ന്യൂഡല്‍ഹി: മതം ചോദിച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തില്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഒരുതരത്തിലുമുള്ള ഭീകരതയ്‌ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച പ്രധാനമന്ത്രി, ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബൈസരണ്‍ താഴ്വര കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേ കഴിഞ്ഞവർഷം ഏപ്രില്‍ 22-നാണ് ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളി ഉള്‍പ്പെടെ 25 സന്ദർശകരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ മേയ് ഏഴിന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കുനേരേ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടി തുടങ്ങിയത്. ആക്രമണത്തെത്തുടർന്ന് പഹല്‍ഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്‌ക്കുശേഷമാണ് വീണ്ടും തുറന്നത്.

