Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാലത്തെ കണ്ടറിഞ്ഞ കര്‍മ്മയോഗി

കാലത്തെ കണ്ടറിഞ്ഞ കര്‍മ്മയോഗി

അധീശശക്തികളാല്‍ അടിച്ചമർത്തപ്പെടുകയും മാനുഷിക പരിഗണനകള്‍ നിഷേധിക്കപ്പെടുകയും ചെയ്തവർ; അയിത്തവും തൊട്ടുകൂടായ്‌മയും കെട്ടിയേല്‍പിച്ച്‌ സാമൂഹിക ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവർ… ഈ പാർശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഇടയില്‍ നിന്ന് സൂര്യശോഭയോടെ ഉയർന്നുവന്ന സാമൂഹിക വിപ്ലവകാരിയാണ് മഹാത്മാ കാവാരികുളം കണ്ടൻകുമാരൻ (1863-1934).

സാമൂഹിക അസമത്വങ്ങളോട് നിരന്തരം കലഹിച്ചുകൊണ്ട്, തന്റെ ജനതയെ ഒരു ജ്ഞാനാധിഷ്ഠിത സമൂഹമാക്കാൻ സ്വന്തം പുരുഷായുസ്സ് സമർപ്പിച്ച കാലത്തിന്റെ കർമ്മസാക്ഷിയാണ് അദ്ദേഹം. മഹാത്മാ കാവാരികുളം കണ്ടൻകുമാരന്റെ 163-ാമത് ജയന്തി നാടെങ്ങും ഇന്ന് ആഘോഷിക്കുകയാണ്.
സവർണ്ണ ശാസനകളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട അസ്വാതന്ത്ര്യത്തിന്റെ കാലത്ത് കീഴാള ജനതയ്‌ക്ക് വിദ്യ നിഷേധിക്കപ്പെട്ടിരുന്നു. സർക്കാർ ഉത്തരവുകളെപ്പോലും കാറ്റില്‍പ്പറത്തിക്കൊണ്ട് ജാതിവെറി പൂണ്ട മേലാളന്മാർ പൊതു വിദ്യാലയങ്ങളുടെ വാതിലുകള്‍ അധഃസ്ഥിതർക്ക് മുന്നില്‍ കൊട്ടിയടച്ചു. എന്നാല്‍, ആ വെല്ലുവിളിയെ സധൈര്യം ഏറ്റെടുത്ത് തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ 52 ഏകാധ്യപക വിദ്യാലയങ്ങള്‍ സ്ഥാപിക്കാൻ കണ്ടൻകുമാരൻ മുൻകൈയെടുത്തു. അവിടങ്ങളില്‍ വിവിധ ജാതി-മതസ്ഥരായ അധ്യാപകരെ നിയമിച്ചുകൊണ്ട് കീഴാള ജനതയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം തിരികൊളുത്തി. 1911-ല്‍ ‘ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം’ രൂപീകരിച്ചുകൊണ്ടാണ് അദ്ദേഹം സമുദായ നവീകരണത്തിന് വിത്തുപാകിയത്.
തലമുറകളായി കുടിപാർത്തുപോരുന്ന ഭൂപ്രദേശങ്ങള്‍ കയ്യൂക്കിന്റെയും ജാത്യാധികാര മേല്‍ക്കോയ്‌മയുടെയും പിൻബലത്താല്‍ കവർന്നെടുക്കുന്നതിനെതിരെ ശ്രീമൂലം പ്രജാസഭയില്‍ കണ്ടൻ കുമാരൻ നടത്തിയ ഉജ്ജ്വല പോരാട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ‘ദാനപ്പതിവിലൂടെ’ ഭൂമിയുടെ ഉടമസ്ഥാവകാശം വീണ്ടെടുക്കാൻ സാഹസികമായ സമരസഞ്ചാരങ്ങള്‍ നടത്തിയ അദ്ദേഹം, സംസ്ഥാനത്തെ ഭൂമിരാഷ്‌ട്രീയത്തിന്റെ പിതൃസ്ഥാനീയനായി ഉയരുകയും ചെയ്തു.
സുരക്ഷിതമായ പാർപ്പിടം, മെച്ചപ്പെട്ട ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, വിഭവാധികാരം, ഭരണ പങ്കാളിത്തം, സാമ്പത്തിക ശാക്തീകരണം, അവസരസമത്വം എന്നിവയെല്ലാം ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടെങ്കിലും, അവ ലഭ്യമാക്കുന്നതില്‍ ഭരണകൂടങ്ങള്‍ കാട്ടുന്ന അലംഭാവം ഇന്നും തുടരുകയാണ്. ഇതേത്തുടർന്ന് പട്ടികവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നു. തുല്യത, ആനുപാതിക പ്രാതിനിധ്യം, രാഷ്‌ട്രീയ നീതി തുടങ്ങിയവ കേവലം മുദ്രാവാക്യങ്ങളായി മാത്രം അവശേഷിക്കുന്നു.
വംശീയ അവഹേളനങ്ങള്‍, വർണ്ണവിവേചനം, സർവ്വകലാശാലകളില്‍ ഗവേഷകരടക്കം അധഃസ്ഥിത വിഭാഗത്തിലെ വിദ്യാർത്ഥികള്‍ നേരിടേണ്ടിവരുന്ന ജാതീയ വിവേചനങ്ങള്‍, യഥാസമയം ലഭിക്കാത്ത സ്‌കോളർഷിപ്പുകള്‍, സർവ്വീസ് മേഖലയിലെ പ്രാതിനിധ്യക്കുറവ്, സാമ്പത്തിക അസമത്വം, ആത്മാഭിമാന സംരക്ഷണം എന്നിങ്ങനെ എത്രയോ വിഷയങ്ങളാണ് ഇനിയും പരിഹരിക്കപ്പെടാനുള്ളത്!
ഒന്നരപ്പതിറ്റാണ്ടുകാലം ശ്രീമൂലം പ്രജാസഭാംഗം എന്ന നിലയില്‍ കണ്ടൻകുമാരൻ നടത്തിയ സാർത്ഥകമായ ഇടപെടലുകള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെയൊക്കെ ആകെത്തുകയാണ്. അതുകൊണ്ടുതന്നെ, കാലത്തെ കണ്ടറിഞ്ഞ കർമ്മയോഗിയായ കണ്ടൻകുമാരൻ, അയ്യൻകാളി, പൊയ്‌കയില്‍ കുമാരഗുരുദേവൻ, കുറുമ്പൻ ദൈവത്താൻ, വെള്ളിക്കര ചോതി, രാമൻ ചേന്നൻ തുടങ്ങിയവരുടെയൊക്കെ കാലാതിവർത്തിയും സമകാലിക പ്രസക്തവുമായ ദർശനങ്ങളും സിദ്ധാന്തങ്ങളും പുതിയ തലമുറ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്.
അജ്ഞതയുടെ തടവറയില്‍ നിന്നും അടിമത്തത്തിന്റെ നുകത്തില്‍ നിന്നും പാർശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ മോചിപ്പിക്കാൻ ജീവിതം സമർപ്പിച്ച കണ്ടൻകുമാരൻ, നിർഭാഗ്യവശാല്‍ ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ തമസ്
കരിക്കപ്പെടുകയാണുണ്ടായത്. കേരള നവോത്ഥാനം സജീവ ചർച്ചയാകുമ്പോഴും കണ്ടൻകുമാരനെ ബോധപൂർവ്വം മാറ്റിനിർത്തുന്ന അവസ്ഥയുണ്ടായി. സത്യത്തിന്റെ സൂക്ഷ്മതലങ്ങള്‍ കണ്ടെത്തി വസ്തുനിഷ്ഠമായി രേഖപ്പെടുത്തിക്കൊണ്ട് കേരള നവോത്ഥാന ചരിത്രത്തെ പൂർണ്ണതയില്‍ എത്തിക്കേണ്ടതുണ്ട്.
കാലത്തിന്റെ ദിശാസൂചകങ്ങള്‍ മുൻകൂട്ടി ദർശിച്ച ആ കർമ്മയോഗിയെ മുഖ്യധാരാ ചരിത്രത്തിന്റെ പൂമുഖത്തേക്ക് എത്തിക്കാൻ ഇനി വൈകിക്കൂടാ.
(സാംബവ മഹാസഭ ജനറല്‍
സെക്രട്ടറിയാണ് ലേഖകൻ)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily