Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മേഘാലയ നിയമസഭയില്‍ ബിജെപിയിലേക്ക് 8 എഇഎല്‍എമാര്‍കൂടി ചേര്‍ന്നു

മേഘാലയ നിയമസഭയില്‍ ബിജെപിയിലേക്ക് 8 എഇഎല്‍എമാര്‍കൂടി ചേര്‍ന്നു

ഷില്ലോങ്: മേഘാലയ നിയമസഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍; യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയിലെ (യുഡിപി) എട്ട് എംഎല്‍എമാർ ബിജെപിയില്‍ ചേർന്നു.

ഇതോടെ 60 അംഗ സഭയില്‍ പാർട്ടിയുടെ അംഗബലം വർധിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ദേശീയ വക്താവ് സാംബിത് പത്ര, മറ്റ് നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാർട്ടി ആസ്ഥാനത്തുവെച്ചാണ് ഇവരെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

ലാക്‌മെൻ റിംബുയി, പിയൂസ് മാർവിൻ, കിർമെൻ ഷില്ല, മെയ്റല്‍ബോണ്‍ സിയം, മാത്യു കുർബ, ഒല്ലാൻ സിംഗ് സുയിൻ, ബാലജിദ് കുപ്പാർ സിൻറെം, സിൻഷാർ കുപ്പാർ റോയ് എന്നിവരാണ് പാർട്ടിയില്‍ ചേർന്നത്.

അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, വടക്കുകിഴക്കൻ മേഖലയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് അവരുടെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് റിജിജു പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെയും പ്രവർത്തനങ്ങളില്‍ ഈ എട്ട് എംഎല്‍എമാരും വളരെയധികം ആകൃഷ്ടരും സ്വാധീനിക്കപ്പെട്ടവരുമാണ്. അതുകൊണ്ടാണ് അവർ ബിജെപിയില്‍ ചേരാൻ തീരുമാനിച്ചത്,’ റിജിജു പറഞ്ഞു.

മുൻപ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകള്‍ സ്വീകരിച്ചിരുന്ന സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി, കേന്ദ്രസർക്കാർ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇവിടുത്തെ രാഷ്‌ട്രീയ-വികസന സാഹചര്യങ്ങളില്‍ വലിയ മാറ്റം വരുത്തിയെന്നും അദ്ദേഹം തുടർന്നു. പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയുമായി നിരന്തരമായ ബന്ധം പുലർത്തുകയും വികസന പരിപാടികള്‍ക്കും ജനങ്ങളുമായുള്ള ആശയവിനിമയത്തിനുമായി പലതവണ ഈ മേഖല സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ എട്ട് എംഎല്‍എമാരുടെ വരവ് മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും സംസ്ഥാനത്ത് ബിജെപിയും എൻഡിഎ സഖ്യകക്ഷികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുമെന്നും റിജിജു പറഞ്ഞു.

ഈ രാഷ്‌ട്രീയ മാറ്റത്തോടെ യുഡിപിയുടെ അംഗബലം 12-ല്‍ നിന്ന് നാലായി കുറയുകയും ബിജെപിയുടേത് 10 ആയി ഉയരുകയും ചെയ്തു. ഇതോടെ നാഷണല്‍ പീപ്പിള്‍സ് പാർട്ടിക്ക് ശേഷം നിയമസഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയായി ബിജെപി മാറി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ മാറ്റം മേഘാലയയിലെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily