Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കല്‍ത്തൂണുകളുടെ സംഗീതം

കല്‍ത്തൂണുകളുടെ സംഗീതം

ലിഫെന്റാ ദ്വീപിലെ അറിവുകള്‍ കണ്ടറിഞ്ഞ് കരയിലെത്തിയ കുട്ടിപ്പട ആവേശത്തോടെ ബസ്സിലേക്ക് ഓടിക്കയറി. മഹാരാഷ്‌ട്രയോട് വിടപറഞ്ഞ് ബസ് കര്‍ണ്ണാടകത്തിലെ ‘ഹംപി’ ലക്ഷ്യമാക്കി നീങ്ങുകയാണ്.

രാത്രി മുഴുവന്‍ ബസ് തെന്നിന്ത്യന്‍ പാതകളിലൂടെ കുതിച്ചുപാഞ്ഞു.

പുലര്‍ച്ചെ സൂര്യന്റെ ആദ്യകിരണങ്ങള്‍ ബസ്സിന്റെ ജനാലയിലൂടെ അകത്തേക്ക് അടിച്ചപ്പോള്‍ അപ്പു കണ്‍തുറന്നു. പുറത്തേക്ക് നോക്കിയ അവന്‍ അത്ഭുതം കൊണ്ട് കൂവിവിളിച്ചു, ‘എല്ലാവരും എഴുന്നേല്‍ക്കൂ! പുറത്ത് ഇതാ നമ്മള്‍ ജാതകകഥകളില്‍ വായിച്ചതുപോലെയുള്ള വലിയ പാറക്കൂട്ടങ്ങള്‍!’

അപ്പോഴേക്കും ബസ് തുംഗഭദ്ര നദിയുടെ തീരത്തുള്ള ഹംപിയുടെ മണ്ണിലേക്ക് പ്രവേശിച്ചിരുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന കരിങ്കല്‍ കോട്ടകളും, ഗോപുരങ്ങളും, വിചിത്രമായ ആകൃതിയിലുള്ള ഭീമന്‍ പാറകളും ആ പ്രദേശത്തിന് ഒരു മാന്ത്രിക ഭംഗി നല്‍കിയിരുന്നു.

രാത്രി മുഴുവന്‍ യാത്ര ചെയ്തതുകൊണ്ട് കുട്ടികളെല്ലാം ചെറുതായി തളര്‍ന്നിട്ടുണ്ടായിരുന്നു. മാധവന്‍ മാഷ് ഡ്രൈവറോട് വണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന വലിയ ലോഡ്ജിന് മുന്നില്‍ നിര്‍ത്താന്‍ പറഞ്ഞു.

‘കുട്ടികളേ, ഹംപിയിലെ വിസ്മയങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് എല്ലാവര്‍ക്കും നല്ല ഉന്മേഷം വേണം. അതുകൊണ്ട് ആദ്യം എല്ലാവരും മുറികളിലേക്ക് പോയി നന്നായി കുളിച്ച്‌ തയാറായി വരൂ. അത് കഴിഞ്ഞ് നമുക്ക് ചൂടുള്ള പ്രഭാതഭക്ഷണവും കഴിക്കാം,’ മാധവന്‍ മാഷ് കുട്ടികളോടായി പറഞ്ഞു.
‘ഹാവൂ, അത് നല്ല കാര്യമാണ് മാഷേ!’ എന്ന് പറഞ്ഞ് അപ്പുവും ചിന്തുവും മീനാക്ഷിയും ബസ്സില്‍ നിന്ന് ചാടിയിറങ്ങി.
കുളി കഴിഞ്ഞ്, നല്ല വൃത്തിയയുള്ള വസ്ത്രങ്ങളുമണിഞ്ഞ് കുട്ടികള്‍ ഡൈനിങ് ഹാളിലേക്ക് എത്തിയപ്പോഴേക്കും അവിടുത്തെ പ്രശസ്തമായ പ്രഭാതഭക്ഷണം തയാറായിരുന്നുമൃദുവായ ഇഡ്ഡലിയും, നല്ല മണമുള്ള നെയ്യ് റോസ്റ്റും, കൂടെ ചൂടുള്ള സാമ്പാറും തേങ്ങാച്ചമ്മന്തിയും!

ഇഡ്ഡലി വായിലേക്ക് വെച്ചുകൊണ്ട് അപ്പു ആവേശത്തോടെ പറഞ്ഞു, ‘ഹായ്! കുളി കഴിഞ്ഞ് ഈ ചൂടു ഭക്ഷണം കൂടി കിട്ടിയപ്പോള്‍ നല്ല ഉന്മേഷം! മാഷേ, ഇനി നമുക്ക് ഹംപിയിലെ കാഴ്ചകളിലേക്ക് പോകാം ഞാന്‍ റെഡി!’

അപ്പുവിന്റെ ആവേശം കണ്ട് മാഷും മീര ടീച്ചറും ചിരിച്ചു.
കുട്ടികളെയും കൂട്ടി അവര്‍ ഹംപിയിലെ ഏറ്റവും പ്രശസ്തമായ വിറ്റല ക്ഷേത്ര സമുച്ചയത്തിലേക്ക് പുറപ്പെട്ടു.

അവിടെയുള്ള അതിമനോഹരമായ കല്‍രഥം കണ്ടപ്പോള്‍ തന്നെ കുട്ടികള്‍ക്ക് വല്ലാത്തൊരു ആദരവ് തോന്നി.

 ഹംപി വിഠല ക്ഷേത്രത്തിലെ കല്‍രഥം

‘അയ്യോ! ഇതെന്തൊരു അത്ഭുതമാണ് മാഷേ! കല്ലുകൊണ്ട് ഒരു രഥമോ? ഇത് പണ്ട് രാജാക്കന്മാര്‍ യുദ്ധത്തിന് ഓടിച്ചിരുന്നതാണോ? ഇതിന് എത്ര കാലത്തെ പഴക്കമുണ്ടാകും മാഷേ?’ പതിവ് കുസൃതി ചോദ്യവുമായി അപ്പു ഓടിയെത്തി.
അപ്പുവിന്റെ ചോദ്യം കേട്ട് മാധവന്‍ മാഷും മീര ടീച്ചറും ആ കല്‍രഥത്തിന് അരികിലേക്ക് നടന്നു.

‘അപ്പൂ, ഈ കാണുന്ന കല്‍രഥം വിജയനഗര സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലത്ത്, അതായത് ഏകദേശം അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതതാണ്. അക്കാലത്ത് കൃഷ്ണദേവരായരായിരുന്നു ഭരണം നടത്തിയിരുന്നത്. എന്നാല്‍ നമ്മള്‍ ഹംപിയുടെ ചരിത്രം പറയുമ്പോള്‍, ഈ സ്ഥലത്തിന് അതിനേക്കാള്‍ എത്രയോ ആയിരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ആദ്യം മനസ്സിലാക്കണം!’

‘ അതിനും മുന്‍പ് ഈ സ്ഥലത്തിന് എന്താണ് പ്രാധാന്യമുള്ളത്?’ ചിന്തുവും വര്‍ത്തമാനത്തില്‍ ചേര്‍ന്നു.

മറുപടി പറഞ്ഞത്? മീര ടീച്ചറായിരുന്നു ‘ചിന്തൂ, നമ്മള്‍ രാമായണം കഥ കേട്ടിട്ടില്ലേ? അതില്‍ ശ്രീരാമനും ലക്ഷ്മണനും സീതാദേവിയെ അന്വേഷിച്ച്‌ പോകുമ്പോള്‍ സുഗ്രീവനെയും ഹനുമാനെയും കാണുന്ന വാനരരാജ്യമായ ‘കിഷ്‌കിന്ധ’ ഓര്‍മ്മയില്ലേ? ആ കിഷ്‌കിന്ധയാണ് ഈ ഹംപിയെന്ന് ചില ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിജയനഗര കാലഘട്ടമാണ് ഹംപിയുടെ വികസന കാലം.’

മാഷ് അവരെ ക്ഷേത്രത്തിന്റെ വലിയ മണ്ഡപത്തിന് മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വരിവരിയായി നില്‍ക്കുന്ന കരിങ്കല്‍ തൂണുകള്‍ ചൂണ്ടി മാഷ് പറഞ്ഞു, ‘അപ്പൂ, ചിന്തൂ, മീനാക്ഷീ… ഈ നില്‍ക്കുന്ന തൂണുകളിലാണ് ഹംപിയിലെ ഏറ്റവും വലിയ വിജ്ഞാനം ഒളിഞ്ഞിരിക്കുന്നത്. ഇവ വെറും തൂണുകളല്ല, ‘സംഗീതത്തൂണുക’ളാണ്!’

‘കല്ലിന് സംഗീതമോ? മാഷേ, കല്ലില്‍ തട്ടിയാല്‍ ‘ടക് ടക്’ എന്നല്ലേ കേള്‍ക്കുക? ഇതില്‍ എങ്ങനെയാ സംഗീതം വരുന്നത്?’ അപ്പു സംശയത്തോടെ ചോദിച്ച്‌ അങ്ങോട്ട് ഓടാന്‍ തുടങ്ങി. ‘

‘അപ്പൂ, നില്‍ക്കൂ! അങ്ങോട്ട് പോകരുത്,’ മാധവന്‍ മാഷ് പെട്ടെന്ന് അപ്പുവിനെ തടഞ്ഞു.

അപ്പു പെട്ടെന്ന് നിന്നു. അപ്പോഴാണ് തൂണുകള്‍ക്ക് ചുറ്റും വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നത് കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്.

മാധവന്‍ മാഷ് വിശദീകരിച്ചു, ‘നിരന്തരമായി ആളുകള്‍ വന്ന് തട്ടുകയും തടവുകയും ചെയ്യുന്നത് കാരണം ഈ അപൂര്‍വ്വ ചരിത്രസ്മാരകത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങിയിരുന്നു. തൂണുകളുടെ നാദത്തിന് ദോഷം വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ നമുക്ക് ഇതില്‍ നേരിട്ട് തൊടാന്‍ അനുവാദമില്ല.’
‘അയ്യോ! അപ്പോള്‍ നമുക്ക് ഈ കല്ലിലെ സംഗീതം കേള്‍ക്കാന്‍ പറ്റില്ലേ മാഷേ?’ ചിന്തുവിന്റെ മുഖം ചെറിയൊരു നിരാശയോടെ മങ്ങി.

‘അതിനാണ് പുതിയ സാങ്കേതികവിദ്യ!’ മീര ടീച്ചര്‍ ചിരിച്ചുകൊണ്ട് വേലിക്ക് സമീപം സ്ഥാപിച്ചിരുന്ന ഒരു ബോര്‍ഡ് കാണിച്ചുതന്നു. അതില്‍ ഒരു ‘ക്യുആര്‍ കോഡ്’ ഉണ്ടായിരുന്നു. ‘വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയ പുതിയ സൗകര്യമാണിത്. അപ്പൂ, നിന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ എടുത്ത് ഈ കോഡ് ഒന്ന് സ്‌കാന്‍ ചെയ്‌തേ.’

അപ്പു വേഗം തന്റെ ഫോണെടുത്ത് ആ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു. വിസ്മയമെന്നു പറയട്ടെ, തൊട്ടടുത്ത നിമിഷം അവന്റെ മൊബൈല്‍ സ്‌ക്രീനില്‍ ഒരു ഓഡിയോ പ്ലെയര്‍ തെളിഞ്ഞു വരികയും, അതില്‍ നിന്നും പിയാനോ നാദമെന്ന പോലെ ശുദ്ധമായ സംഗീതം പുറത്തേക്ക് ഒഴുകി വരാന്‍ തുടങ്ങുകയും ചെയ്തു! ഓരോ തൂണിന്റെയും കോഡ് സ്‌കാന്‍ ചെയ്യുമ്പോഴും ഇതുപോലെ സംഗീതം പുറത്തുവന്നു.

‘അയ്യോ! ഇതെന്തൊരു അത്ഭുതമാണ്! നമ്മള്‍ തൂണില്‍ തൊട്ടില്ലെങ്കിലും ആ കരിങ്കല്ലില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ സംഗീതം നമുക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടല്ലോ!’ മീനാക്ഷി ആവേശത്തോടെ കൈയടിച്ചു.

‘ശരിയാണ് മീനാക്ഷീ,’ മീര ടീച്ചര്‍ പറഞ്ഞു, ‘ഇതാണ് വിജയനഗര കാലത്തെ ശില്പികളുടെ കൃത്യമായ ധ്വനിശാസ്ത്ര മികവ്. ഒരേ പാറയില്‍ നിന്നാണെങ്കിലും വ്യത്യസ്തമായ വലിപ്പത്തിലും, കനത്തിലും, ആകൃതിയിലുമാണ് അവര്‍ ഈ തൂണുകള്‍ കൊത്തിയെടുത്തത്. തൂണുകളുടെ ഉള്ളിലെ കരിങ്കല്‍ കണികകളുടെ സാന്ദ്രതയും വ്യാപ്തിയും കൃത്യമായി ക്രമീകരിച്ചതിനാലാണ് അവയില്‍ തട്ടുമ്പോള്‍ വായു തരംഗങ്ങള്‍ മാറിമറിഞ്ഞ് സംഗീതം പുറപ്പെടുവിക്കുന്നത്. പണ്ട് രാജാക്കന്മാരുടെ മുന്നില്‍ ഗായകര്‍ പാടുമ്പോള്‍ ഈ തൂണുകളില്‍ തട്ടിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നത്. ഇന്നത് കേടുപാടുകള്‍ വരാതെ ഈ സാങ്കേതികവിദ്യയിലൂടെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു.’

ക്ഷേത്രത്തിന്റെ ഉള്ളിലെ ഈ വലിയ വിസ്മയം കണ്ടറിഞ്ഞ ശേഷം കുട്ടികള്‍ നേരെ പുറത്തേക്കിറങ്ങി. അവിടെ ഭൂമിക്കടിയിലൂടെ നീളത്തില്‍ പോകുന്ന കരിങ്കല്‍ ചാലുകളും വലിയ കുളങ്ങളും കണ്ടു.

മീനാക്ഷി ആ ചാലുകളിലൂടെ നോക്കി ടീച്ചറോട് ചോദിച്ചു, ‘ടീച്ചറേ, ഇവിടെ പുഴയുണ്ടല്ലോ, പിന്നെന്തിനാണ് ഇത്രയും വലിയ കല്‍ച്ചാലുകള്‍ നഗരം മുഴുവന്‍ ഉണ്ടാക്കിവെച്ചിരിക്കുന്നത്?’

‘അതാണ് ഹംപിയിലെ അടുത്ത വിസ്മയംനഗരാസൂത്രണവും പൗരാണിക ജലവിതരണ ശാസ്ത്രവും,’ മീര ടീച്ചര്‍ വിശദീകരിക്കാന്‍ തുടങ്ങി, ‘തുംഗഭദ്ര നദിയിലെ വെള്ളം കിലോമീറ്ററുകള്‍ ദൂരെയുള്ള കൊട്ടാരങ്ങളിലേക്കും വീടുകളിലേക്കും എത്തിക്കാന്‍ അവര്‍ ഭൂഗുരുത്വ ശക്തിയെ അടിസ്ഥാനമാക്കിയുള്ള വലിയൊരു കനാല്‍ ശൃംഖല തന്നെ ഉണ്ടാക്കി. വലിയ കല്‍ത്തൊട്ടികളില്‍ വെള്ളം സംഭരിച്ച്‌, പ്രകൃതിദത്തമായ രീതിയില്‍ മണലും കരിയും ഉപയോഗിച്ച്‌ അരിച്ചെടുത്ത ശേഷമാണ് അത് നഗരത്തിലെ വലിയ കുളങ്ങളായ ‘പുഷ്‌കരിണി’കളിലേക്ക് എത്തിച്ചിരുന്നത്. കടുത്ത വേനലിലും ഹംപിയില്‍ ജലക്ഷാമം ഉണ്ടായിരുന്നില്ല.’

ജലവിസ്മയങ്ങള്‍ കണ്ടതിന് ശേഷം അവര്‍ നടന്നത് ഹംപിയിലെ പടുകൂറ്റന്‍ മതിലുകള്‍ക്ക് അരികിലേക്കാണ്. സിമന്റോ മണ്ണോ ഒന്നും ഉപയോഗിക്കാതെ കല്ലുകള്‍ പരസ്പരം ഒന്നിനുള്ളില്‍ ഒന്നായി ലോക്ക് ചെയ്താണ് ഈ മതില്‍ കെട്ടിയിരിക്കുന്നത്.

അപ്പു വീണ്ടും തന്റെ സംശയം പ്രകടിപ്പിച്ചു, ‘മാഷേ, ഈ വലിയ മതില്‍ കെട്ടാന്‍ ഒരു പശയും ഉപയോഗിച്ചില്ലെങ്കില്‍ ശത്രുക്കള്‍ വന്ന് തള്ളിയാല്‍ ഇത് വീണുപോകില്ലേ?’
മാധവന്‍ മാഷ് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇല്ല അപ്പൂ, ഇതാണ് ഹംപിയിലെ കോട്ട നിര്‍മ്മാണ ശാസ്ത്രം. ഭൂകമ്പമോ യുദ്ധ സമയത്ത് വലിയ പീരങ്കി ആക്രമണമോ ഉണ്ടായാല്‍ പോലും ഈ കല്ലുകള്‍ പരസ്പരം ബലപ്പെടുകയാണ് ചെയ്യുന്നത്. ഒന്നിച്ച്‌ തകര്‍ന്നു വീഴില്ല. ഏഴു നിരകളുള്ള ശക്തമായ പ്രതിരോധ കോട്ടകളാണ് ഹംപിക്ക് ചുറ്റും ഉണ്ടായിരുന്നത്. അതുകൊണ്ടാണ് വിജയനഗര സാമ്രാജ്യം അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നായി മാറിയത്.

‘ഇനി നമുക്ക് ഹംപിയില മറ്റ് വിസ്മയങ്ങള്‍ കാണാം, വേഗം നടക്കൂ ‘ മാഷ് ധൃതി കൂട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily