മലപ്പുറം: കൊണ്ടോട്ടിയില്‍ നാലു വയസുകാരൻ (ആദം അയ്‌മൻ) ഒഴുക്കില്‍പ്പെട്ട് മരിച്ചു. നീറാട് തോട്ടില്‍ ആണ് അപകടം.
തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഒഴുക്കില്‍പ്പെട്ട് വരുന്നതു കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം നിലവില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകനാണ് അയ്‌മൻ. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ്ട രണ്ടുപേർ മരിച്ചിരുന്നു. മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മഷിക്കല്ലേല്‍ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

