കൊല്‍ക്കത്ത : കൊല്‍ക്കത്ത ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ജീവപര്യന്തം തടവുകാരനായ ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍, റൗട്ടർ , മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ജയില്‍ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
500 നോട്ടുകളിലായി 31,000 രൂപയുടെ പണവും പരിശോധനയില്‍ കണ്ടെത്തി.
2002 ജനുവരി 22-ന് കൊല്‍ക്കത്തയിലെ അമേരിക്കൻ സെന്ററില്‍ നടന്ന ആക്രമണത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നയാളാണ് അഫ്താബ് അഹമ്മദ് അൻസാരി. ആദ്യം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടെങ്കിലും സുപ്രീം കോടതി പിന്നീട് വധശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
ജയിലിനുള്ളില്‍ അഫ്താബ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിനെത്തുടർന്ന് 14-ാം നമ്പർ സെല്ലില്‍ പരിശോധന നടത്തി. ജയിലിനുള്ളില്‍ നിന്നാണ് അദ്ദേഹം ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.
പരിശോധനയ്‌ക്കിടെ, അഫ്താബിന്റെ വസ്ത്രങ്ങള്‍ക്കും കിടക്കയ്‌ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് ഫോണുകള്‍ കണ്ടെത്തി. റൗട്ടർ , രണ്ട് കാർഡ് റീഡറുകള്‍, ഒരു പെൻ ഡ്രൈവ്, ഇയർഫോണുകള്‍ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു.തുടർന്ന് ജയില്‍ അധികൃതർ ഹേസ്റ്റിംഗ്സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി .
ജയിലിനുള്ളില്‍ നിന്ന് അഫ്താബ് ആരുമായാണ് ആശയവിനിമയം നടത്തിയതെന്ന് കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. വാട്‌സ്‌ആപ്പ്, ടെലിഗ്രാം എന്നിവ ഉപയോഗിച്ച് ഫോണ്‍ വിളിക്കുകയോ സന്ദേശങ്ങള്‍ കൈമാറുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
മറ്റ് രാജ്യങ്ങളിലെ, പ്രത്യേകിച്ച് പാകിസ്ഥാനിലെ ആളുകളുമായി ആശയവിനിമയം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . ഫോണുകളും റൗട്ടറും മറ്റ് ഉപകരണങ്ങളും ജയിലില്‍ എങ്ങനെ പ്രവേശിച്ചു എത്തിച്ചുവെന്നതും അന്വേഷിക്കുന്നുണ്ട് .

