തിരുവനനന്തപുരം: കലാശക്കൊട്ടില്‍ കേരളത്തെ ബിജെപി അമ്പരപ്പിച്ചു, എൻഡിഎ അത് ആഘോഷിച്ചു; മാറ്റം ഉറപ്പാക്കി, ഇനി ഒരു രാപകല്‍ വോട്ടുറപ്പിക്കല്‍ അധ്വാനത്തില്‍.
തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിപ്പിച്ച കലാശക്കൊട്ടില്‍ കേരളമെമ്പാടും കണ്ടത് അമ്പരപ്പിക്കുന്ന മാറ്റമായിരുന്നു. എൻഡിഎ ആഘോഷിച്ചു, ബിജെപി അണിയത്തും അമരത്തും നിന്നു. എതിരാളികള്‍ ആശ്ചര്യപ്പെട്ടു, ഇത് ബിജെപിയുടെ ശക്തിയോ?
കുറെ വോട്ട് പിടിക്കുന്ന പാർട്ടി എന്ന നിലയില്‍നിന്ന് വിജയത്തിലേക്ക് കുതിക്കുന്ന പാർട്ടി എന്ന തലത്തിലേക്ക് ബിജെപി വളർന്നു. ഇത് മാറ്റമാണ്.
ഒച്ചയുണ്ടാക്കാനും ഒച്ചയില്ലാതെ സ്വാധീനിക്കാനും മറ്റു രണ്ടു മുന്നണികളോടും ബിജെപി എൻഡിഎ സഖ്യം മത്സരിച്ചു നിന്നു. ആരോപണങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി പറഞ്ഞു. ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ മുന്നണികള്‍ വിയർത്തു.
ആരോപണങ്ങള്‍ ആയിരുന്നില്ല ബിജെപിയുടേത്. ചോദ്യങ്ങള്‍ ആയിരുന്നു. ഇത് മാറ്റമാണ്.
അജണ്ട
നിശ്ചയിച്ചത് ബിജെപി
ഈ തെരഞ്ഞെടുപ്പില്‍ കേരള രാഷ്‌ട്രീയത്തിലെ അജണ്ട നിശ്ചയിച്ചത് ബി ജെ പി- എൻ ഡി എ സഖ്യമാണ്. ഇത് മാറ്റമാണ്. വികസനം എന്ന ബിജെപി അജണ്ടയില്‍ ഭരണത്തിലെ വികസന പ്രവർത്തനം വിശകലനം ചെയ്യാൻ മറ്റ് മുന്നണികള്‍ നിർബന്ധിതരായി. അതോടെ പിണറായി സർക്കാരിന്റെ കള്ള പ്രചാരണങ്ങള്‍ പലതും പൊളിഞ്ഞു. ഇത് മാറ്റമാണ്.
മോദിയും ഇൻഡി സഖ്യനേതാക്കളും എന്ന നിലയിലായി കേരളത്തിന്റെയും രാഷ്‌ട്രീയം.
വനിതകളുടെ വിപ്ലവം
ബിജെപി യുടെ മുൻകാല തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ ഇത്രമാത്രം വനിതാ സാന്നിധ്യം ഉണ്ടായിട്ടില്ല. ബൂത്ത് തലത്തില്‍ സ്ക്വാഡ് പ്രവർത്തനത്തിനും പൊതു പ്രകടനത്തിനും വൻതോതില്‍ വനിതകള്‍ ഇറങ്ങി. ഇത് വലിയ മാറ്റമാണ്.
ഇത്തവണ അവരവരുടെ നിയോജക മണ്ഡലത്തില്‍ത്തന്നെ ആയിരുന്നു പ്രവർത്തകരുടെ എല്ലാ സമ്പർക്കവും, പ്രചാരണവും. പാലക്കാട്, വട്ടിയൂർക്കാവ്, നേമം, കായംകുളം, ഹരിപ്പാട് എന്ന് വേണ്ട സകല മണ്ഡലങ്ങളിലും എല്ലാ പ്രായത്തിലുമുള്ള മഹിളകള്‍ പ്രവർത്തനത്തിനിറങ്ങി. ഇത് മാറ്റമാണ്.
പരസ്യമാക്കാൻ തയാറായി
‘ഞാൻ ബിജെപി’ എന്ന് പറയാനും പരസ്യമായി പ്രവർത്തനത്തിന് ഇറങ്ങാനും രാഷ്‌ട്രീയം പരസ്യമാക്കാനും സാധാരണക്കാരും ധൈര്യം കാട്ടിയത് മാറ്റമാണ്. അപ്രതീക്ഷിത മേഖലകളിലും വിഭാഗത്തിലും നിന്ന് ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ നിലപാടുകളും പിന്തുണകളും വന്നു. പുതിയ പ്രവർത്തകരുണ്ടായി. ഇത് മാറ്റമാണ്.
മറ്റു പാർട്ടികളില്‍നിന്ന്
മറ്റു പാർട്ടികളില്‍നിന്ന് ബിജെപിയിലേക്ക് വന്നു ചേർന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. അണികള്‍ മാത്രമല്ല നേതാക്കളും വന്നു. ഇത് മാറ്റമാണ്. എംഎല്‍എ മാർ, മുൻ എംഎല്‍എ മാർ, വിവിധ പാർട്ടികളുടെ സംസ്ഥാനതല ഭാരവാഹികള്‍, അണികളുമായി കൂട്ടത്തോടെ ബിജെപിയിലേക്ക് വന്നത് വലിയ മാറ്റമാണ്.
മുന്നണി വികസനം
ബിജെപിക്ക് കേരളത്തില്‍ മുന്നണി ഉണ്ടാക്കാൻ ആളെ കിട്ടില്ല, ബി ഡി ജെ എസ് മുന്നണി വിടുന്നു, സി.കെ. ജാനുവിന്റെ പാർട്ടി പോയി എന്നെല്ലാം പറഞ്ഞു നടക്കുമ്പോള്‍ ട്വൻ്റി 20 ബിജെപിയുടെ ചേർന്നത് അസാധാരണ രാഷ്‌ട്രീയമായി. വലിയ മാറ്റമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിന്റെ ബിജെപി- എൻ ഡി എ യോടുള്ള നിലപാടിലെ മാറ്റം ഏറെ നിർണായകമാണ്.
ജയിക്കുമെന്ന വിശ്വാസം
കേരളത്തിലെ എണ്‍പതോളം മണ്ഡലങ്ങളില്‍ ബിജെപി – എൻ ഡി എ സഖ്യം വിജയം സാധ്യമാണ് എന്ന വിശ്വാസം നേടിയിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്താല്‍ പോരേ എന്ന് വീട്ടമ്മമാരോട് ചോദിച്ച് വോട്ട് തട്ടുന്ന പതിവ് രീതി മറ്റു മുന്നണി സ്ഥാനാർഥികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ നടക്കില്ല എന്നാണ് സ്ഥിതി. മാറ്റങ്ങള്‍ വോട്ടാക്കി മാറ്റിയാല്‍ കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം അമ്പരപ്പിക്കുന്നതാകും എന്നാണ് എതിർ പാർട്ടികളുടെയും വിലയിരുത്തല്‍.

