കമല്‍ ഹാസനെ പോലെ സ്വകാര്യ ജീവിതം ചർച്ചയായ നടൻമാർ കുറവാണ്. പ്രണയബന്ധങ്ങള്‍, വിവാഹമോചനങ്ങള്‍ എന്നിങ്ങനെ പല ഘട്ടങ്ങള്‍ കമല്‍ ഹാസൻ ജീവിതത്തില്‍ കണ്ടു.
അന്തരിച്ച നടി ശ്രീവിദ്യയുമായി കമലിന് വലിയ അടുപ്പമുണ്ടായിരുന്നു. അപൂർവ രാഗങ്ങള്‍ എന്ന സിനിമയില്‍ അഭിനയിക്കവെ ഇരുവരും അടുത്തു. രണ്ട് പേരും അന്ന് ചെറുപ്പമാണ്. പെട്ടെന്ന് വിവാഹം ചെയ്യണമെന്നായിരുന്നു കമല്‍ ഹാസന്. എന്നാല്‍ പക്വതയില്ലാത്ത ഈ പ്രായത്തിലും കരിയറിലെ നിർണായക സമയത്തും വിവാഹം വേണ്ടെന്നും കുറച്ച് കാത്തിരിക്കെന്നും ശ്രീവിദ്യയുടെ അമ്മ ഉപദേശിച്ചു
എന്നാല്‍ ഈ പ്രണയ ബന്ധം അവസാനിച്ചു. നർത്തകി വാണി ഗണപതിയെയാണ് കമല്‍ ഹാസൻ വിവാഹം ചെയ്തത്. കമല്‍ ഹാസൻ ശ്രീവിദ്യ ബന്ധത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. കമല്‍ ഹാസനെ അവർക്ക് വളരെ ഇഷ്ടമായിരുന്നു. കമലിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ ശ്രീവിദ്യാക്ക കമലിനെ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഭംഗി കൊണ്ടോ സംസാരം കൊണ്ടോ അല്ല. കഴിവും സിനിമയെക്കുറിച്ചുള്ള അറിവും കണ്ടാണ്. കമലിനോട് ഭ്രാന്തമായ സ്നേഹമായിരുന്നു ശ്രീവിദ്യക്ക്. ഞാനന്ന് കമലിനോടൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. വാണി ഗണപതിയെയും അന്ന് കമല്‍ പ്രണയിക്കുന്നുണ്ട്.
ഒരിക്കല്‍ ശ്രീവിദ്യാക്ക തന്റെ പ്രണയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. അക്കാ, നിങ്ങളെ കമല്‍ വഞ്ചിക്കുകയാണ്, അദ്ദേഹം വാണി എന്നൊരാളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അക്കാലത്ത് രേഖയുമായും കമലിന് അടുപ്പം വരുന്നുണ്ട്. കോമഡിയെന്തെന്നാല്‍ എത്ര പേരെയാണ് കമല്‍ പ്രണയിച്ചത്. ശ്രീവിദ്യാക്ക, ബോംബെയില്‍ നിന്ന് രേഖ, ജയസുധാമ്മ, വാണി ഗണപതിയും. ഇനിയും രണ്ട് നടിമാരുണ്ട്. പക്ഷെ അവർ കല്യാണം കഴിഞ്ഞ് നല്ല രീതിയില്‍ ജീവിക്കുന്നതിനാല്‍ ഞാൻ പേര് പറയുന്നില്ല.
എങ്ങനെ അദ്ദേഹം മാനേജ് ചെയ്തു എന്നറിയില്ല. കമലും വാണിയുമായുള്ള കല്യാണത്തിന് ഞാനുള്‍പ്പെടെ പോയിട്ടുണ്ട്. ശ്രീവിദ്യാക്കയ്‌ക്ക് താങ്ങാൻ കഴിഞ്ഞില്ല. കരച്ചിലായിരുന്നു. കുറേനാള്‍ കഴിഞ്ഞാണ് അവർക്ക് ആ വിഷമത്തില്‍ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞതെന്നും കുട്ടി പത്മിനി ഒരിക്കല്‍ തുറന്ന് പറയുകയുണ്ടായി. 2006 ല്‍ തന്റെ 53ാം വയസിലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ചായിരുന്നു മരണം. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കമല്‍ ഹാസനെ കാണണമെന്ന് ശ്രീവിദ്യ ആഗ്രഹം പ്രകടിപ്പിച്ചു. കമല്‍ ഹാസൻ ഉടനെ എത്തുകയും ശ്രീവിദ്യക്കൊപ്പം സംസാരിക്കുകയും ചെയ്തു. എന്താണ് ശ്രീവിദ്യ തന്നോട് പറഞ്ഞതെന്ന് പറയാൻ കമല്‍ ഹാസൻ തയ്യാറല്ല. കമല്‍ ഹാസനുമായി അകന്ന ശേഷം ആ ദേഷ്യത്തിലാണ് ശ്രീവിദ്യ വിവാഹം ചെയ്യുന്നത്. ജോർജ് തോമസ് എന്നാണ് ഭർത്താവിന്റെ പേര്. പ്രശ്നകലുഷിതമായ ഈ വിവാഹബന്ധം അവസാനിപ്പിക്കാനും ജോർജ് തോമസ് കെെക്കലാക്കിയ സ്വത്തുക്കള്‍ തിരികെ ലഭിക്കാനും ശ്രീവിദ്യക്ക് വർഷങ്ങള്‍ നിയമപോരാട്ടം നടത്തേണ്ടി വന്നു.

