Dailyhunt
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചു ; ആറ് പ്രധാന മേഖലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിച്ചു ; ആറ് പ്രധാന മേഖലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ആശങ്കാജനകമായ രീതിയില്‍ ഉയരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയർന്ന വികിരണ സൂചികയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആറ് പ്രധാന മേഖലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് സൂചിക 8 മുതല്‍ 10 വരെ രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നത്. ഇതിനുപുറമെ ബേപ്പൂർ, മാനന്തവാടി, ധർമ്മടം, മൂന്നാർ തുടങ്ങി ഏഴിടങ്ങളില്‍ ജാഗ്രത സൂചിപ്പിക്കുന്ന യെല്ലോ അലർട്ടും നിലവിലുണ്ട്.

തുടർച്ചയായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ഗുരുതരമായ ചർമ്മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. വികിരണ തോത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പുറംജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ എന്നിവർ പ്രത്യേക മുൻകരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily