യന്ത്ര മനുഷ്യന്‍ അഥവാ റോബോട്ട് എന്ന യന്ത്രത്തെക്കുറിച്ച് ആദ്യമായി പറഞ്ഞു വച്ചത് പ്രശസ്ത ശാസ്ത്രകഥാകാരനായ ഐസക് അസിമോവ്.
1942 ല്‍ അദ്ദേഹം എഴുതിയ ‘റണ്ട എറൗണ്ട്’ എന്ന ശാസ്ത്ര കഥയില്‍. കൃത്രിമ ബുദ്ധി ആണെങ്കിലും യജമാനനെ അനുസരിക്കുന്ന യന്ത്രങ്ങളായിരുന്നു അസിമോവിന്റെ സങ്കല്‍പ്പത്തിലെ റോബോട്ടുകള്‍. എങ്കിലും താന്‍ പ്രവചിച്ച റോബോട്ടുകള്‍ എന്നെങ്കിലും മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന ശങ്ക കഥാകൃത്തിനുണ്ടായിരുന്നു. അതുകൊണ്ട് റോബോട്ടുകളഉടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മൂന്ന് കര്‍ക്കശ നിയമങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കി.
ഒരു റോബോട്ട് ഒരിക്കലും മനുഷ്യനെ മുറിവേല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല എന്നതായിരുന്നു ഐസക് അസിമോവിന്റെ ആദ്യ നിയമം. ഒരു മനുഷ്യന്‍ അപകടത്തില്‍ പെടുന്നതായി കണ്ടാല്‍ എന്ത് വിലകൊടുത്തും അയാളെ രക്ഷിക്കാന്‍ റോബോട്ട് ബാധ്യസ്ഥനാണെന്നും ആ നിയമം പറയുന്നു. മനുഷ്യന്‍ നല്‍കുന്ന എല്ലാ ഉത്തരവുകളും പാലിക്കാന്‍ റോബോട്ട് ബാധ്യസ്ഥനാണെന്നതായിരുന്നു അസിമോവിന്റെ രണ്ടാം നിയമം. ആദ്യ രണ്ട് നിയമങ്ങള്‍ക്കും വിരുദ്ധമാവാത്തിടത്തോളം കാലം സ്വയം രക്ഷ നേടാനുള്ള സ്വാതന്ത്ര്യം റോബോട്ടില്‍ നിക്ഷിപ്തമാക്കുന്നതാണ് മൂന്നാം നിയമം.
അസിമോവ് കഥ പറഞ്ഞ് ഏതാണ്ട് 90 വര്‍ഷം പൂര്‍ത്തിയാവുന്നു. അപ്പോഴേക്കും ലോകമെങ്ങും റോബോട്ടുകള്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. ചായക്കടയില്‍ സപ്ലൈയര്‍ പണിക്കും അലക്കു കടയില്‍ തുണിയലക്കുന്നതിനും മുതല്‍ ആശുപത്രിയില്‍ രോഗിയെ ചികിത്സിക്കുന്നതനും യുദ്ധത്തില്‍ ശത്രുസൈനികരെ വെടിവച്ചു തുരത്തുന്നതിനും വരെ സമസ്ത മേഖലകളിലും റോബോട്ടുകള്‍ പണിയെടുക്കുന്നു. അവയൊക്കെ കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് തന്നെയാവണം, അസിമോവിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാത്തതും!
ഫലം, സമൂഹത്തിനാകെ അപകടം. അച്ചടക്കമില്ലാത്ത, മര്യാദയില്ലാത്ത റോബോട്ടുകള്‍. കുടിച്ചു കൂത്താടി വരുന്ന തെരുവ് ഗുണ്ടയെപ്പോലെ കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)ക്കാരെയും വിശ്വസിക്കാനാവാത്ത അവസ്ഥ. അവ എപ്പോള്‍ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കുമറിയില്ല. കാരണം, യന്തിരന് ധാര്‍മ്മികതയും സമൂഹ മര്യാദയും ആരും പറഞ്ഞുകൊടുത്തിട്ടില്ല.
ജര്‍മ്മനിയിലെ കൊളോണ്‍ നഗരത്തില്‍ അയണ്‍മാന്റെ രൂപത്തിലുള്ള ഹ്യൂമനോയ്സ് റോബോട്ട് കേവലം 16 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ആരെയാണ് ഞെട്ടിപ്പിക്കാത്തത്? ഏതാണ്ട് ഒന്നേകാല്‍ മീറ്റര്‍ ഉയരമുള്ള ഈ ആന്‍ഡ്രോയ്ഡ് റോബട്ടിന്റെ ഉടമയായ 15 കാരനെയും ചങ്ങാതിയെയും പോലീസ് പിടികൂടിയെന്നതു കൊണ്ടുമാത്രം പ്രശ്നത്തിന്റെ ഗൗരവം കുറയുന്നില്ല. സൂപ്പര്‍ മാര്‍ക്കറ്റിലെ സൂപ്പര്‍വൈസറെ പാക്കിങ് മെറ്റീരിയലാണെന്നു കരുതി പപ്പടം പോലെ അടിച്ചുകൊന്ന് പായ്‌ക്ക് ചെയ്തത് മറ്റൊരു യന്തിരന്‍.
കുട്ടികള്‍ക്ക് തെറ്റായ ഉപദേശം നിരന്തരമായി നല്‍കി അവരെ ആത്മഹത്യയിലേക്കും കൂട്ട വെടിവയ്‌പ്പിലേക്കും നയിച്ച ഒരു കേസ് കെന്റുക്കി അറ്റോര്‍ണി ജനറല്‍ കോടതിക്കു മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്രതി, ചാറ്റ് ജി.പി.ടി ആണത്രേ. ഫ്ളോറിഡയിലെ ജൊനാതന്‍ ഗവാല്‍സ് എന്ന 36 കാരന്റെ ആത്മഹത്യയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഗൂഗിളിന്റെ ജമിനി ചാറ്റ് ബോട്ട്. മുഖം തിരിച്ചറിയുന്നതില്‍ തെറ്റുവരുത്തിയതിനെ തുടര്‍ന്ന് മിസ്സൗറിക്കാരന്‍ ക്രിസ്റ്റഫര്‍ ഗാത്ലിന്‍ 16 മാസം ജയിലില്‍ കിടക്കേണ്ടി വന്ന സംഭവം കോടതിയുടെ പരിഗണനയിലാണ്. കൃത്രിമ ബുദ്ധിയില്‍ ഓടുന്ന ഓട്ടോപൈലറ്റ് ഘടിപ്പിച്ച ടെസ്ലകാര്‍ വരുത്തിവച്ച അപകടത്തില്‍ കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ മൂന്നുപേര്‍. തെറ്റായ മരുന്നുപയോഗം നിരന്തരമായി നല്‍കിയതിനെ തുടര്‍ന്ന് അവശനിലയിലായ സാം നെല്‍സന്റെ രക്ഷിതാക്കള്‍ നല്‍കിയ കേസും അമേരിക്കാന്‍ കോടതിയുടെ പരിഗണനയിലാണ്.
തന്ത്രപ്രധാനമായ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറി ഡാറ്റ മോഷ്ടിക്കാനും ഡാറ്റയില്‍ കുത്തിത്തിരുപ്പുകള്‍ വരുത്താനും വരെ കൃത്രിമബുദ്ധിയുടെ ഈ സന്താനങ്ങള്‍ വളര്‍ന്നിരിക്കുന്നു. സ്വയം ചിന്തിച്ചു പ്രവര്‍ത്തിക്കാന്‍ കഴിവുള്ള എ.ഐ (കൃത്രിമ ബുദ്ധി) പടയാളികളും എ.ഐ പട്ടികളും വരെ ഇന്ന് വിവിധ വര്‍ക്ക്ഷോപ്പുകളില്‍ തയ്യാറായി നില്‍ക്കുന്നു. കൃത്രിമ ബുദ്ധി നയിക്കുന്ന ഡ്രോണുകള്‍ ഇപ്പോള്‍ത്തന്നെ യുദ്ധരംഗത്തിറങ്ങിയിരിക്കുന്നതായാണ് വാര്‍ത്ത.
2017 ല്‍ ഫേസ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് (ഫെയര്‍) രണ്ട് ചാറ്റ് ബോട്ടുകളായ ബോബ്, ആലിസ് എന്നിവരെ വച്ചു നടത്തിയ പരീക്ഷണം ഇടക്കുവച്ച് നിറുത്തിയ സംഭവവും നമുക്ക് ഇവിടെ കൂട്ടിവായിക്കാം. ബോബും
ആലീസും തമ്മില്‍ ഒരു രഹസ്യഭാഷയുണ്ടാക്കി പരസ്പരം സംസാരിക്കാന്‍ തുടങ്ങിയത്രേ. ഗവേഷകരുടെ കയ്യില്‍നിന്ന് വഴുതിപ്പോയ പരീക്ഷണം ഉടനടി നിര്‍ത്തിവച്ചുവെന്ന് കഥ.
എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/കൃത്രിമ ബുദ്ധി) ഭാഷാമാതൃകകള്‍ നിയന്ത്രിക്കുന്ന റോബോട്ടുകള്‍ വിവേചനപരവും അപകടകരവുമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സാധ്യത 2025 ല്‍ പുറത്തുവന്ന ഒരു പഠനം അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഏതാനും മാസം മുന്‍പ് പ്രമുഖ എഐ കമ്പനി മേധാവികള്‍ ഐക്യരാഷ്‌ട്രസഭയോട് ഒരു അഭ്യര്‍ത്ഥന നടത്തിയത്- കൃത്രിമ ബുദ്ധിയെ നിയന്ത്രിക്കുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ഉണ്ടാവണം.
കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഉത്തരവാദിത്വങ്ങളും കുറ്റമറ്റതാക്കാന്‍ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് അഭ്യര്‍ത്ഥന നടത്തിയത് 2026 സെപ്തംബറിലാണ്. കുട്ടികളെ ലക്ഷ്യമിട്ടുള്ള എഐ ദുരുപയോഗങ്ങള്‍ തടയണം; മനുഷ്യന്റെ ജീവന്‍ അപഹരിച്ചേക്കാവുന്ന തീരുമാനങ്ങളെടുക്കാന്‍ പത്രങ്ങളെ അനുവദിക്കരുത്- അദ്ദേഹം പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ ഗുട്ടറസും അന്താരാഷ്‌ട്ര റെഡ്ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്പോള്‍ ജാരിക്കും ചേര്‍ന്ന് നടത്തിയ അഭ്യര്‍ത്ഥന ഇങ്ങനെ- മനുഷ്യരെ ആക്രമിക്കുന്നതും സ്വയം തീരുമാനമെടുക്കുന്നതുമായ സ്വയം പ്രവര്‍ത്തക എഐ മാരകായുധങ്ങളെ നിയന്ത്രിക്കണം.
ലോകത്തെ പ്രമുഖരായ 400 കൃത്രിമ ബുദ്ധി വിദഗ്ധര്‍ ചേര്‍ന്ന് മറ്റൊരു അഭ്യര്‍ത്ഥനയും നടത്തി. എഐ കാര്യത്തില്‍ കൃത്യമായ നിരീക്ഷണത്തിന് അന്താരാഷ്‌ട്ര സംവിധാനം അത്യാവശ്യം! ജനയിതാക്കള്‍ക്കുതന്നെ തങ്ങളുടെ കൃത്രിമബുദ്ധി യന്ത്രങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് സാരം.
മനുഷ്യജീവിതം സുഖകരമാക്കുന്നതിനുള്ള കരുത്തുറ്റ ഉപകരണമാണ് എഐ എന്ന കൃത്രിമ ബുദ്ധി. പക്ഷേ ലവലേശം ധാര്‍മ്മികതയും നൈതികതയും അതിലില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസൃതമായി മൂല്യബോധവും സാമൂഹ്യ പ്രതിബദ്ധതയും മനുഷ്യത്വവും വളരണം. അല്ലെങ്കില്‍ അപകടമാണ്. ലോകപ്രശസ്ത എഐ കമ്പനികളായ അന്ത്രോപിക്, ക്ലോസ്, പെര്‍പ്ലെക്സിറ്റി, ഓപ്പണ്‍ എഐ, റണ്‍വേ, കൊഹിയര്‍, മിസ്ട്രല്‍, ഗ്രോക്ക് തുടങ്ങിയവരെല്ലാം അതിനെക്കുറിച്ച് ബോധവാന്മാരാണിന്ന്.
അതിനുള്ള ആശ്വാസകരവും ആശാവഹവുമായ തുടക്കമാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആന്ത്രോപിക നടത്തിയ ധാര്‍മ്മികാചാര്യന്മാരുടെയും തത്വചിന്തകന്മാരുടെയും വട്ടമേശ സമ്മേളനം. ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തില്‍ പങ്കെടുത്തത് ടെക്നോളജി വിദഗ്ധന്‍കൂടിയായ ഭാരത സംന്യാസി സ്വാമി സര്‍വപ്രിയാനന്ദ. രാമകൃഷ്ണമഠം, ന്യൂയോര്‍ക്ക് ശാഖയുടെ അധ്യക്ഷന്‍. അതിവേഗം വളരുന്ന കൃത്രിമ ബുദ്ധി വ്യവസായത്തില്‍ ധാര്‍മ്മികതയും നീതിശാസ്ത്രവും സമന്വയിപ്പിക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്ക് കഴിയുമെന്ന് നാം പ്രതീക്ഷിക്കുക.
അതിനു കഴിഞ്ഞില്ലെങ്കില്‍ മനുഷ്യകുലത്തെ കാത്തിരിക്കുക മഹാവിപത്തായിരിക്കുമെന്നതിന് രണ്ട് പക്ഷമില്ല. മേരി ഷെല്ലിയുടെ ഭീകര നോവല്‍ ‘ഫ്രാങ്കണ്‍സ്റ്റിന്‍’ ഇവിടെ ഓര്‍മ്മയിലേക്ക് കടന്നുവരുന്നു. നെടുനാളത്തെ ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞന്‍ രൂപംകൊടുക്കുന്ന ഒരു മഹാസത്യം ഒടുവില്‍ ശാസ്ത്രജ്ഞനെയും ബന്ധുമിത്രാദികളെയുമൊക്കെ വേട്ടയാടുന്ന ദാരുണ സ്ഥിതിയാണ് നോവലിലെ പ്രതിപാദ്യം. ‘ഫ്രാങ്കണ്‍സ്റ്റിനില്‍’ സംഭവിച്ചതൊക്കെത്തന്നെയാവും. ഒരുപക്ഷേ അതിനെക്കാളും എത്രയോ ഇരട്ടി ഭീകരമായ അവസ്ഥ.

