കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് മുഖ്യവിതരണക്കാര്‍ കുടുങ്ങിയത്. അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെയാണ് ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്. ചേരാനല്ലൂരില്‍ വാടക വീട് എടുത്തായിരുന്നു ഇവരുടെ പ്രവർത്തനം.
‘പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. അമല്‍ ജോര്‍ജിനെ നേരത്തെ ലഹരിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്. കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈല്‍ ആളുകള്‍ക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
വിവിധ ഇടങ്ങളില്‍ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുന്നതാണ് ഇവരുടെ രീതി. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇവർ ആർക്കൊക്കെയാണ് ലഹരി നല്‍കിയിരുന്നതെന്ന കാര്യത്തില്‍ കൃത്യമായ അന്വേഷണം പോലീസ് തുടങ്ങിക്കഴിഞ്ഞു. ഇവർ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.

