കാസർകോട് : മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ-ഓർഡിനേറ്റർ മുഹമ്മദ് ഹുസൈന് അന്താരാഷ്‌ട്ര ലഹരി ശൃംഖലയുമായി ബന്ധം .
കാലിക്കടവ് എംഡിഎംഎ കേസില്‍ ഗുജറാത്ത് സ്വദേശിനിയായ യുവതിയും ഘാന പൗരനും അറസ്റ്റിലായതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖ്, ഘാന പൗരൻ വിക്ടർ ദസാബ എന്നിവരാണ് പിടിയിലായത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നാണ് റിയ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ ഇടനിലക്കാരിയെന്നാണ് റിയ ഖാനെ അന്വേഷണസംഘം സംശയിക്കുന്നത്.
ഘാന പൗരനായ വിക്ടർ ദസാബയെ കൊല്ലത്തുനിന്നാണ് ഡിവൈഎസ്‌പി എം.വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.വിക്ടർ ദസാബയുടെ പേരില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും ലഹരിക്കേസുകള്‍ നിലവിലുണ്ട്. കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. കൊല്ലത്തെ ട്രാൻസിറ്റ് ഹോമില്‍നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഓഗസ്റ്റ് ഒമ്പതിനാണ് 139.29 ഗ്രാം എംഡിഎംഎയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി വി.ഡി. സതീശന്റെ സമൂഹമാധ്യമ കോ-ഓർഡിനേറ്ററുമായ മുഹമ്മദ് ഹുസൈനും സംഘവും പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അന്വേഷണസംഘത്തെ അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളിലേക്ക് എത്തിച്ചത്.
വിക്ടർ ദസാബയെ ചൊവ്വാഴ്ച വൈകിട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റിയ ഖാനെ കേരളത്തിലെത്തിച്ച ശേഷം മൂന്ന് ദിവസത്തിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.

