Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കര്‍മ്മമോക്ഷങ്ങളുടെ വിജയരഹസ്യം

കര്‍മ്മമോക്ഷങ്ങളുടെ വിജയരഹസ്യം

കെ.പി.ശിവകുമാറിന്റെ ‘ഈശാവാസ്യോപനിഷത്ത് അഥവാ സ്വന്തം ദിവ്യതയിലേക്കുള്ള ജാലകം’ പ്രയോഗിക ജീവിതത്തിനു ഉതകുന്നവിധം ശാസ്ത്രസത്യങ്ങള്‍ക്കനുസരണമായി ഈശാവാസ്യ ഉപനിഷത്തിനെ വ്യാഖ്യാനിക്കുന്ന അപൂര്‍വ്വ കൃതിയാണ്.

ഉപനിഷത്തുകളിലെ സാരം വെളിപ്പെടുത്തുന്നതില്‍ പ്രസിദ്ധമായിട്ടുള്ള ഈശാവാസ്യ മന്ത്രങ്ങളെ, സാങ്കേതിക പദജടിലതയും താത്ത്വിക സങ്കീര്‍ണതകളും ഒഴിവാക്കി തികച്ചും ലളിതമായ രീതിയില്‍, അവയുടെ ഇഹത്തിലും പരത്തിലുമുള്ള ഉപയുക്തത ബോധ്യപ്പെടുത്തുന്നുഎന്നതാണ് ഈ കൃതിയുടെ സവിവിശേഷത.

മനുഷ്യന്റെ സ്വത്വയാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ഉപനിഷത്തുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈശാവാസ്യം. ‘ഈശാവാസ്യ മിദം സര്‍വ്വം’ എന്ന തുടക്കം തന്നെ ഇതു വ്യക്തമാക്കുന്നതാണ്. അനേകം ജീവിവര്‍ഗങ്ങളടങ്ങുന്ന ഈ ജഗത്ത് മുഴുവന്‍ ഈശ്വരചൈതന്യത്താല്‍ നിറഞ്ഞിരിക്കുന്നുവത്രെ. ഇപ്രകാരമുള്ള പ്രപഞ്ചഘടനയില്‍ ഒരു വ്യക്തിയുടെ സ്ഥാനം എന്താണ്? അയാള്‍ ആഗ്രഹിക്കുന്ന ഭോഗവസ്തുക്കള്‍ ആരുടേതാണ്? ഈശാവാസ്യ മന്ത്രമനുസരിച്ച്‌ വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം അനശ്വരമായ ഈശ്വരചൈതന്യം തന്നെയാകുന്നു. അതില്‍ നിന്ന് വേറിട്ടുള്ള അസ്തിത്വം അയാള്‍ക്കില്ല. താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളൊന്നും വാസ്തവത്തില്‍ തനിക്ക് സ്വന്തമല്ല. ഇതു തിരിച്ചറിഞ്ഞ് ഭോഗവിഷയങ്ങളുടെ ഉടമസ്ഥതാഭാവം ത്യജിക്കുമ്പോള്‍ സത്യബോധമുണരും. ‘ഞാന്‍, എന്റേത്’ എന്ന സങ്കുചിത വൈയക്തിക ഭാവത്തെ ഈശ്വരനു സമര്‍പ്പിക്കുന്നതോടെ ഒരാള്‍ സമഷ്ടിതലത്തിലേക്ക് വികാസം പ്രാപിക്കുന്നുവെന്ന ഉദാത്തമായ ദര്‍ശനമാണ് ഉപനിഷത്തിലേത്.

18 പര്‍വ്വങ്ങളോടുകൂടിയ മഹാഭാരത കഥയിലെ കര്‍മ്മ-ധര്‍മ്മങ്ങളുടെ പൊരുളടങ്ങുന്നത് അതിലെ 18 അദ്ധ്യായങ്ങളോടുകൂടിയ ഭഗവദ്ഗീതയിലാണെന്നതും, ഗീതയിലെ സാരമാകട്ടെ ഈശാവാസ്യ ഉപനിഷത്തിലെ 18 മന്ത്രങ്ങളുടെ വിശദീകരണമാണെന്ന കാര്യവും വ്യാഖ്യാതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈശാവാസ്യത്തിലെ കര്‍മ്മ സിദ്ധാന്തമാണ് ഗീതയിലെ പ്രസിദ്ധമായ നിഷ്‌കാമ കര്‍മ്മം എന്നറിയപ്പെടുന്ന മന്ത്രം. ഇതൊന്നും എന്റേതല്ല, ഈശന്റേതാണ് എന്ന ചിന്തയില്‍ അഹത്തിന്റെ ത്യാഗവും ഈശ്വരസമര്‍പ്പണവും ഉള്ളടങ്ങുന്നു. കുരുക്ഷേത്രയുദ്ധത്തിന്റെ തുടക്കത്തില്‍ അര്‍ജ്ജുനന്റെ ഭാവം, പാണ്ഡുപുത്രന്മാര്‍ക്ക് അവകാശപ്പെട്ട ഇന്ദ്രപ്രസ്ഥം കൗരവരെ തോല്‍പ്പിച്ചു തിരികെ നേടാനാണ് യുദ്ധം ചെയ്യുന്നതെന്നായിരുന്നു. അതിനാലാണ് സ്വന്തം നേട്ടങ്ങള്‍ക്കായി ബന്ധുജനത്തെയും സുഹൃത്തുക്കളെയും ബലിയര്‍പ്പിക്കേണ്ടിവരുമെന്ന ആശങ്ക അര്‍ജ്ജുനനെ ദുര്‍ബ്ബലനാക്കിയത്. എന്നാല്‍ ഗീതോപദേശ പരിസമാപ്തിയില്‍ അര്‍ജ്ജുനന്റെ അഹംബോധം സാമൂഹിക പ്രതിബദ്ധതക്ക് വഴിമാറുകയാണുണ്ടായത്. ദുര്‍ജനത്തെ അധികാരത്തില്‍ നിന്നു ഭ്രഷ്ടരാക്കി സാമൂഹിക ഭദ്രത ഉറപ്പിക്കേണ്ടത് ഒരാളുടെ കര്‍ത്തവ്യമാണെന്ന ഭഗവാന്‍ കൃഷ്ണന്റെ നിര്‍ദ്ദേശമാണ് കുരുക്ഷേത്രയുദ്ധത്തെ ധര്‍മ്മയുദ്ധമാക്കിയത്. ഇവിടെ കര്‍മ്മം കര്‍മ്മയോഗമായി മാറുകയാണ്. ഇതുതന്നെയാണ് ഈശാവാസ്യത്തിലെ രണ്ടാമത്തെ മന്ത്രത്തില്‍ പറയുന്നത്. ഈശനില്‍ നിന്ന് അന്യമായി ഒന്നുമില്ലെന്ന വാസ്തവം ഗ്രഹിച്ച്‌ നിര്‍മമനായി കര്‍ത്തവ്യം ചെയ്യുന്നയാള്‍ക്ക് നൂറുവര്‍ഷം ഇവിടെ ജീവിച്ചാലും കര്‍മ്മബന്ധനമുണ്ടാവുകയില്ലെന്ന ഈശാവാസ്യ സിദ്ധാന്തമാണ് ഗീതയിലും പ്രത്യക്ഷപ്പെട്ടത്.

മനുഷ്യനും ജഗത്തും ഈശ്വരനും ഒന്നുതന്നെയാണെന്ന് വെളിപ്പെടുത്തിയ പുരാതന സംസ്‌കൃതിയെ ഉള്‍ക്കൊള്ളാന്‍ ആധുനിക മനുഷ്യരെന്ന് അഭിമാനിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന ഗ്രന്ഥകാരന്റെ പരാമര്‍ശം തികച്ചും അര്‍ത്ഥവത്താണ്. ആരാണ് മനുഷ്യന്‍, എന്താണ് ജീവിതം എന്ന ചോദ്യത്തിനു നേരെ കണ്ണടയ്‌ക്കാന്‍ എത്ര ആധുനികനായാലും സാധ്യമല്ല. എത്രത്തോളം വളര്‍ന്നുപന്തലിച്ചാലും ഒരു വടവൃക്ഷത്തിന് ആശ്രയം അതിന്റെ വേരുതന്നെയാകുന്നു. ഇപ്രകാരം മനുഷ്യന്റെ അസ്തിത്വത്തിന്റെ അടിത്തറ കാട്ടിത്തരുന്ന ഈ പൗരാണിക ജ്ഞാനം സര്‍വ്വകാലപ്രസക്തിയുള്ളതാണെന്ന വാസ്തവം ചൂണ്ടിക്കാട്ടുന്നതാണ് ശിവകുമാറിന്റെ ഈ ഉപനിഷത് വ്യാഖ്യാനം.

ഉപനിഷത്തിലെ ശാന്തിമന്ത്രം ചൊല്ലുന്നതിനു മുമ്പുതന്നെ ഗ്രന്ഥകാരന്‍ ഇതില്‍ ആദിത്യഹൃദയമന്ത്രം രേഖപ്പെടുത്തുന്നതു കാണാം. ഇതിലൂടെ ജീവികളുടെയെല്ലാം കര്‍മ്മത്തിന്നാധാരം സൂര്യതേജസ്സാകുന്നുവെന്ന വാസ്തവം ഓര്‍മ്മിപ്പിക്കുകയാണ്. ഈശാവാസ്യ മന്ത്രങ്ങളുള്‍ക്കൊള്ളുന്ന ശുക്ലയജൂര്‍വേദ ദ്രഷ്ടാവായ യാജ്ഞവല്‍ക്യ ഋഷിക്ക് ജ്ഞാനോദയമുണ്ടായതും സൂര്യജ്യോതിയുടെ പ്രചോദനത്താലാണല്ലോ. ഈശാവാസ്യത്തിലെ പതനഞ്ചാമത്തെ മന്ത്രം സത്യദര്‍ശനത്തിനായി ജീവികളുടെ പരിപാലകനായ സൂര്യനോട് പ്രാര്‍ത്ഥിക്കുന്നതാണ്. പതിനാറാമത്തെ മന്ത്രമാകട്ടെ, സൂര്യനെ പാരമാര്‍ത്ഥിക സത്യത്തിന്റെ പ്രതീകമായിക്കാണുകയാണ്. നാലുപാടും പ്രസരിച്ചുകൊണ്ടിരിക്കുന്ന രശ്മികളാല്‍ സൂര്യന്റെ യഥാര്‍ത്ഥ രൂപം മറയ്‌ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ രശ്മികളെ ഒന്നൊതുക്കിയാലുമെന്ന പ്രാര്‍ത്ഥനയില്‍ സ്ഫുരിക്കുന്നത്, സര്‍വ്വശക്തനായ ഈശന്റെ അനന്തശക്തിയുടെ പരിണാമ പ്രവാഹത്താല്‍ ഏറ്റവും മംഗളകരമായ സച്ചിദാനന്ദ സ്വരൂപം മറയ്‌ക്കപ്പെട്ടിരിക്കുന്നുവെന്നതാണ്.

യഥാര്‍ത്ഥ ആത്മീയത ഒരു മതത്തിന്റെയും ചട്ടക്കൂടിലൊതുങ്ങുന്നതല്ലെന്ന് ഈശാവാസ്യം നമ്മെ ബോധ്യപ്പെടുത്തുന്നതായി വ്യാഖാതാവ് സമര്‍ത്ഥിക്കുന്നു. ജീവജാലങ്ങളെയും പ്രപഞ്ചത്തെയും ഏകമായിട്ടുള്ള അടിസ്ഥാന സത്തയില്‍ കോര്‍ത്തിണക്കുന്നത് വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പരിധിയില്‍ ഒതുങ്ങുന്നതല്ല. ഈ സമഗ്രദര്‍ശനം ശാസ്ത്രം വളരുന്നതു കാരണം ക്ഷയിക്കുന്നതുമല്ല. ഇപ്രകാരമുള്ള വ്യാഖ്യാനം ഈ രചനയെ അമൂല്യകൃതികളുടെനിരയിലേക്ക് ഉയര്‍ത്തുന്നു.

ഈശാവാസ്യോപനിഷത്ത് അഥവാ സ്വന്തം
ദിവ്യതയിലേക്കുള്ള ജാലകം
കെ. പി. ശിവകുമാര്‍
കുരുക്ഷേത്ര പ്രകാശന്‍
₹ 190
9995214441

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily