Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

രിത്രമുറങ്ങുന്ന കലിംഗഭൂമിയിലൂടെ വംഗദേശത്തിലേക്ക് ഒരു യാത്രയ്‌ക്കായി രാമതീര്‍ത്ഥവിജ്ഞാന്‍ ട്രസ്റ്റിന്റെ അമരക്കാരായ പ്രതാപന്‍, പ്രകാശന്‍ എന്നീ സഹോദരങ്ങള്‍ സംഘടിപ്പിച്ച തീര്‍ത്ഥയാത്രയില്‍ പങ്കെടുത്തത് ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കാനായിരുന്നു.

അങ്ങനെയാണ് 2026 ഫെബ്രുവരി 26 ന് ആരംഭിച്ച ആ യാത്രയില്‍ പങ്കെടുക്കുന്നത്. ട്രെയിനിലൂടെയും വിമാനത്തിലൂടെയും പല സ്ഥലങ്ങളില്‍ നിന്ന് വന്നവരെല്ലാം ഭുവനേശ്വറില്‍ ഒത്തുചേര്‍ന്നു.

ചരിത്രഗന്ധവും ഭക്തിസാന്ദ്രതയും നിറഞ്ഞ പാതകളിലൂടെയുള്ള ഈ യാത്ര ആരംഭിച്ചത് പഴയ കലിംഗ ദേശമായ ഇന്നത്തെ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നായിരുന്നു. മനസ്സിനെ ഒരു ദീര്‍ഘധ്യാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഭവമായിരുന്നു.

ആദ്യ ദിവസത്തെ യാത്ര ക്ഷേത്രനഗരിയായ ഭുവനേശ്വറിലെ പുണ്യ ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനായിരുന്നു. അവിടെ പ്രശസ്തമായതും ഏറെ പുരാതനവുമായ ലിംഗരാജ ക്ഷേത്രത്തിലെ ദിവ്യചൈതന്യത്തെ വണങ്ങി സായുജ്യമടഞ്ഞു. ശില്‍പ്പസൗന്ദര്യത്തിന്റെ മഹത്വവും, കാലത്തിന്റെ ക്ഷയത്തെ അതിജീവിച്ച ആത്മവൈഭവവും അവിടെ സ്പര്‍ശിക്കാന്‍ കഴിഞ്ഞു. അതു കൂടാതെ ഏറ്റവും പുരാതനമായ രാജാറാണി ക്ഷേത്രം, സഹോദരങ്ങളായ ശ്രീകൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്ന സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠകളുള്ള അനന്തനാഗവാസുദേവ ക്ഷേത്രം, 6-ാം നൂറ്റാണ്ടിനടുത്ത് പണികഴിപ്പിച്ചതായി വിശ്വസിക്കപ്പെടുന്ന പരശുരാമ ക്ഷേത്രം എന്നിവയും ദര്‍ശിക്കാന്‍ കഴിഞ്ഞു. അങ്ങനെ കാണാന്‍ കഴിഞ്ഞ ഭുവനേശ്വരത്തിലെ അനേകം പ്രാചീന ക്ഷേത്രങ്ങള്‍ ചിലത് വിഗ്രഹങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ നിശബ്ദമായി ചരിത്രത്തിന്റെ വേദന പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ തോന്നി. വിശ്വാസം തകര്‍ന്നിട്ടില്ലെന്നും ശില്‍പ്പങ്ങള്‍ മാത്രമാണ് തകര്‍ന്നത് എന്നുമുള്ള ഒരു ബോധം മനസ്സില്‍ നിറഞ്ഞു.

തുടര്‍ന്ന് ദൗളി ശാന്തി സ്തൂപം സന്ദര്‍ശിച്ചു. അവിടെ വച്ചാണ് കലിംഗയുദ്ധത്തില്‍ വിജയശ്രീലാളിതനായെങ്കിലും ആ വിജയം തനിക്ക് നല്‍കിയ അസ്വസ്ഥതിയില്‍ നിന്നും ശാന്തി തേടിയ അശോകന്‍ സമാധാനത്തിന്റെ സന്ദേശം പുറപ്പെടുവിച്ച്‌ യുദ്ധത്തില്‍ നിന്നുള്ള വിരക്തി പ്രകടിപ്പിച്ചത്. അങ്ങനെ സമാധാനത്തിന്റെ സന്ദേശം മുഴങ്ങുന്ന ഒരു പുണ്യസ്ഥലമായി ഇവിടം മാറിയിരിക്കുന്നു. അവിടെ നില്‍ക്കുമ്പോള്‍ യുദ്ധത്തില്‍ നിന്ന് ധര്‍മ്മത്തിലേക്കുള്ള മനുഷ്യഹൃദയത്തിന്റെ മാറ്റം അനുഭവിച്ചറിയാന്‍ കഴിഞ്ഞു.

തുടര്‍ന്നുള്ള യാത്രയില്‍ ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജൈന സംന്യാസിമാരുടെ തപസ്സിനായി നിര്‍മ്മിച്ചതായി വിശ്വസിക്കുന്ന ഉദയഗിരി ഗുഹകള്‍, ഖണ്ഡഗിരി ഗുഹകള്‍ എന്നിവ സന്ദര്‍ശിച്ചു. ജൈന സംന്യാസിമാരുടെ ധ്യാനനിലയങ്ങള്‍ ഇന്നും ആത്മീയ നിശ്ചലതയോടെ നിലകൊള്ളുന്നതായി അനുഭവപ്പെട്ടു. പാറകളില്‍ കൊത്തിയ ആ ജീവിതകഥകള്‍ കാലത്തെ മറികടക്കുന്ന ആത്മശക്തിയുടെ തെളിവുകളായി കാണപ്പെടുന്നു.

കലിംഗയാത്ര യില്‍ പിന്നീട് എത്തിയത് കൊണാര്‍ക്ക് സൂര്യ ക്ഷേത്രം ദര്‍ശിക്കാനായിരുന്നു. ശില്‍പ്പകലയുടെ സൂര്യരഥം പോലെ അഭിമാനത്തോടെ നില്‍ക്കുന്ന ആ ക്ഷേത്രം ഭാരതീയ ശില്‍പ്പശാസ്ത്രത്തിന്റെ ഉന്നതകോടിയാണ്. തുടര്‍ന്ന് ജഗന്നാഥ ക്ഷേത്രം ദര്‍ശിച്ചു. അവിടത്തെ ദിവ്യചൈതന്യദര്‍ശനം മനസ്സിന് നല്‍കിയത് അനുപമമായ ഒരനുഭൂതിയായിരുന്നു. ജഗന്നാഥസ്വാമിയുടെ സാന്നിധ്യം ഹൃദയം നിറച്ച നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. സമീപത്തെ സാക്ഷിഗോപാല്‍ ക്ഷേത്രം ഭക്തിയുടെ വിസ്മയിപ്പിക്കുന്ന സാക്ഷ്യകഥകള്‍ മനസ്സില്‍ പതിപ്പിച്ചു.

അവിടെ നിന്നും വംഗദേശത്തിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലെത്തി. അവിടെ ആദ്യമായി ദര്‍ശിക്കാന്‍ പോയത് ദക്ഷിണേശ്വര്‍ കാളി ക്ഷേത്രമായിരുന്നു. ആത്മീയതയുടെ ഉത്തുംഗ ശൃംഗത്തിലേക്ക് സ്വാമി വിവേകാനന്ദനെപ്പോലെ മഹാമനീഷികളെ വഴി കാട്ടിക്കൊടുത്ത ശ്രീരാമകൃഷ്ണ പരമഹംസര്‍ പൂജിച്ചിരുന്ന ദേവീചൈതന്യത്തെ കണ്ടു വണങ്ങാന്‍ കഴിഞ്ഞു. ഗംഗാ നദിയുടെ തീരത്ത് ഭക്തിയുടെയും ആത്മീയതയുടെയും പ്രവാഹം ഒരുമിക്കുന്ന ഒരു പുണ്യസ്ഥലമാണ് അവിടം.

തുടര്‍ന്ന് പരമാചാര്യന്റെ സ്മരണ നിലനിര്‍ത്താന്‍ ശിഷ്യനായ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ബേലൂര്‍ മഠം സന്ദര്‍ശിച്ചു. സര്‍വ്വമതസൗഹാര്‍ദ്ദത്തിന്റെ സാക്ഷാത്കാരമെന്നതു പോലെയാണ് അവിടത്തെ അന്തരിക്ഷം അനുഭവപ്പെട്ടത്.
കൊല്‍ക്കത്തയുടെ ഹൃദയത്തില്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്ന കാളീ ദേവിയുടെ ആസ്ഥാനമായ കാളിഘട്ടിലെ കാളി ക്ഷേത്രത്തിലെത്തിയപ്പോള്‍ പുതിയൊരു ഉണര്‍വ്വും ആത്മീയ സുഖവും നല്‍കുന്നതായിരുന്നു. സമീപകാലത്ത് നടത്തിയ നവീകരണത്തിന്റെ തിളക്കത്തോടൊപ്പം പാരമ്പര്യത്തിന്റെ ആത്മാവും അവിടെ കൈവിടാതെ നിലകൊള്ളുന്നതായി അനുഭവപ്പെട്ടു. ഭക്തിയും മുന്‍പ് കണ്ടിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ ശുചിത്വവും ഒരുമിച്ചെത്തിയ അപൂര്‍വാനുഭവം അവിടെ ലഭിച്ചു.

 ലേഖകനും പത്‌നിയും ദക്ഷിണേശ്വരം ക്ഷേത്രത്തിന് മുന്നില്‍

അടുത്ത ദിവസത്തെ യാത്ര ശ്രീരാമകൃഷ്ണ പരമഹംസരുടെ ജന്മസ്ഥലമായ കമാര്‍ പൂക്കൂര്‍, ശാരദാദേവിയുടെ ജന്മസ്ഥലമായ ജയറാം വാടി എന്നിവിടങ്ങളിലേക്കായിരുന്നു. ലാളിത്യവും ദൈവനിഷ്ഠയും ജീവിതസന്ദേശമായി മാറിയ ആ ഭൂമികള്‍ മനസ്സില്‍ പകര്‍ന്നത് അവാച്യമായ അനുഭൂതി തന്നെയായിരുന്ന.

യാത്രയുടെ അവസാനപടിയായി എത്തിച്ചേര്‍ന്നത് മയാപുരിലായിരുന്നു. കടഗഇഛച നേതൃത്വത്തിലുള്ള ശ്രീധാമത്തിന്റെ ഭംഗിയും ക്രമീകരണങ്ങളും എടുത്തു പറയത്തക്കതാണ്. അതോടൊപ്പം തന്നെ അതിനടുത്തു തന്നെയുള്ള ചൈതന്യ മഹാപ്രഭുവിന്റെ ജന്മഭൂമിയിലെ ദിവ്യചൈതന്യവും ഭക്തഹൃദയങ്ങളില്‍ അപാരമായ ആത്മീയാനുഭൂതി പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്നു. ഭക്തി പ്രസ്ഥാനത്തിലൂടെ മാനവ ഹൃദയങ്ങളില്‍ ആത്മീയതയുടെ തരംഗങ്ങള്‍ സൃഷ്ടിച്ച ആ പുണ്യാത്മാവിനെ വര്‍ത്തമാനകാലം എത്രത്തോളം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് പറയാനാവുന്നില്ല. പുരിയിലെത്തി ജഗന്നാഥന്റെ തിരുമുമ്പില്‍ ശിഷ്ടകാലം സമര്‍പ്പിച്ച്‌ ഭക്തിയുടെ ഉദാത്ത വിഗ്രഹമായി മാറിയ ആ പുണ്യജീവിതത്തിന് ഇവിടെ നിന്നാണ് തുടക്കം കുറിച്ചതെന്ന് മനസ്സിലായപ്പോള്‍ ആ പുണ്യഭൂമിയുടെ മണല്‍ത്തരികള്‍ യാത്രികരെ കോരിത്തരിപ്പിക്കുക തന്നെ ചെയ്തു.

ഈ തീര്‍ത്ഥയാത്ര ശില്‍പ്പങ്ങളും ക്ഷേത്രങ്ങളും കാണാനുള്ളതിലുപരി ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു അനുഭവമായി മാറി. ചരിത്രത്തിന്റെ വേദനയും ഭക്തിയുടെ ഉല്ലാസവും സമാധാനത്തിന്റെ സന്ദേശവും ഒരുമിച്ചുചേര്‍ന്ന ഈ യാത്ര, ജീവിതപഥത്തില്‍ ദീപസ്തംഭമായി നിലകൊള്ളും.

കലിംഗത്തില്‍ തുടങ്ങി വംഗത്തില്‍ അവസാനിച്ച ഈ യാത്ര, അങ്ങനെ ഹൃദയത്തില്‍ ദിവ്യാനുഭവമായി ശാശ്വതമായി തുടരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily