പസിഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന അതിശക്തമായ ‘സൂപ്പർ എല്‍ നിനോ’ പ്രതിഭാസം 2026ല്‍ ഇന്ത്യയുടെ കാലവർഷത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകള്‍.
ഒരു ദശകത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം ആഗോളതലത്തില്‍ അന്തരീക്ഷ ചംക്രമണത്തെ അടിമുടി മാറ്റുകയും പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുമെന്നാണ് ശാസ്ത്രസംഘം പറയുന്നത്.
സാധാരണ എല്‍ നിനോ പ്രതിഭാസത്തേക്കാള്‍ ആഘാതം കൂടിയ രൂപമാണിത്. പസിഫിക് സമുദ്രത്തിന്റെ ഉപരിതല താപനില സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യയത്തില്‍ കൂടുതല്‍ വർധിക്കുമ്പോഴാണ് ഇതിനെ ‘സൂപ്പർ എല്‍ നിനോ’ എന്ന് വിളിക്കുന്നത്. . 2015-16 കാലഘട്ടത്തില്‍ ഉണ്ടായ റെക്കോർഡ് ഭേദിച്ച എല്‍ നിനോയേക്കാള്‍ കരുത്തനായിരിക്കും 2026ലേത് എന്നാണ് ശാസ്ത്രലോകത്തിന്റെ ഭയം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ എല്‍ നിനോ നേരിട്ട് ബാധിക്കും. 2026ല്‍ ഇന്ത്യയില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ 94 ശതമാനം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ. അതായത് ‘ബിലോ നോർമല്‍’ മണ്‍സൂണ്‍ ആയിരിക്കും ലഭിക്കുക.
മണ്‍സൂണിന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് എല്‍ നിനോ ശക്തിപ്രാപിക്കുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരിക്കും മഴയില്‍ വലിയ കുറവ് അനുഭവപ്പെടുക. ഇന്ത്യയിലെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും മഴയെ ആശ്രയിച്ചാണ് കഴിയുന്നത്. നെല്ല്, പരുത്തി, കരിമ്പ് തുടങ്ങി ഖാരിഫ് വിളകളെ മഴക്കുറവ് ഗുരുതരമായി ബാധിക്കും. ഇത് ഭക്ഷ്യോത്പാദനം കുറയാനും പണപ്പെരുപ്പം വർധിക്കാനും കാരണമായേക്കാം.
2027 വരെ നീണ്ടുനില്‍ക്കാവുന്ന കടുത്ത പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നത്. കാനഡ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ അസഹനീയമായ ചൂടും ഈർപ്പവും അനുഭവപ്പെടും. ഓസ്‌ട്രേലിയയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കടുത്ത വരള്‍ച്ചയുണ്ടാകുമ്പോള്‍ പെറു, കിഴക്കൻ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ അപ്രതീക്ഷിത പ്രളയത്തിന് സാധ്യതയുണ്ട്. പസിഫിക് സമുദ്രത്തിലെ താപനില വർധിക്കുന്നത് ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടും.
ആഗോളതാപനം വർധിക്കുന്നത് എല്‍ നിനോയുടെ ആഘാതം ഇരട്ടിയാക്കുന്നു. ഓരോ തവണ എല്‍ നിനോ വരുമ്പോഴും അത് മുൻപത്തേക്കാള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതയ്‌ക്കുന്നു. ഇന്ത്യയില്‍ മണ്‍സൂണ്‍ മഴയുടെ പാറ്റേണുകള്‍ മാറുന്നതും പെട്ടെന്നുള്ള അതിശക്തമായ മഴയും, ദീർഘകാലം നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗങ്ങളും ഇതിന്റെ സൂചനകളാണ്.

