ പുരാണം
ജ്യോതിഷത്തിന്റെ മൂന്ന് പ്രധാന ശാഖകളെക്കുറിച്ച്‌ (സിദ്ധാന്തം, സംഹിത, ഹോര) നാരദപുരാണത്തില്‍ വ്യക്തമായി വിവരിക്കുന്നുണ്ട്. ജ്യോതിഷ പഠനത്തിന് ഏറ്റവും ആധികാരികമായ പുരാണങ്ങളില്‍ ഒന്നാണിത്.

മത്സ്യപുരാണം
വാസ്തുശാസ്ത്രത്തോടൊപ്പം തന്നെ ജ്യോതിഷത്തിനും ഈ പുരാണം വലിയ പ്രാധാന്യം നല്‍കുന്നു. ഗ്രഹശാന്തികള്‍, മുഹൂര്‍ത്തങ്ങള്‍ എന്നിവയെക്കുറിച്ച്‌ ഇതില്‍ പ്രതിപാദ്യമുണ്ട്.

അഗ്‌നിപുരാണം
ഇതൊരു വിജ്ഞാനകോശം പോലെയാണ്. ജ്യോതിഷം, യുദ്ധതന്ത്രങ്ങള്‍, ഔഷധങ്ങള്‍ എന്നിവയോടൊപ്പം ഗ്രഹനില നോക്കുന്ന രീതിയും ഇതില്‍ വിവരിക്കുന്നു. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി കാലഗണന നടത്തുമ്പോള്‍ ഇവയെ ശരിയായുള്‍ക്കൊള്ളാന്‍ പാകത്തിനാണ് കഥകളിലൂടെ ഭംഗ്യന്തരേണ കൃത്യമായി വിവരിച്ചിരിക്കുന്നത്.

നക്ഷത്രങ്ങളും ദക്ഷപ്രജാപതിയും തമ്മിലുള്ള ബന്ധം പുരാണങ്ങളിലെ വളരെ മനോഹരവും എന്നാല്‍ അല്പം സങ്കീര്‍ണ്ണവുമായ ഒരു കഥയാണ്. ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങള്‍ എങ്ങനെ ഉണ്ടായി എന്നും അവയ്‌ക്ക് ചന്ദ്രനുമായുള്ള ബന്ധം എന്താണെന്നും ഈ കഥ വിശദീകരിക്കുന്നു.

ദക്ഷന്റെ പുത്രിമാര്‍

പുരാണങ്ങള്‍ അനുസരിച്ച്‌, ദക്ഷപ്രജാപതിക്ക് അറുപതോളം പുത്രിമാരുണ്ടായിരുന്നു. അതില്‍ 27 പേരെ അദ്ദേഹം ചന്ദ്രന് (സോമന്‍) വിവാഹം കഴിച്ചു കൊടുത്തു. ഈ 27 പേരാണ് നാം ഇന്ന് കാണുന്ന അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍.

വിവാഹസമയത്ത് എല്ലാ ഭാര്യമാരെയും ഒരുപോലെ സ്‌നേഹിക്കുമെന്ന് ചന്ദ്രന്‍ ദക്ഷന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ചന്ദ്രന് 27 പേരില്‍ രോഹിണിയോടായിരുന്നു ഏറ്റവും കൂടുതല്‍ പ്രിയം. അദ്ദേഹം ഭൂരിഭാഗം സമയവും രോഹിണിക്കൊപ്പം ചെലവഴിക്കുകയും മറ്റ് 26 സഹോദരിമാരെയും അവഗണിക്കുകയും ചെയ്തു.

തങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച്‌ മറ്റ് പുത്രിമാര്‍ പിതാവായ ദക്ഷനോട് പരാതിപ്പെട്ടു. ദക്ഷന്‍ പലതവണ ചന്ദ്രനെ തിരുത്താന്‍ ശ്രമിച്ചെങ്കിലും ചന്ദ്രന്‍ തന്റെ ശീലം മാറ്റിയില്ല. ഇതില്‍ ക്രുദ്ധനായ ദക്ഷന്‍, ചന്ദ്രന്‍ ‘ക്ഷയരോഗം’ ബാധിച്ചു നശിച്ചുപോകട്ടെ എന്ന് ശപിച്ചു.

ശാപം കാരണം ചന്ദ്രന്റെ പ്രകാശം ഓരോ ദിവസവും കുറഞ്ഞു കുറഞ്ഞു വന്നു. പരിഭ്രാന്തനായ ചന്ദ്രന്‍ ശിവനെ അഭയം പ്രാപിച്ചു. ശിവന്‍ ചന്ദ്രനെ തന്റെ ജടയില്‍ ചൂടുകയും
പൂര്‍ണ്ണമായി നശിച്ചുപോകാതെ സംരക്ഷിക്കുകയും ചെയ്തു. എങ്കിലും ദക്ഷന്റെ ശാപം പൂര്‍ണ്ണമായി മാറ്റാന്‍ കഴിയില്ലായിരുന്നു.

അതുകൊണ്ടാണ് ചന്ദ്രന്‍ 15 ദിവസം ക്ഷയിക്കുന്നതായും (കറുത്തപക്ഷം) അടുത്ത 15 ദിവസം വളരുന്നതായും (വെളുത്തപക്ഷം) കാണപ്പെടുന്നത് എന്ന് പുരാണം പറയുന്നു.

ജ്യോതിഷപരമായ പ്രാധാന്യം
ഈ പുരാണകഥയ്‌ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്: ചന്ദ്രന്റെ സഞ്ചാരം: ചന്ദ്രന്‍ ഏകദേശം ഒരു ദിവസം ഒരു നക്ഷത്രത്തില്‍ എന്ന കണക്കില്‍ 27 ദിവസം കൊണ്ട് 27 നക്ഷത്രങ്ങളിലൂടെയും കടന്നുപോകുന്നു.

രോഹിണി നക്ഷത്രം: ജ്യോതിഷത്തില്‍ രോഹിണി നക്ഷത്രത്തിന് ചന്ദ്രന്റെ ഉച്ചക്ഷേത്രം (ഏറ്റവും ബലമുള്ള സ്ഥാനം) ആയി കണക്കാക്കുന്നത് ഈ കഥയുടെ പശ്ചാത്തലത്തിലാണ്.

ഋഷിമാര്‍ ഭൂമിയെ സ്ഥിരമാക്കിയും സൂര്യനടക്കമുള്ളവയെ ഗ്രഹമായും നിലനിര്‍ത്തിയാണ് ജ്യോതിഷ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. ഇതിലെ ബൃഹത്തായ ഒരുപാടു തത്ത്വങ്ങള്‍ മനസിലാക്കാത്തവരാണ് ഇതില്‍ തര്‍ക്കം ഉന്നയിക്കുന്നത്. ഇവിടെ ഭൂമിയിലെ ചരാചരാടിസ്ഥാനമാണ് ജ്യോതിഷം. ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് കാലഗണന. ഇവിടെ ചന്ദ്രന്‍ കൂറുപുലര്‍ത്തുന്നവയെല്ലാം ഭൂമിക്കുചുറ്റുമുള്ളവയായതിനാല്‍ അപ്രകാരമേ കണക്കാക്കാന്‍ കഴിയു. അനന്തകോടി നക്ഷത്രങ്ങള്‍ ഭൂമിക്കുചുറ്റും നിലയുറച്ചവയാകയാല്‍ അവയെ ദൃശ്യാടിസ്ഥാനത്തില്‍ ഇരുപത്തേഴാകൃതിയില്‍ മനനംചെയ്തു ചിട്ടപ്പെടുത്തി. അവയ്‌ക്കാധാരമായി സമയക്രമവും നിശ്ചയിച്ചു. ഭൂമിയിലെ സകലചരാചരങ്ങളും ഗ്രഹോപഗ്രഹ നക്ഷത്രാടിസ്ഥാന സൃഷ്ടിയാകയാല്‍ അവയുടെ സ്വാധീനം അന്നേ അവര്‍ മനസിലാക്കിയാണ് ഈ സിദ്ധാന്തം രചിച്ചത്. നക്ഷത്ര ധൂളികള്‍ ആയി നാമടക്കമെന്ന് ഇന്നത്തെ ശാസ്ത്രം സ്ഥിരീകരിക്കുന്നതിനു കാലങ്ങള്‍ക്കു മുന്നേ ഋഷിമാരതു തിരിച്ചറിഞ്ഞിരുന്നു. അപ്രകാരമുള്ള ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് മറ്റു പുരാണേതിഹാസങ്ങളെപ്പോലെ ജ്യോതിഷവും അവര്‍ തയ്യാറാക്കിയത്. അവയിലെ കാലഗണനയും സ്വാധീനവും ഓരോ ചരാചരത്തിനും ബാധകമാണ്.

കഥോപകഥകളിലൂടെ ആണ് ഇത് അവതരിപ്പിച്ചതെങ്കിലും ഫലത്തില്‍ വളരെ കൃത്യത അവകാശപ്പെടാനുണ്ട്. ഓരോ ചരാചരത്തിന്റെ ഉത്ഭവവും തുടര്‍ന്നുവരുന്ന നക്ഷത്ര ഗ്രഹ സ്വാധീനവും അവയെ വ്യക്തമായി സ്വാധീനിക്കും. ദേവതോപസന ഏതൊന്നില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നുവോ അപ്രകാരം ഈ നക്ഷത്ര ഗ്രഹോപഗ്രഹങ്ങള്‍ ദേവതാ സങ്കല്പംപോലെ നമ്മേ സ്വാധീനിക്കും. വേലിയേറ്റവും വേലിയിറക്കവും ചന്ദ്രനാല്‍ ഭുമിയില്‍ എന്നപോലെ നമ്മുടെ ശാരീരികമായ എല്ലാ അവസ്ഥയിലും ഇവയെല്ലാം സ്വാധീനിക്കും. നട്ടുച്ച സമയത്തുണ്ടാകുന്ന മുറിവില്‍നിന്നും കൂടുതല്‍ രക്തപ്രവാഹം ഉണ്ടാകുന്നതുപോലെ. ഇപ്രകാരം പ്രത്യക്ഷമായും പരോക്ഷമായും ഇവയെല്ലാം നമ്മേ സ്വാധീനിക്കുന്നത് മുന്‍കൂട്ടിയറിഞ്ഞ് നമുക്കായി തന്നതാണ് ഈ അറിവുകളെല്ലാം. ഇവയെ തരംതിരിച്ചു മനസിലാക്കാതെ ആരോ എന്തോ പറയുന്നതാണു സത്യമെന്ന ധാരണയാണ് ഇന്നുള്ള പുരാണ അറിവുകളുടെ അധപ്പതനത്തിനു കാരണം. അതിശക്തമായൊരറിവ് മുനിമാരില്‍ അങ്കുരിക്കുമ്പോള്‍ അതിനെ മറ്റുള്ളവരിലേക്കു പകരാന്‍ ഒരോരുത്തരുടേതായ അറിവിന്റെ തലത്തിലൂടെ മാത്രമേ അതു പകരാനാകൂ അതിനായവര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗമത്രേ ദൃഷ്ടാന്തങ്ങള്‍. അതുമനസിലാക്കാതെ ദുര്‍വ്യാഖ്യാനം നടത്തുന്നത് അറിവില്ലായ്‌മകൊണ്ടു മാത്രമാണ്. ഇവിടെത്തന്നെ ഇരുപത്തേഴു നക്ഷത്രക്കൂട്ടത്തെ ദക്ഷപുത്രി
മാരായി അവതരിപ്പിച്ച്‌ കാലചക്രം തിരിക്കുമ്പോള്‍ അതുമനസിലാക്കാതെ ദക്ഷനു പുത്രിയൊ? ആരാണു ദക്ഷന്‍ അങ്ങനെ ഒരാളുണ്ടോ? തുടങ്ങിയ ചോദ്യമായി വിമര്‍ശകരെത്തും. ആധുനികശാസ്ത്രത്തിലും ഇത്തരം ചോദ്യങ്ങള്‍ അനവധിയാണ്. പ്രത്യേകിച്ചും ഗണിതത്തില്‍. ഇതേ അവസ്ഥയാണ് പുരാണത്തിലും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily