Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

ന്ന് രാജ്യത്തെ ഏതൊരു അടുക്കളകളിലേക്കും സൂക്ഷിച്ചു നോക്കൂ; ഒരുകാലത്തുണ്ടായിരുന്ന പുകയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.

കണ്ണുകളെ ഈറനണിയിച്ചിരുന്ന അടുപ്പുകള്‍ക്ക് പകരം ഇന്ന് ‘ഉജ്ജ്വല’ യോജനയുടെ ശുദ്ധമായ നീലജ്വാല പ്രകാശിക്കുന്നു. മുന്‍പ് ദൂരെയുള്ള ഹാന്‍ഡ്പമ്പില്‍ നിന്ന് ചുമന്നുകൊണ്ടുവന്നിരുന്ന ജലസംഭരണികള്‍ക്ക് പകരം ഇന്ന് ‘ഹര്‍ ഘര്‍ ജല്‍’ പദ്ധതിയിലൂടെ വീട്ടുമുറ്റത്ത് പൈപ്പുകള്‍ എത്തിക്കഴിഞ്ഞു. വീടിന് പിന്നിലെ തുറസ്സായ പറമ്പുകള്‍ മാത്രമായിരുന്നു ഒരുകാലത്ത് സ്ത്രീകള്‍ക്ക് മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി; എന്നാല്‍ ഇന്ന് മുറ്റത്ത് ഒരു ‘സ്വച്ഛ് ഭാരത്’ ശൗചാലയം തലയുയര്‍ത്തി നില്‍ക്കുന്നു. വീട് അവളുടെ സ്വന്തം പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അവളുടെ പേഴ്സില്‍ ഒരു ജന്‍ ധന്‍ പാസ്ബുക്കും, ഫോണില്‍ യു.പി.ഐ ആപ്പുമുണ്ട്; ചിലപ്പോള്‍ അവളുടെ കൈത്തണ്ടയില്‍, ഇന്ന് ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്ന ഒരു ‘ലഖ്പതി ദീദി’യുടെ വാച്ചും കാണാം.

ഇത് ഒരു പോസ്റ്ററില്‍ അച്ചടിച്ച വെറുമൊരു സാങ്കല്‍പ്പിക ചിത്രമല്ല. മോദി സര്‍ക്കാരിന്റെ പന്ത്രണ്ട് വര്‍ഷത്തെ വനിതാ ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. കോടിക്കണക്കിന് ഭാരതീയ സ്ത്രീകള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിച്ചറിയുന്ന യാഥാര്‍ത്ഥ്യം. ‘സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം’ എന്ന ദര്‍ശനത്തിലൂടെ ‘വികസിത ഭാരത’ത്തിന്റെ ശില്പികളായി ഭാരത വനിതകള്‍ മാറുന്ന ഒരു പുതിയ യുഗത്തിന്റെ കഥയാണിത്.

2014-ന് തൊട്ടുമുമ്പുള്ള പതിറ്റാണ്ടുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്യാം. 2007-09 കാലഘട്ടത്തില്‍, രാജ്യത്തെ മാതൃമരണ നിരക്ക് ഒരു ലക്ഷം പ്രസവങ്ങള്‍ക്ക് 212 എന്ന ഉയര്‍ന്ന നിലയിലായിരുന്നു. ‘നിര്‍ഭയ’ ദുരന്തത്തില്‍ രാജ്യം അനുഭവിച്ച കടുത്ത വേദന തെരുവുകളിലേക്ക് അണപൊട്ടിയൊഴുകിയിട്ടും, അന്നത്തെ ഭരണസംവിധാനം നയപരമായ ഇച്ഛാശക്തിയുടെയും സഹാനുഭൂതിയുടെയും വലിയ അഭാവമാണ് പ്രകടിപ്പിച്ചത്. 1996-ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട വനിതാ സംവരണ ബില്‍ നാല് തവണയാണ് പാര്‍ലമെന്റില്‍ അസാധുവാകാന്‍ അനുവദിച്ചത്. മുത്തലാഖ് വിഷയത്തിലും പതിറ്റാണ്ടുകളോളം ശക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

മാതൃത്വത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും

ഏറ്റവും പവിത്രമായ ഒരു സൂചകത്തില്‍ നിന്ന് തുടങ്ങാം: ഭാരതത്തിലെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിന് 212 എന്നതില്‍ നിന്ന് 88 ആയി കുത്തനെ കുറഞ്ഞു. യു.എന്‍-എം.എം.ഇ.ഐ.ജി കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ മാതൃമരണ നിരക്കില്‍ വെറും 48 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍, ഭാരതം 86 ശതമാനത്തിന്റെ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി. ആശുപത്രി പ്രസവങ്ങള്‍ 38.7 ശതമാനത്തില്‍ നിന്ന് 90.6 ശതമാനമായി ഉയര്‍ന്നു. ഇന്ന് പത്തില്‍ ഒന്‍പത് ഭാരതീയ സ്ത്രീകളും വിദഗ്‌ദ്ധരുടെ പരിചരണത്തില്‍ ആശുപത്രികളിലാണ് പ്രസവിക്കുന്നത്. ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ നാല് കോടിയിലധികം അമ്മമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 20,000 കോടിയിലധികം രൂപ നേരിട്ട് കൈമാറിക്കഴിഞ്ഞു.

രാജ്യത്തുടനീളം നിര്‍മ്മിച്ച 12 കോടിയിലധികം ഗാര്‍ഹിക ശൗചാലയങ്ങള്‍ സ്ത്രീകള്‍ക്ക് അന്തസ്സും അഭിമാനവും നല്‍കി. 10.5 കോടിയിലധികം ഉജ്ജ്വല കണക്ഷനുകള്‍ അവരെ പുക ശല്യത്തില്‍ നിന്ന് മുക്തരാക്കി. 2014-ല്‍ വെറും 17 ശതമാനം വീടുകളില്‍ മാത്രം ഉണ്ടായിരുന്ന കുടിവെള്ള കണക്ഷന്‍, ഇന്ന് 16 കോടിയിലധികം വീടുകളില്‍ പൈപ്പ് വെള്ളമായി എത്തിക്കഴിഞ്ഞു. ‘പ്രധാന്‍മന്ത്രി ആവാസ് യോജന’യ്‌ക്ക് കീഴില്‍ നിര്‍മ്മിച്ച ഏകദേശം 4 കോടി വീടുകളില്‍ 73 ശതമാനവും സ്ത്രീകളുടെ പേരിലാണ്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പേരുകള്‍ സര്‍ക്കാര്‍ രേഖകളില്‍ ഇത്രയും അഭിമാനത്തോടെ രേഖപ്പെടുത്തപ്പെടുന്നത്.

സാമ്പത്തിക പങ്കാളിത്തവും സ്വയംഭരണവും

അന്തസ്സില്‍ നിന്ന് ഉടമസ്ഥാവകാശവും, ഉടമസ്ഥാവകാശത്തില്‍ നിന്ന് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള ആത്മവിശ്വാസവും കൈവന്നു. ഈ സാമ്പത്തിക പങ്കാളിത്തത്തിന്റെ വ്യാപ്തി ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ സംരംഭകത്വം വരെ നീളുന്നു. രാജ്യത്തെ ഏകദേശം 56 കോടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 56 ശതമാനവും സ്ത്രീകളുടെ പേരിലാണ്. അക്കൗണ്ട് ഉടമസ്ഥതയിലെ ലിംഗവിവേചനം ഒരു പതിറ്റാണ്ടിനുള്ളില്‍ ഭാരതം പൂജ്യമാക്കിയതായി ലോകബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. ഈടുരഹിതമായി നല്‍കിയ 52 കോടിയിലധികം മുദ്ര വായ്‌പകളില്‍ 68 ശതമാനവും ലഭിച്ചത് സ്ത്രീകള്‍ക്കാണ്. ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ’ പദ്ധതിയിലൂടെ 43,000 കോടിയിലധികം രൂപ വനിതാ സംരംഭകര്‍ക്കായി ലഭ്യമാക്കി. ‘ദീന്‍ദയാല്‍ അന്ത്യോദയ യോജന – നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍’ കീഴിലുള്ള 91 ലക്ഷം സ്വയംസഹായ സംഘങ്ങള്‍ വഴി 12 ലക്ഷം കോടി രൂപയുടെ മൂലധനം സമാഹരിക്കാന്‍ കഴിഞ്ഞു. നിശ്ചയിച്ച സമയപരിധിക്ക് മുന്നേ തന്നെ, 3 കോടി സഹോദരിമാര്‍ ഇതിനകം ‘ലഘ്പതി ദീദി’മാരായി മാറിക്കഴിഞ്ഞു.

സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 2017-18 ലെ 23.3 ശതമാനത്തില്‍ നിന്ന് 2023-24 ല്‍ 41.7 ശതമാനമായി ഉയര്‍ന്നു; ഗ്രാമീണ മേഖലകളില്‍ ഇത് 47.6 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ‘സുകന്യ സമൃദ്ധി യോജന’യ്‌ക്ക് കീഴില്‍, 4.53 കോടി അക്കൗണ്ടുകളിലായി 3.33 ലക്ഷം കോടിയിലധികം രൂപ ഇപ്പോള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് നമ്മുടെ ലിംഗസമത്വ സൂചിക ഒന്നിന് മുകളിലെത്തിക്കഴിഞ്ഞു. കൂടാതെ ടഠഋങ (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ്, മാത്‌സ്) വിദ്യാഭ്യാസത്തില്‍ ചേരുന്നവരില്‍ 43 ശതമാനവും പെണ്‍കുട്ടികളാണെന്ന നേട്ടത്തോടെ ഭാരതം ഇന്ന് ലോകത്ത് തന്നെ മുന്‍പന്തിയിലാണ്.

രാഷ്‌ട്രീയ ശാക്തീകരണവും സുരക്ഷയും

ഈ സാമ്പത്തിക-സാമൂഹിക ഉണര്‍വ് ഇപ്പോള്‍ രാഷ്‌ട്രീയ-ജനാധിപത്യ പങ്കാളിത്തത്തിലും പ്രകടമാണ്. 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍, ചരിത്രത്തിലാദ്യമായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ അനുപാതത്തില്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31.2 കോടി സ്ത്രീകളാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ലോകത്തെവിടെയും വനിതകള്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വോട്ടിങ് നിരക്കാണിത്. ഈയൊരു മനോഭാവത്തോടെയാണ് ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന ‘നാരിശക്തി വന്ദന്‍ അധിനിയം’ ചരിത്രപരമായി, ഏകകണ്ഠമായി പാര്‍ലമെന്റില്‍ പാസാക്കിയത്. ഇന്ന് 14.5 ലക്ഷത്തിലധികം തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികള്‍ നമ്മുടെ പഞ്ചായത്തുകളെ നയിക്കുന്നു. സ്ത്രീകള്‍ റഫേല്‍ വിമാനങ്ങള്‍ പറത്തുന്നു; യുദ്ധക്കപ്പലുകള്‍ നിയന്ത്രിക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് വനിതാ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു.

2019-ലെ മുസ്ലിം വനിതകളുടെ (വിവാഹ അവകാശ സംരക്ഷണ) നിയമം, മുത്തലാഖ് സമ്പ്രദായത്തിന് ഫലപ്രദമായ തടയിടുകയും, അത്തരം കേസുകള്‍ 82 ശതമാനം വരെ കുറയ്‌ക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള 973 വണ്‍ സ്റ്റോപ്പ് സെന്ററുകളിലൂടെ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരൊറ്റ മേല്‍ക്കൂരയ്‌ക്ക് കീഴില്‍ വൈദ്യസഹായം, നിയമസഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാക്കുന്നുണ്ട്. 181 എന്ന വനിതാ ഹെല്‍പ്പ് ലൈന്‍ വഴി ഒരു കോടിയിലധികം സ്ത്രീകള്‍ക്കാണ് സഹായം ലഭിച്ചത്. മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സക്ഷം അങ്കണവാടി എന്നിവ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ആദ്യമായി, നയരൂപീകരണത്തിന്റെ വേദികളില്‍ ഭാരത വനിതകള്‍ വെറുമൊരു ഗുണഭോക്താവ് മാത്രമല്ല, അതില്‍ സജീവമായി പങ്കാളികളാകുന്ന സഹ-സ്രഷ്ടാക്കള്‍ കൂടിയാണ്. രാഷ്‌ട്രനിര്‍മ്മാണ പ്രക്രിയയില്‍ അവരിനി വെറുമൊരു കാഴ്ചക്കാരിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴില്‍, അവര്‍ രാജ്യത്തിന്റെ വികസന പങ്കാളിയും സഹ-ശില്പിയും യഥാര്‍ത്ഥ രചയിതാവുമായി മാറിക്കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily