Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കാസര്‍കോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നീക്കം വീണ്ടും സജീവമാകുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കിയതോടെയാണ് സര്‍വീസ് നീട്ടുമെന്ന പ്രതീക്ഷ ശക്തമായത്. നേരത്തെ ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ ചില രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാല്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ബൈന്ദൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ റെയില്‍വേ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മംഗല്‍പ്പാടിയിലെ എം.ആര്‍.പി.എല്ലില്‍ നടന്ന 'സ്വച്ഛതാ പക്ക്വാഡ' പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ മറ്റ് വന്ദേഭാരത് ട്രെയിനുകള്‍ 150 ശതമാനത്തിലധികം ഒക്യുപെന്‍സിയോടെ മികച്ച വരുമാനം നേടുമ്പോള്‍, മംഗളൂരു-ഗോവ വന്ദേഭാരത് ട്രെയിനില്‍ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വീസ് ലാഭകരമാക്കാന്‍ മലബാറിലേക്ക് ട്രെയിന്‍ നീട്ടുക മാത്രമാണ് പ്രായോഗിക പരിഹാരമെന്നാണ് യാത്രക്കാരുടെ കൂട്ടായ്‌മകളും റെയില്‍വേയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടിയാല്‍ യാത്രക്കാര്‍ക്കും റെയില്‍വേയ്‌ക്കും ഒരുപോലെ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൊല്ലൂര്‍ മൂകാംബിക (ബൈന്ദൂര്‍), ഉഡുപ്പി, മുരുഡേശ്വര്‍ തുടങ്ങിയ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്ന മലബാറിലെ യാത്രക്കാര്‍ക്ക് ഇത് ഏറെ സഹായകരമാകും. അതേസമയം, കേരളത്തില്‍ നിന്ന് ഗോവയിലേക്ക് വേഗത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും ഈ സര്‍വീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily