Wednesday, 10 May, 3.18 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
ലോപയുടെ കവിതാക്ഷരങ്ങള്‍

 

മൂന്നാം വയസ്സില്‍ പിതാവിനെ നഷ്ടമായ ബാലിക. മുത്തച്ഛനും അമ്മയ്ക്കുമൊപ്പം വളര്‍ന്ന അവള്‍ക്ക്, ചെറുപ്രായത്തില്‍ തനിക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് അത്ര അറിവില്ലായിരുന്നു. പിന്നീട് സഹപാഠികളായ കുട്ടികള്‍ അച്ഛനൊപ്പം യാത്രചെയ്യുകയും ഉത്സവങ്ങള്‍ കാണാന്‍ പോവുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആ നഷ്ടം അവള്‍ തിരിച്ചറിഞ്ഞു. ഒപ്പം മരിച്ചവര്‍ തിരിച്ചെത്തുകയില്ലന്ന യാഥാര്‍ത്ഥ്യവും. തന്റെ ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ അവള്‍ക്ക് കൂട്ടില്ലായിരുന്നു. ഒടുവില്‍ തിരഞ്ഞെടുത്ത കൂട്ട് കവിതയാണ്. ആരുമറിയാതെ കടലാസില്‍ കുത്തിക്കുറിച്ച വാക്കുകള്‍ സാഹിത്യരസം നിറഞ്ഞ കവിതകളായി. അതിന്റെ സ്രഷ്ടാവ് കേരളം അറിയുന്ന, മലയാളികളുടെ പ്രിയപ്പെട്ട കവയത്രിയായി. ആര്‍. ലോപ എന്നാണ് ആ കവയിത്രിയുടെ പേര്.

ഹരിപ്പാട് ആയാപറമ്പ് കൊട്ടാരത്തില്‍ പരേതനായ മുരളീധരന്റെയും റിട്ട. ട്രഷറി ഉദ്യോഗസ്ഥ രേണുകയുടെയും മകളാണ് ലോപ. കേന്ദ്രസാഹിത്യഅക്കാദമി മുപ്പത്തഞ്ചുവയസ്സില്‍ താഴെയുള്ളവര്‍ക്ക് നല്‍കുന്ന യുവപുരസ്‌കാറിനും ലോപ അര്‍ഹയായി.
ന്യൂജന്‍ കാലത്ത് തളര്‍ച്ചബാധിച്ച മലയാളകവിതയെ ഒരു കൈക്കുമ്പിളില്‍ കോരിയെടുത്ത് അതിന്റെ പ്രതാപകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഈ യുവ കവയത്രി. അതിന്റെ ഉത്തമ ഉദാഹരണമാണ് ലോപയുടെ അവാര്‍ഡിനര്‍ഹമായ ‘പരസ്പര’ത്തിലെ കവിതകള്‍. പുതുകവികളില്‍ ഏറെ പക്ഷത്തിനും വൃത്തമോ ഈണമോ ഇല്ലായെങ്കില്‍ ലോപയുടെ രചനകളില്‍ ഇത് രണ്ടും കാണാന്‍ കഴിയും. ഒരുകാലത്ത് മലയാള കവിത അന്തസ്സോടെ സഞ്ചരിച്ച ഇടവഴിയും തൊടിയും സമൃദ്ധമായ പുഴയും ഗ്രാമവും ശുദ്ധരായ ജനവിഭാഗത്തേയും ലോപയുടെ കവിതകളില്‍ കാണാന്‍ കഴിയും.

സമൂഹത്തോടും വ്യക്തിയോടും വ്യര്‍ത്ഥസ്വപ്‌നങ്ങളെപ്പറ്റി വാചാലയാവുകയല്ല മറിച്ച് പ്രതിബദ്ധത നിറഞ്ഞ ആത്മബോധത്തോടെ പ്രതികരിക്കുകയാണ് ലോപ തന്റെ തൂലികയില്‍ നിന്നുവീഴുന്ന കവിതാക്ഷരങ്ങളിലൂടെ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം അത് അര്‍ഹിക്കുന്ന കൈകളിലാണ് എത്തപ്പെട്ടിരിക്കുന്നതെന്നു ലോപയുടെ കവിതകള്‍ വായിച്ചുകഴിയുമ്പോള്‍ മനസിലാകും. ആനുകാലിക വിഷയങ്ങളെക്കാള്‍ മൗലിക പ്രശ്‌നങ്ങളാണ് ലോപയുടെ കവിതകളില്‍ കൂടുതലായി കാണുന്നത്. സ്ത്രീയും ഭക്തിയും മനസ്സിന്റെ ഭ്രമര ഭാവങ്ങളുമൊക്കെ ലോപയുടെ കവിതകളില്‍ കണ്ടുമുട്ടാം.

കവിയും കഥാപ്രാസംഗികനുമായ മുത്തച്ഛന്‍ ആര്‍.കെ.കൊട്ടാരത്തിലിന്റെ സ്വാധീനത്താല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ചില കുറിപ്പുകള്‍ എഴുതുമായിരുന്നു. അച്ഛന്റെ കുറവ് അറിയിക്കാതെ വളര്‍ത്തിയ മുത്തച്ഛന്റെ സാമിപ്യമാണ് തന്നെ കവിതയെഴുതിപ്പിച്ചതെന്ന് ലോപ പലവട്ടം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്കു വേണ്ടി പാരഡി ഗാനങ്ങളും തമാശക്കവിതകളും എഴുതിക്കൊടുക്കുമായിരുന്നു. അപ്പോഴും, തന്റെ ദുഃഖങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതുന്ന കവിതകള്‍ ആരെയും കാണിച്ചിരുന്നില്ല. 2000 ല്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ എംഎയ്ക്കു പഠിക്കുമ്പോഴാണ് മനസ് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നീട് ഒട്ടേറെ കവിതകള്‍ നിരവധി ആനുകാലികങ്ങളിലും വന്നു. 34 കവിതകള്‍ അടങ്ങിയ പരസ്പരം എന്ന കവിതാ സമാഹാരത്തിനാണ് 2012 ല്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് ലോപയെത്തേടി എത്തിയത്.

വൈക്കോല്‍പാമ്പ്, വൃത്തസ്ഥിത, തൊട്ടാവാടി, രേണുക, ആത്മഹത്യയുടെ ദിവസം, നമ്മള്‍ ചുംബിക്കുമ്പോള്‍ തുടങ്ങി നിരവധി കവിതകളും കവിതാസമാഹാരങ്ങളും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികകൂടിയായ ലോപയുടെ തൂലികയില്‍നിന്ന് മലയാളത്തിന് ലഭിച്ചു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ലോപ ഇംഗ്ലീഷില്‍ കവിതകള്‍ എഴുതാറില്ലെങ്കിലും ടാഗോര്‍ കൃതികളും ഷെയ്ക്‌സ്പിയറിന്റെ ഗീതകങ്ങളുമൊക്കെ ലോപ മലയാളത്തിലാക്കിക്കഴിഞ്ഞു. സോള്‍ ബെല്ലോയുടെ ‘ദിവൃക്കര്‍’ എന്ന നാടകത്തിന്റെ വിവര്‍ത്തനവും ഇതിനിടയില്‍ പൂര്‍ത്തിയാക്കി.
2001 ല്‍ യുവകവികള്‍ക്കുള്ള കുഞ്ചുപിള്ള അവാര്‍ഡ്, വി.ടി. കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, 2003 ല്‍ ഗീതാ ഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ്, 2009 ല്‍ തപസ്യയുടെ ദുര്‍ഗാദത്ത പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌ക്കാരം, 2016 ല്‍ മയൂരദേശം ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങളാണ് ലോപയെ തേടിയെത്തിയത്.

അവാര്‍ഡുകളുടെയും അംഗീകാരത്തിന്റെയും മുന്തിരിവള്ളികള്‍ ചുറ്റി മലയാള സാഹിത്യലോകത്ത് തന്റേതായ സൂര്യകിരീടംചൂടിയിരിക്കുകയാണ് ഈ യുവകവയത്രി. ഹരിപ്പാട് കാരിക്കാമഠത്തില്‍ മനോജാണ് ഭര്‍ത്താവ്. മകന്‍ ഹരിശങ്കര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top