ജയ്പൂർ : ഹിന്ദു ക്ഷേത്രങ്ങള്‍ മുതല്‍ ജഡ്ജിമാരുടെ വീടുകള്‍, സർക്കാർ കെട്ടിടങ്ങള്‍ എന്നിവയ്‌ക്ക് മേല്‍ വരെ അവകാശം ഉന്നയിച്ച രാജസ്ഥാൻ വഖഫ് ബോർഡിനെതിരെ ഹൈക്കോടതി.
ജോധ്പൂരിലെ നിരവധി പ്രധാന പൊതു സ്വത്തുക്കള്‍ വഖഫ് സ്വത്തുക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ .ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സോഹൻലാല്‍ മണിഹാർ സ്കൂള്‍, ഷാ ഗോവർദ്ധൻലാല്‍ കബ്ര കോളേജ്, കബ്ര മാതൃശ്രീ കലാ മന്ദിർ, അഗർവാള്‍ ബാഗിച്ചി, അഗർവാള്‍ മഹാവീർ മന്ദിർ, സത്ഗുരു കബീർ ആശ്രമം, ഗൗരേശ്വർ മഹാദേവ് മന്ദിർ, മാരു ലോഹർ സിക്ലിഗർ മന്ദിർ, ജുനഗർ ന്യാതി ബാഗിച്ചി, രണ്ട് ന്യാതി ഭവനങ്ങള്‍, ഗീതാ ഭവൻ, മറ്റ് വിവിധ റെസിഡൻഷ്യല്‍, വാണിജ്യ സ്വത്തുക്കള്‍ , രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി വിനീത് കുമാർ മാത്തൂറിന്റെയും ജാർഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ടാറ്റിയയുടെയും ഔദ്യോഗിക വസതികളും വഖഫ് ഗസറ്റിലും ‘ഉമ്മീദ്’ പോർട്ടലിലും വഖഫ് സ്വത്തുക്കളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് സർക്കാർ ഔദ്യോഗിക റവന്യൂ രേഖകള്‍ക്ക് വിരുദ്ധമാണ്
അതുകൊണ്ട് തന്നെ പട്ടികയില്‍ പരാമർശിച്ചിരിക്കുന്ന സ്വത്തുക്കളുടെ നിലവിലെ നിയമപരമായ നിലയിലോ ഉടമസ്ഥതയിലോ യാതൊരു മാറ്റവും വരുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട് മ്യൂട്ടേഷൻ, കൈമാറ്റം, പാട്ടത്തിന് നല്‍കല്‍, ലൈസൻസിംഗ്, നിർമ്മാണം അല്ലെങ്കില്‍ പൊളിക്കല്‍ തുടങ്ങിയ യാതൊരു നടപടികളും സ്വീകരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കൂടാതെ, എല്ലാ റവന്യൂ രേഖകളും സുരക്ഷിതമാക്കാനും ജിപിഎസ് ഡാറ്റയും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് ഭൂമിയുടെ ഭൗതിക പരിശോധന നടത്താനും ജോധ്പൂർ ജില്ലാ കളക്ടറോട് ഉത്തരവിട്ടിട്ടുണ്ട്.
രാജസ്ഥാൻ ബോർഡ് ഓഫ് മുസ്ലീം വഖഫിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് (സിഇഒ) ഭൂമിയുടെ യഥാർത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു . വഖഫ് പോർട്ടലിലും ഔദ്യോഗിക ഗസറ്റിലും ഈ സ്വത്തുക്കള്‍ ഉള്‍പ്പെടുത്തുന്നതിന് അടിസ്ഥാനമായ രേഖകള്‍ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയോ ബാധിത കക്ഷികളെ അറിയിക്കാതെയോ ഏതെങ്കിലും സ്വത്ത് വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യുന്നത് ഗുരുതരമായ പ്രശ്നമാണെന്നും കോടതി വിലയിരുത്തി.
ഭരണഘടനയുടെ ആർട്ടിക്കിള്‍ 25 ഉദ്ധരിച്ച്, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രധാനമാണെങ്കിലും, ഒരു മതപരമായ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയില്ലെന്നും. കോടതി അഭിപ്രായപ്പെട്ടു

