Dailyhunt
ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാള്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്‌ട്രയിലെ മുംബ്രെയില്‍, സഹോദരീ തുല്യയായ യുവതിയെ ലൈംഗികമായി ആക്രമിച്ചവരെ മദ്ധ്യവയസ്‌കൻ വെടിവെച്ചു.

ഒരാള്‍ ആശുപത്രിയില്‍ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. വെടിവെച്ചയാള്‍ പേരുകൊണ്ട് മലയാളിയാണ്. ഇയാള്‍ പക്ഷേ ജനിച്ചത് കൊല്‍ക്കൊത്തയിലും വളർന്നത് മഹാരാഷ്‌ട്രയിലുമാണ്.
താനെയിലെ മുംബ്രയിലാണ് സംഭവം. ജയൻ ശിവാനന്ദൻ നായരാണ് വെടിവച്ചത്. കുട്ടിക്കാലത്തേ മാതാപിതാക്കള്‍ നഷ്ടമായ ജയൻ ശിവാനന്ദനെ എടുത്തുവളർത്തിയ അമ്മയുടെ മകളെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. ഇയാള്‍ സഹോദരിയെ പോലെ കരുതുന്നതാണ് ഈ യുവതി.
ഈ പ്രദേശം പൊതുവേ കുടിയേറി താമസിക്കുന്നവരുടേതാണ്. ബംഗാളില്‍നിന്നുള്‍പ്പെടെ ഇവിടെ അനധികൃതമായി ആളുകള്‍ താമസിക്കുന്നുണ്ട്. കുറ്റവാളികളുടെ ഒളിത്താവളവുമാണ് ഇവിടം.
വെടിയേറ്റ മൂന്ന് പേരില്‍ അക്ബർ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. ജയൻ ശിവാനന്ദൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 11.30ഓടെ സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് സമീപമാണ് സംഭവം. അബ്ദുള്‍ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുള്‍ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ ചേർന്ന് യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുറച്ച്‌ കാലമായി ഇവർ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഈ വിവരം യുവതിതന്നെ വീട്ടില്‍ അറിയിച്ചിരുന്നു. ലൈംഗികാതിക്രമത്തിനും ഇവർ പല തവണ ശ്രമിച്ചിരുന്നു.

താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് യുവാക്കളെ വെടിവച്ചതെന്ന് ജയൻ പൊലീസിനോട് പറഞ്ഞു. നാടൻ തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ട്. ജയൻ ശിവാനന്ദൻ നായരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മുൻ സൈനികനാണെന്ന് പറയുന്നുണ്ട്. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily