ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഇന്നു പ്രാബല്യത്തില്‍ വരുന്നതോടെ കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് ആശ്വാസം ലഭിക്കുക.
ആയിരത്തിലേറെ മരുന്നുകള്‍ക്ക് ഇളവ് ബാധകമാവും. ശ്വാസകോശം, വന്‍കുടല്‍, അണ്ഡാശയം, ഗര്‍ഭാശയമുഖം, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ക്കുള്ള മരുന്നുകളുടെ പുതിയ എംആര്‍പി നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പല മരുന്നുകള്‍ക്കും 50 ശതമാനം വിലക്കുറവാണ് വരുത്തിയിട്ടുള്ളത്. ചിലതിന്റെ വില 96 ശതമാനത്തിലേറെ കുറയും.
നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്നാണ് ക്യാന്‍സര്‍ മരുന്നുകളുടെ വിലപരിധി നിശ്ചയിച്ചിരിക്കുന്നത്.
ജീവന്‍രക്ഷാ-കാന്‍സര്‍ മരുന്നുകള്‍ക്ക് ആശുപത്രികള്‍ പത്തിരട്ടി വരെ അമിതവില ഈടാക്കുന്നതിനെ അടുത്തിടെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത് നരനായാട്ടാണെന്നും, ലളിതമായ ഭാഷയില്‍ മറ്റൊരു വിശേഷണവും അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
മരുന്നു കമ്പനികളുടെയും വിതരണക്കാരുടെയും ആശുപത്രികളുടെയും ഈ ക്രൂരമായ ചൂഷണത്തിന് സാധാരണക്കാരായ രോഗികളാണ് ഇരയാകുന്നതെന്ന് പറഞ്ഞ കോടതി, രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാത്തരം മരുന്നുകള്‍ക്കും പരമാവധി 16 ശതമാനം എന്ന ഏകീകൃത ലാഭപരിധി നിശ്ചയിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
മരുന്ന് മൊത്തവിതരണക്കാര്‍ക്ക് വെറും 2,700 രൂപയ്‌ക്ക് ലഭിക്കുന്ന കാന്‍സര്‍ മരുന്നുകള്‍ക്ക് ആശുപത്രികള്‍ എംആര്‍പിയായി 27,000 രൂപ രേഖപ്പെടുത്തി രോഗികളില്‍നിന്ന് പിഴിഞ്ഞെടുക്കുന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികള്‍ ആരെയും വെറുതെ വിടുന്നില്ല. ബില്ലടച്ചില്ലെങ്കില്‍ മൃതദേഹം പോലും വിട്ടുകൊടുക്കാന്‍ മടിക്കുന്ന അവസ്ഥയാണ് പലയിടത്തും കാണുന്നത്. കോര്‍പ്പറേറ്റ് ആശുപത്രികള്‍ എന്നത് സേവനമേഖലയല്ലാതായി മാറിയിരിക്കുന്നു. അതൊരു വ്യവസായ കേന്ദ്രം മാത്രമാണ്. എന്തിനാണ് സാധാരണക്കാര്‍ ഇതിന്റെ പേരില്‍ ഇത്രയധികം ദുരിതം അനുഭവിക്കുന്നത്? അവശ്യമരുന്നുകള്‍, അല്ലാത്തവ എന്ന വേര്‍തിരിവ് ഒഴിവാക്കി അവശ്യസാധന നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ മരുന്നുകള്‍ക്കും പരമാവധി 16 ശതമാനത്തില്‍ കൂടുതല്‍ ലാഭവിഹിതം അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. വിഷയം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വഴി ചികിത്സ തേടുന്ന രോഗികളുടെ ഈ അമിത ബില്ലുകള്‍ അടച്ചുതീര്‍ക്കുന്നത് രാജ്യത്തെ സാധാരണക്കാരായ നികുതിദായകരുടെ പണമാണെന്നും, ആ തുക കൊള്ളലാഭമായി പോക്കറ്റിലാക്കുന്നത് സ്വകാര്യ ആശുപത്രികളാണെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ വിപണി സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഒരു ശാശ്വത പരിഹാരം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്
പുതിയ നടപടി അര്‍ബുദ രോഗികള്‍ക്ക് പ്രതിവര്‍ഷം 3500 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കും. മരുന്നുകള്‍ വിതരണക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും നല്‍കുന്ന വിലയും ഉപഭോക്താക്കള്‍ക്കുള്ള പരമാവധി വില്‍പ്പന വിലയും തമ്മിലുള്ള അന്തരം കുറച്ചാണ് മരുന്നുകളുടെ വില നിയന്ത്രിച്ചിരിക്കുന്നത്. ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും പേറ്റന്റുള്ളതും ഇല്ലാത്തതുമായ മരുന്നുകള്‍ക്കും പുതിയ നിയന്ത്രണം ബാധകമാകും.
നേരത്തെ അവശ്യമരുന്നുകളുടെ പട്ടികയിലുള്ള 131 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് മാത്രമായിരുന്നു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
ആദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത്. പക്ഷേ പലപ്പോഴും ഈ തീരുമാനം മരുന്ന് കമ്പനികളും വില്‍പ്പനക്കാരും ആശുപത്രികളും കൂട്ടുചേര്‍ന്ന് അട്ടിമറിക്കുകയാണുണ്ടായത്. വിപണിയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക്‌ഒരു കാരണവശാലും ലഭിക്കാത്ത അവസ്ഥ ഇവര്‍ ഉറപ്പുവരുത്തും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജന്‍ ഔഷധി ശാലകള്‍ ആരംഭിച്ചത്. എന്നാല്‍ ഈ സംവിധാനത്തിനെതിരെ മരുന്ന് ലോബികളും ആശുപത്രികളും വലിയ കുപ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഇത് പ്രകടവുമാണ്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പ്രചരിപ്പിച്ച് പാവപ്പെട്ട രോഗികളെ അകറ്റുകയാണ്. കുറഞ്ഞ വിലയ്‌ക്കുള്ള മരുന്നുകള്‍ ഇല്ലെന്നു പറഞ്ഞ് ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ പുറത്തുനിന്ന് മരുന്നുകള്‍ കൊണ്ടുവെച്ച് വലിയ വിലക്ക് വില്‍ക്കുന്ന രീതിയുമുണ്ട്. ഇത്തരക്കാരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് മുന്‍കൈയെടുക്കണം.

