Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

2018 ജനുവരി 19 വെള്ളിയാഴ്ച. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭാരത സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ദിനം.

ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ ആദ്ധ്യാത്മിക കേന്ദ്രമായ ബീഹാറിലെ ബോധ്ഗയ മഹാബോധി ക്ഷേത്രത്തില്‍ അതിരാവിലെ തന്നെ വിശ്വാസികളുടെ തിരക്കായിരുന്നു. ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ ആദ്ധ്യാത്മികാചാര്യന്‍ ദലൈലാമ എത്തിയതിനാല്‍ ടിബറ്റ്, മ്യാന്മര്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധ സംന്യാസിമാരും എത്തിയിരുന്നു. മഹാബോധി ക്ഷേത്രത്തിന് സമീപം കാലചക്ര മൈതാനിയില്‍ ദലൈലാമയുടെ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ഭിക്ഷുക്കളും വിശ്വാസികളും തടിച്ചുകൂടിയതോടെ പോലീസിന്റെ ശ്രദ്ധ അവിടെയായി. സാഹചര്യം അനുകൂലമായതോടെ കാലചക്ര മൈതാനിയുടെ പിന്‍ഭാഗത്ത് വാഹനത്തില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററിന് സമീപം നാലുപേര്‍ പ്രത്യക്ഷപ്പെട്ടു. കൈയില്‍ കരുതിയ ഐഇഡി ബോംബില്‍ ഒരെണ്ണം ജനറേറ്ററിന് താഴെ സ്ഥാപിച്ച്‌ അവര്‍ പിന്‍വലിഞ്ഞു.

ദലൈലാമ പ്രസംഗം പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ഉഗ്ര സ്‌ഫോടനം. പുകച്ചുരുളുകള്‍ക്കിടയിലൂടെ ബുദ്ധ ഭിക്ഷുക്കള്‍ ചിതറിയോടി. ആകാശത്തോളമുയര്‍ന്ന അഗ്‌നിനാളങ്ങള്‍ക്കൊപ്പം ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നു. സ്‌ഫോടനത്തില്‍ രണ്ട് ബുദ്ധഭിക്ഷുക്കള്‍ക്ക് പരിക്കേറ്റു. ലോക സമാധാനത്തിന്റെ സന്ദേശം മുഴങ്ങുന്ന ബോധ്ഗയയില്‍ അശാന്തി വിതച്ചത് ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാ അത് -ഉള്‍- മുജാഹിദിന്‍ ബംഗ്ലാദേശ് (ജെഎംബി) ആണെന്ന് വൈകാതെ എന്‍ഐഎ തിരിച്ചറിഞ്ഞു. സംഘടനയിലെ കൊടിയ ഭീകരരില്‍ ചിലര്‍ മഹാരാഷ്‌ട്രയിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ വ്യാപക തിരച്ചില്‍ തുടങ്ങി. ദിവസങ്ങള്‍ക്കകം സ്‌ഫോടനത്തിന് പിന്നിലെ കണ്ണികളായ ബോമ മീസാന്‍, അഹമ്മദ് അലി, മുഹമ്മദ് പൈഗംബര്‍, നൂര്‍ ആലം എന്നിവര്‍ എന്‍ഐഎയുടെ പിടിയിലായി. ഇവരെചോദ്യം ചെയ്തപ്പോള്‍ പ്രധാന ഭീകരര്‍ കേരളത്തിലെ ഒളിത്താവളത്തില്‍ സുരക്ഷിതരായി താമസിക്കുന്നതായി സ്ഥിരീകരിച്ചു. വിവരം കേരള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. പക്ഷേ ‘അതിഥി തൊഴിലാളികള്‍’ എന്ന ഓമനപ്പേരില്‍ ഇവിടെ കഴിയുന്ന ആ ഭീകരരെ കണ്ടെത്താന്‍ യാതൊരു ശ്രമവും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പകരം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാരത സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെയ്തത്. എന്‍ഐഎ നല്‍കിയ രഹസ്യവിവരം അറിഞ്ഞതായിപ്പോലും പിണറായി നടിച്ചില്ല.

നെതന്യാഹുവിന്റെ ഭാരത സന്ദര്‍ശനത്തിന് ബംഗ്ലാദേശി ഭീകര സംഘടന നല്‍കിയ മറുപടി മാത്രമായിരുന്നില്ല ബോധ്ഗയയിലെ സ്‌ഫോടനം. ഭാരതത്തെ പൈതൃക ഭൂമിയായി കണക്കാക്കുന്ന ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളെ ഭീതിയിലാക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.

ഏഴ് മാസങ്ങള്‍ക്ക് ശേഷം. 2018 ആഗസ്ത് 3, വെള്ളി

മഴ മാറി വെയില്‍ പരന്ന ദിനം. മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കല്‍ പതിവു പോലെ ശാന്തമായിരുന്നു. ടൗണില്‍ നിന്ന് അല്‍പം അകന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിന് സമീപം നാല് ജീപ്പുകള്‍ ഇരമ്പിയെത്തി. ഈ വാഹനങ്ങളില്‍ നിന്ന് പോലീസുകാര്‍ക്കൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥരും പുറത്തിറങ്ങി. തൊട്ടടുത്ത് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പായിരുന്നു ലക്ഷ്യം. അപ്രതീക്ഷിതമായെത്തിയ പൊലീസ് സംഘത്തെ കണ്ട് തൊഴിലാളികള്‍ പകച്ചു. ലയത്തിന് പുറത്തുനിന്ന ഏതാനും തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ടുപേര്‍ പിന്‍വാതിലിലൂടെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. അവരെ കീഴ്‌പ്പെടുത്തി ജീപ്പില്‍ കയറ്റി. ചെമ്മണ്ണ് നിറഞ്ഞ ഊടുവഴിയിലൂടെ ജീപ്പുകള്‍ തിരികെപ്പോയപ്പോള്‍ നാട്ടുകാര്‍ നെഞ്ചില്‍ കൈവച്ചു. അതിഥികളുടെ മുറികളില്‍ എരിഞ്ഞിരുന്ന ഈ കനലുകളെ അവര്‍ അപ്പോഴാണ് തിരിച്ചറിഞ്ഞത്.

കോട്ടയ്‌ക്കലിലും എടരിക്കോട്ടുമായി ഒളിവില്‍ കഴിഞ്ഞ കരീം, റഹ്‌മാന്‍ എന്നിവരെയാണ് ലഖ്നൗവില്‍ നിന്നെത്തിയ എന്‍ഐഎ സംഘം കോട്ടയ്‌ക്കല്‍ പോലീസിന്റെ സഹായത്തോടെ പൊക്കിയത്. പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ രണ്ടുപേരെയും എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബോധ്ഗയയില്‍ ജനുവരി 19ന് ബോംബ് സ്‌ഫോടനം നടത്തിയ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇവര്‍ രണ്ടുമെന്ന് വ്യക്തമായി. ഭീകര സംഘടനയായ ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകരരായിരുന്നു ഇരുവരും. പത്തൊന്‍പതുകാരന്‍ അബ്ദുള്‍ കരീം ബംഗ്ലാദേശ് മുര്‍ഷിദാബാദ് സ്വദേശി, മുപ്പത്തിയേഴുകാരന്‍ മുസ്തഫിസ് റഹ്‌മാന്‍ ബീര്‍ഭൂം സ്വദേശി. ഇരുവരും കൊടുംഭീകരര്‍. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടയ്‌ക്കലും എടരിക്കോട്ടും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായ സര്‍ക്യൂട്ട് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു. പ്രതികളെ പട്‌ന പ്രത്യേക കോടതി 15 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ജമാ അത് ഉള്‍ മുജാഹിദിന്റെ മുതിര്‍ന്ന നേതാവും കൊടുംഭീകരനുമായ മുഹമ്മദ് ഷാഹിദുല്‍ ഇസ്ലാം(38), ബെംഗളൂരുവില്‍ അറസ്റ്റിലായി. ബെംഗളൂരുവിലെ രാമനഗരയില്‍ മുനീര്‍ എന്ന പേരില്‍ മൂന്നു മാസമായി ഭാര്യയ്‌ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പം വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു ഇസ്ലാം. കൗസര്‍, മുന്ന, മീസാന്‍, ബോമ മിയാന്‍ എന്നീ പേരുകളിലും ഇയാള്‍ പലയിടങ്ങളിലും തങ്ങിയിരുന്നു. ഇയാളുടെ പക്കല്‍നിന്ന് സ്‌ഫോടക വസ്തുക്കളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. ബംഗ്ലാദേശിലെ ചില സ്‌ഫോടന കേസുകളിലും പ്രതിയായിരുന്നു മുഹമ്മദ് ഇസ്ലാം. മലപ്പുറത്തും പെരുമ്പാവൂരിലും ഇയാള്‍ താമസിച്ചിരുന്നു.

എന്നിട്ടും കേരളം അനങ്ങിയില്ല

സംസ്ഥാനത്ത് ബംഗ്ലാദേശ് ഭീകരര്‍ അതിഥി തൊഴിലാളികള്‍ എന്ന വ്യാജേന ഒളിച്ചുപാര്‍ത്ത വിവരം ലഭ്യമായിട്ടും കേരളത്തിലെ ഭരണ സംവിധാനം കുലുങ്ങുകയല്ല, ഒന്ന് അനങ്ങുക പോലും ചെയ്തില്ലെന്നതാണ് വിചിത്രം. 2018-ല്‍ ഭീകര പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റുചെയ്തിട്ട് എട്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് കൊട്ടാരക്കരയില്‍ നിന്നു ബംഗ്ലാദേശ് സ്വദേശിനി മുംതാസ് അടക്കം 12 പേരെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റുചെയ്തത്. ബംഗ്ലാദേശികളെ കേരളത്തില്‍ എത്തിക്കുന്ന പ്രധാന ഏജന്റാണ് മുംതാസ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മലപ്പുറത്തു നിന്നു മാത്രം പത്തിലേറെ ബംഗ്ലാദേശികളാണ് പിടിയിലായതെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പറയുന്നു. ഇവരെപ്പറ്റി കാര്യമായ അന്വേഷണമൊന്നും കേരളാ പൊലീസ് നടത്തില്ല. എത്രയും വേഗം ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുകയാണ് പതിവ്. അവര്‍ വീണ്ടും മുര്‍ഷിദാബാദ് വഴി ഭാരതത്തിലേക്കു കടക്കും. അറസ്റ്റിലാകുന്ന ബംഗ്ലാദേശികള്‍ക്ക് ഭീകരബന്ധമുണ്ടോ എന്നുപോലും കേരള പൊലീസ് അന്വേഷിക്കാറില്ല. പൊലീസിന്റെ ഈ നിരുത്തരവാദ സമീപനം ഫലത്തില്‍ ഭീകരര്‍ക്ക് കേരളത്തില്‍ സുരക്ഷിത താവളം ഒരുക്കുകയാണ്.

(നാളെ: കനലെരിയുന്ന അതിഥി മുറികള്‍)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily