Dailyhunt
ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

തിരുവനന്തപുരം: ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി കുടപ്പനക്കുന്ന് കവിത വിഹാറില്‍ വിഷ്ണു ക്ഷേത്ര വളപ്പില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കവിത ഗണേശന്‍ ഡിജിപിക്കു പരാതി നല്കി.

ക്ഷേത്രോത്സവത്തിന്റെ ആദ്യദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ക്ഷേത്ര ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് ചില ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയെ മാനസികമായി പീഡിപ്പിച്ചെന്നും മേല്‍ശാന്തി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സ്വകാര്യവസ്തുക്കളും മറ്റ് രേഖകളും കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച്‌ 22ന് തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ നല്കിയ തീര്‍ത്ഥം ഉപേക്ഷിച്ചത് ആചാര ലംഘനമായി മേല്‍ശാന്തി കണക്കാക്കി. തുടര്‍ന്ന് ഭക്തിയില്ലാത്ത വ്യക്തികളെ ആചാര ലംഘനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രീകോവിലിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. ഇത് ചില ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളെയും എംഎല്‍എയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്ന് മേല്‍ശാന്തി നിരന്തര മാനസിക പീഡനത്തിനും അപമാനത്തിനും വിധേയനായി.

ഉത്സവത്തിന്റെ അവസാന ദിവസം, ഘോഷയാത്രയിലെ ആചാരപരമായ പങ്കില്‍ നിന്ന് നീക്കുകയും പരസ്യമായി ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ പൂജാ കര്‍മങ്ങളില്‍ നിന്നൊഴിവാക്കുമെന്നും പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തി. ജാതീയമായി ആക്ഷേപിച്ചു. മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല, മുറിയില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്വകാര്യ വസ്തുക്കളും രേഖകളും അജ്ഞാതര്‍ നശിപ്പിക്കുകയോ എടുത്തുകൊണ്ടുപോകുകയോ ചെയ്തു. ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ല. ഭര്‍ത്താവിന്റെ മരണം ഒറ്റപ്പെട്ട ആത്മഹത്യയല്ലെന്ന് വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ട്.

ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെ തുടര്‍ച്ചയായ പീഡനം, പുറത്താക്കുമെന്ന ജാതി അടിസ്ഥാനമാക്കിയുള്ള ഭീഷണി, എംഎല്‍എയുടെ ആചാര ലംഘനവുമായി ബന്ധപ്പെട്ട അപമാനവും നിര്‍ബന്ധിത ക്ഷമാപണവും, തെളിവു നശിപ്പിക്കല്‍, ആത്മഹത്യാ പ്രേരണ തുടങ്ങിയവയെക്കുറിച്ചെല്ലാം മുതിര്‍ന്ന ഉദ്യോഗസ്ഥനോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നും ഭാര്യയുടെ പരാതിയില്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily