Thursday, 04 Mar, 9.36 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
മസാല ബോണ്ടില്‍ ഇഡി‍ അന്വേഷണം‍: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുറുകിയതോടെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കാലിടറുന്നു. കിഫ്ബിയുടെ ധന സമാഹരണത്തിന് ഇറക്കിയ മസാല ബോണ്ട് വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ഐസക്കും പ്രതിയാകും. അതിനാല്‍ താന്‍ നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ധനമന്ത്രി.

ഇതിനു മുമ്ബ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോടെല്ലാം, എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചെന്നും മറുപടി നല്‍കിയതെന്താണെന്നും സര്‍ക്കാര്‍ ചോദിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ആശയ വിനിമയം നടത്തിയതായി തോമസ് ഐസക് സമ്മതിച്ചു.

മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ത്തന്നെ വിവാദങ്ങള്‍ ഉടലെടുക്കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ബോണ്ടുകള്‍ വില്‍ക്കുന്നത് കര്‍ശന നിബന്ധനകളോടെ ആയിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കടപ്പത്രം ലിസ്റ്റ് ചെയ്താല്‍ പണമുള്ള ആര്‍ക്കും വാങ്ങാം. ഇങ്ങനെ 2150 കോടി രൂപ വിദേശത്തു നിന്ന് മസാല ബോണ്ടിലൂടെ കിഫ്ബിയിലേക്ക് എത്തി.

കിഫ്ബി വഴി 63,250 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നാണ് തോമസ് ഐസക് പറഞ്ഞത്. പതിനായിരം കോടി രൂപ പദ്ധതികളുടെ നിര്‍മാണച്ചെലവിനായി നല്‍കിയെന്നും പറയുന്നു. മസാല ബോണ്ടുവഴി വന്നതാകട്ടെ 2150 കോടി രൂപ. ബാക്കി പണം എവിടെ നിന്ന് വന്നു, എന്തിന് ചെലവഴിച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

മസാല ബോണ്ടിലൂടെ എത്തിയ പണത്തിന് 10 ശതമാനമാണ് പലിശ. അതായത് പലിശയിനത്തില്‍ത്തന്നെ വളരെ വലിയ തുക നല്‍കണം. ഇത് സംസ്ഥാനത്തിന് വന്‍ ബാധ്യതയാകുമെന്ന് സിഎജി കണ്ടെത്തിയിരുന്നു. അതിനാലാണ് കിഫ്ബി ശുദ്ധ തട്ടിപ്പാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.

എന്നാല്‍ ഇവര്‍ക്ക് ഒന്നുമറിയില്ലെന്നും തങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് ഐസക്കിന്റെ വാദം. റിസര്‍വ് ബാങ്കിന്റെ നടപടിയെയും സിഎജിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും ചോദ്യം ചെയ്യാം. ഇ ഡിയുടെ കണ്ടെത്തലുകള്‍ സംസ്ഥാന ധനവകുപ്പിലേക്ക് നീങ്ങുമെന്ന അങ്കലാപ്പിലാണ് മന്ത്രി.

കിഫ്ബി: അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും

കൊച്ചി: വിദേശ സാമ്ബത്തിക ഇടപാടില്‍ ചട്ടം ലംഘിച്ച കിഫ്ബിയുടെ വിശദീകരണം ഇന്നും നാളെയുമായി ഇ ഡി കേള്‍ക്കും. തുടര്‍ന്ന് ഇടപാടിലെ അഴിമതി ബോധ്യമായാല്‍ നടപടി തുടങ്ങും. അന്വേഷണത്തിന്റെ പരിധിയില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും വരും.

കിഫ്ബിയിലേക്കുള്ള നിക്ഷേപം വന്നത് ആക്‌സിസ് ബാങ്കിന്റെ വിദേശ പണ കൈമാറ്റ സംവിധാനം വഴിയാണ്. ഇന്നലെ ബാങ്ക് ഹോള്‍സെയില്‍ വിഭാഗം തലവനെ ഇ ഡി വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഇന്ന് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെയാണ് വിളിച്ചിരിക്കുന്നത്. നാളെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിന്റെ മൊഴിയെടുക്കും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. ലൈഫ് മിഷന്‍ കേസില്‍ സിഇഒ യു.വി. ജോസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നടപടി എടുത്ത്. ആ രീതി തന്നെയായിരിക്കും ഇവിടെയും. എന്നാല്‍, കിഫ്ബിയില്‍ ഘടനയുള്‍പ്പെടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്.

കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ ധനമന്ത്രിയും. ആത്യന്തികമായി സമാധാനം പറയേണ്ടി വരുന്നത് ഇരുവരുമായിരിക്കും. ചീഫ് സെക്രട്ടറി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ - ധനകാര്യ സെക്രട്ടറിമാര്‍ എന്നിവര്‍ കിഫ്ബി അംഗങ്ങളാണ്.

നാളത്തെ വിവര ശേഖരണത്തിന് ശേഷം തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തി കോടതി നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജന്‍സിയുടെ പദ്ധതി. ഏജന്‍സിയുടെ പ്രഥമ അന്വേഷണ വിവരമനുസരിച്ച്‌ വിദേശ നാണയ വിനിമയ ഇടപാടില്‍ ചട്ടം ലംഘിച്ചിട്ടുണ്ട്. അതിനു പുറമേ പണമിടപാടിലെ അഴിമതിയും വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പു പ്രകാരമുള്ള നടപടിക്കും സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top