കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. കാപ്പ തടവുകാർ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതിനെ തുടർന്നാണ് കുത്തുണ്ടായത്.
സംഭവത്തില്‍ കോട്ടയം സ്വദേശി മനുവിനാണ് പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്നയാളാണ് മനുവിനെ കുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കണ്ണൂർ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാരൻ മർദിച്ചു. സബ് ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസർ ചില്‍നേഷ് ചന്ദ്രനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന സുഹൈല്‍ എന്ന തടവുകാരനാണ് ഉദ്യോഗസ്ഥനെ മർദിച്ചത്. സംഭവത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ ടൗണ്‍ പോലീസ് സുഹൈലിനെതിരെ കേസെടുത്തു.

