കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ് അശോക് കുമാറിന്റെ വീട്ടില്‍ എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവും വിജിലൻസ് സംഘവും ചേർന്ന് അർദ്ധരാത്രി മിന്നല്‍ പരിശോധന നടത്തി.
പരിശോധനയില്‍ അശോക് കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ ബാർ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ അസാധാരണ നടപടി.
ജില്ലയിലെ ഒരു റേഞ്ച് ഇൻസ്‌പെക്ടറുടെ മൊബൈല്‍ ഫോണും കമ്മീഷണർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകളില്‍ നിന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിശദീകരണം നല്‍കുന്നതിനായി രണ്ടു ഉദ്യോഗസ്ഥരോടും തിരുവനന്തപുരത്തെ എക്‌സൈസ് കമ്മീഷണറേറ്റില്‍ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ എത്തിയ ഇവരുടെ പ്രാഥമിക മൊഴി എക്‌സൈസ് കമ്മീഷണർ രേഖപ്പെടുത്തി.

