Saturday, 11 Jul, 3.36 pm ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
മുസ്‌ളീം പീഡനം: ചൈനീസ് പോളിറ്റ് ബ്യൂറോ അംഗത്തിനും നേതാക്കള്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: ന്യൂനപക്ഷങ്ങളായ മുസ്ളീംങ്ങളെ പീഡിപ്പിക്കുന്നതിന്റെ പേരില്‍ പോളിറ്റ്ബ്യൂറോ അംഗം ഉള്‍പ്പെടെ പ്രമുഖ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അമേരിക്ക ഔദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തി. സിന്‍ജിയാങിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമായ ചെന്‍ ക്വാങ്കുവോ, രാഷ്ട്രീയനിയമകാര്യ കമ്മീഷന്‍ മുന്‍മേധാവി സു ഹൈലാന്‍, സിന്‍ജിയാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ ഡയറക്ടര്‍ വാങ് മിങ്ഷാന്‍, പാര്‍ട്ടി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ഹുവോ ലിയുജുന്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ഫണ്ട് ചൈനീസ് കമ്ബനികളില്‍ നിക്ഷേപിക്കുന്നത് നേരത്തെ അമേരിക്ക വിലക്കിയിരുന്നു

ലോകത്തില്‍ മത സ്വാതന്ത്ര്യം ഏറ്റവും കൂടുതലായി ഹനിക്കപ്പെടുന്ന രാജ്യങ്ങില്‍ ചൈനയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മുസ്ലിം- ക്രിസ്തു മതങ്ങളുടെ പേരില്‍ വിദേശ സ്വാധീനം വര്‍ധിക്കുന്നെന്ന് ആരോപിച്ചാണ് സ്വന്തം പൗരന്മാരുടെ അവകാശം ചൈന വലിച്ചെറിയുന്നത്.

ഭൂരിപക്ഷ മുസ്ലിംസമുദായമായ ഉയ്ഗുര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മത ചടങ്ങുകള്‍ നടത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. മതപഠനത്തിന് അനുമതിയില്ല. സ്‌കൂള്‍ അവധി കാലങ്ങളില്‍ മതസ്ഥാപനങ്ങളിലേക്ക് പോകുന്നതിനോ, വിശ്വാസവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിനോ വിലക്കുണ്ട്. ഇതുസംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ മതപഠനം നടത്തുന്നതിന് ചൈനീസ് കമ്യൂണിറ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാലും അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കും.

ഉയ്ഗുര്‍ മുസ്ലിങ്ങളെ നിരീക്ഷിക്കാന്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ചൈനീസ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. നീരിക്ഷിച്ചശേഷം ഇവരില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള മത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടിച്ചമര്‍ത്തും.

ചൈനയില്‍ ആകെ 1.1 കോടി മുസ്ലീങ്ങള്‍ ഉണ്ട് എന്നാണ് കണക്ക് .

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മത പീഡനത്തിന്റെ പേരില്‍ ചൈനയ്ക്കെതിരെ പെട്ടന്ന് അമേരിക്ക നടപടി എടുക്കാന്‍ കാരണമായത്.

താടി വളര്‍ത്തുകയോ മൂടുപടം ധരിക്കുകയോ പോലുള്ള മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ട് ചൈനീസ് സര്‍ക്കാര്‍ 2017 മുതല്‍ ദശലക്ഷക്കണക്കിന് ഉയ്ഗുര്‍, കസാഖ്, മറ്റ് മുസ്ലീങ്ങള്‍ എന്നിവരെ തടഞ്ഞുവില്‍ വച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച, ചൈനീസ് അധികാരികള്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പെടെ കടുത്ത ജനസംഖ്യാ നിയന്ത്രണ നടപടികള്‍ എടുത്തിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഉയിഗര്‍ ജനങ്ങള്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വംശഹത്യാപരമായ നയങ്ങള്‍ക്ക് ഉത്തരവാദികളായ ചെന്‍ ക്വാങ്ങോ,സു ഹൈലാന്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ ഉപരോധ നടപടികള്‍ എടുക്കണമെന്ന് ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടായിരുന്നു. പുതിയ പ്രഖ്യാപനങ്ങള്‍ മതസ്വാതന്ത്ര്യത്തിനുള്ള പ്രധാന വിജയം ആകുന്നതോടൊപ്പം മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയെ ഉത്തരവാദികളാക്കാനുള്ള സുപ്രധാന നടപടികള്‍ക്കും ശക്തി പകരും.

കമ്മ്യൂണിസ്റ്റ് ചൈനയിലെ ഉയ്ഗറുകളെയും മറ്റ് മതവിഭാഗങ്ങളെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് ചൈനീസ് സര്‍ക്കാര്‍ വിശ്വാസത്തിനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ 2022 ലെ ബീജിംഗ് ശീതകാല ഒളിമ്ബിക്‌സിന് യുഎസ് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ വിസമ്മതിച്ചുകൊണ്ട് സമ്മര്‍ദ്ദം തുടരണമെന്ന നിര്‍ദ്ദേശവും ട്രംപ് ഭരണകൂടത്തിനു മുന്നിലുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top