Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

സുല്‍ത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഒന്നാം പ്രതിയായ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ഉള്‍പ്പെടെ മറ്റ് പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.

സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറഞ്ഞത്.

രണ്ടാം പ്രതിയായ അശോകൻ മാത്രമാണ് കുറ്റക്കാരൻ. വിചാരണക്കാലയളവില്‍ ഇദ്ദേഹം മരിച്ചതിനാല്‍ ശിക്ഷ വിധിച്ചില്ല. ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ ആണ് ഒന്നാം പ്രതി. എന്നാല്‍ ഗീതാനന്ദനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല. കേസില്‍ ആകെ 53-ഓളം ആദിവാസികളെയാണ് പ്രതിചേർത്തിരുന്നത്. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍, വിചാരണ നീണ്ടുപോയ 23 വർഷത്തിനിടയില്‍ പ്രതികളില്‍ പലരും മരണപ്പെട്ടിരുന്നു.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെയാണ് കെ വി വിനോദ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളില്‍ ഒന്നാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സി.കെ ജാനു നയിച്ച സമരം.

2001ല്‍ എ.കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോള്‍ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികള്‍ക്ക് ഭൂമി നല്‍കാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയില്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സി.കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.

ചർച്ചകള്‍ ഫലം കാണാത്തതിനെ തുടർന്ന് ഫെബ്രുവരി 19ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികള്‍ കെട്ടിയ കുടിലുകള്‍ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പോലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികള്‍ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി.കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily