Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊച്ചി - പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

കൊച്ചി - പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ട്ടാഞ്ചേരി: കൊച്ചിയില്‍ നിന്ന് മധ്യപൂര്‍വേഷ്യന്‍ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള ചരക്ക് കപ്പല്‍ സര്‍വീസിന് തുടക്കമായി.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ മൂന്ന് തുറമുഖങ്ങളിലേക്കാണ് ചരക്ക് നീക്കം നടത്തുന്നത്.

തിങ്കളാഴ്ച കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ നിന്ന് 1000 കണ്ടെയ്‌നറുകളുമായി ചരക്ക് കപ്പല്‍ കയറ്റിറക്കുമതി നടത്തി സര്‍വീസിന് തുടക്കമായി. കൊച്ചിയില്‍ നിന്നുള്ള ചരക്ക് കപ്പല്‍ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെത്തി അവിടെ നിന്ന് യുഎഇയിലെ ഫുജൈറ, ഒമാനിലെ സോഹാര്‍, യമനിലെ ഏദന്‍ എന്നീ തുറമുഖങ്ങളിലേക്കാണ് നേരിട്ട് സര്‍വീസ് നടത്തുക. പ്രതിവാരം 500 കണ്ടെയ്‌നറുകളുടെ കയറ്റിറക്കുമതി നടത്തുന്ന രണ്ട് കപ്പലുകളാണ് ചരക്ക് നീക്കം നടത്തുക. പനാമ പതാകയുള്ള എംവി മാര്‍സ വിര്‍ഗോ, എംവി മാര്‍സ സെനിത്ത് എന്നീ കപ്പലുകളാണ് വല്ലാര്‍പാടം- നവസേവ (മുംബൈ)- മധ്യപൂര്‍വേഷ്യന്‍ തുറമുഖങ്ങളിലേയ്‌ക്ക് ചരക്ക് സര്‍വീസ് നടത്തുന്നത്.

ഹോര്‍മൂസ് കടലിടുക്കിന് പുറത്താണ് ഈ സര്‍വീസ് എന്നത് ചരക്ക് നീക്കത്തിന് തടസമാകില്ല. ദുബായ് പോര്‍ട്ട് വേള്‍ഡിന്റെ നേതൃത്വത്തിലുള്ള വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലെ ചരക്ക് നീക്കത്തിന് പുതിയ സര്‍വീസ് കുതിപ്പേകും.

പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം കണ്ടെയ്‌നര്‍ കയറ്റിറക്കുമതി വര്‍ദ്ധനയാണ് ഇതിലൂടെയുണ്ടാകുക. മധ്യപൂര്‍വേഷ്യന്‍ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള ചരക്ക് കപ്പല്‍ സര്‍വീസ് കേരളത്തിലെ കാര്‍ഷികോത്പന്ന കയറ്റുമതിക്ക് പ്രോത്സാഹനമേകും. കയര്‍, കയറുത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഒലിയോറെസിന്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, കശുവണ്ടി പരിപ്പ്, തുണി – കൈത്തറി, നിര്‍മാണ സാമഗ്രികള്‍, പച്ചക്കറികള്‍ പരമ്പരാഗത കരകൗശലയിനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയവയാണ് മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഏറെ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily