Dailyhunt
നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

കോട്ടയം: സിഎംഎസ് കോളേജിന് സമീപം നഗരസഭയുടെയും പോലീസിന്റെയും ഒത്താശയില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ബഹുനിലക്കെട്ടിടം പൊളിക്കുന്നു.

കെട്ടിടത്തിന്റെ മുകളില്‍ ജെസിബി കയറ്റിയാണ് രാത്രിയിലും പകലും തകൃതിയായി പൊളിക്കല്‍ നടക്കുന്നത്.

തൊട്ടുതാഴെ തിരക്കേറിയ കുമരകം റോഡാണ്. ഒട്ടേറെ കാല്‍നടക്കാരും ഇരുചക്ര വാഹന യാത്രക്കാരും ബസുകള്‍ അടക്കമുള്ള വാഹനങ്ങളും ഇതിലേ കടന്ന് പോകുന്നു. വലിയ ഉയരമുള്ള കെച്ചിചത്തില്‍നിന്ന് ഇഷ്ടികയോ കല്ലോ താഴേക്ക് പതിച്ചാല്‍ ഉണ്ടാകുന്ന അപകടം ഭയാനകമായിരിക്കും. കെട്ടിടത്തിന്റെ മുകളില്‍നിന്ന് കരിങ്കല്ലും ഇഷ്ടികയും വീണ് രണ്ട് സംഭവങ്ങളിലായി മുമ്പ് മൂന്ന് പേര്‍ മരിച്ചതും കോട്ടയം നഗരത്തിലാണ്.

തിരക്കേറിയ നഗരത്തിന്റെ ഹൃദയ ഭാഗത്ത് വലിയ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് നഗരസഭാധികൃതരും. റോഡിനോട് ചേര്‍ന്നാണ് പൊളിക്കുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. സുരക്ഷക്കായി പ്ലാസ്റ്റിക്ക് വലമാത്രം കെട്ടിയിട്ടുണ്ട്. ഇതൊന്നും പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മതിയാകില്ല.

ചെന്നൈ കേന്ദ്രമായ വ്യവസായ ഗ്രൂപ്പാണ് ഈ സ്ഥലം വിലക്കെടുത്തിരിക്കുന്നത്. പത്ത് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇവര്‍ വാങ്ങിയിരിക്കുന്നത്. കുമരകം റോഡുമുതല്‍ ശ്രീനിവാസ അയ്യര്‍ റോഡുവരെയാണ് ഇവര്‍ വാങ്ങിയ സ്ഥലങ്ങള്‍. സംസ്ഥാന ഭരണകക്ഷിയില്‍പ്പെട്ട ഉന്നത നേതാക്കളാണ് വസ്തുക്കച്ചവടത്തിന്റെ ഇടനിലക്കാര്‍. വ്യവസായ ഗ്രൂപ്പ് വാങ്ങിയ സ്ഥലത്തിന് സമീപത്ത് താമസിക്കുന്നവരുടെ സ്ഥലവും വാങ്ങുവാന്‍ കെട്ടിട ഉടമകള്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് ഈ ഇടനിലക്കാര്‍ നല്‍കുന്നത്.

സാധാരണക്കാരനെ നിയമത്തിന്റെ നൂലാമാലകളില്‍ വരിഞ്ഞു ചുറ്റുന്ന നഗരസഭയുടെ മൂക്കിന് താഴെയാണ് ഈ നിയമ ലംഘനമെന്നതും ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily