Dailyhunt
മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച്‌ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് രേഖപ്പെടുത്തുന്നു.

രാവിലെ പത്തരയോടെ പോളിങ് ശതമാനം 20 കടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നല്‍കി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക് പ്രകടമാണെന്നും, ഇത്തവണ ആകെ പോളിങ് 80 ശതമാനം കടക്കാനിടയുണ്ടെന്നും വിലയിരുത്തുന്നു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം 2.71 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുന്നത്. 883 സ്ഥാനാർത്ഥികള്‍ 23 ദിവസം നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ജനവിധി തേടുന്നത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ നഗർ സ്കൂളിലെത്തി ഗവർണർ വോട്ട് ചെയ്തു. തുടർന്ന് സംസാരിച്ച രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, "ജനാധിപത്യം മണ്ണില്‍ മാത്രമല്ല, ഹൃദയത്തിലും നിലനില്‍ക്കേണ്ടതാണ്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും എല്ലാവരും നല്ലവരെ തിരഞ്ഞെടുക്കാൻ മുന്നോട്ട് വരണമെന്നും" പറഞ്ഞു.

ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രകടമായ മികച്ച പോളിങ്, ഈ തെരഞ്ഞെടുപ്പില്‍ ശക്തമായ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily