Dailyhunt
നാരികളെ ശാക്തീകരിക്കാം

നാരികളെ ശാക്തീകരിക്കാം

ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നതോടെ വരും ദിവസങ്ങളില്‍ രാജ്യം ഉത്സവപ്രതീതിയിലാകും. അസമിലെ ജനങ്ങള്‍ റൊംഗാലി ബിഹു ആഘോഷിക്കുമ്പോള്‍ ഒഡീഷയില്‍ മഹാ ബിഷുബ പന സംക്രാന്തിയുടെ ആഘോഷവേളയാണ്.

പശ്ചിമ ബംഗാളില്‍ പൊയ്ല ബൈശാഖ് ബംഗാളി പുതുവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ കേരളം ഉത്സവാവേശത്തില്‍ വിഷുവിനെ വരവേല്‍ക്കും. തമിഴ്നാട്ടില്‍ കൊണ്ടാടുന്ന പുത്താണ്ടും പഞ്ചാബിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആഘോഷിക്കുന്ന ബൈശാഖിയും പ്രത്യാശയുടെയും ശുഭചിന്തയുടെയും നവ ചൈതന്യം പകര്‍ന്നു നല്‍കും. ഭാരതത്തിലും ലോകമെങ്ങും ഈ ഉത്സവങ്ങളാഘോഷിക്കുന്ന ഏവര്‍ക്കും ഞാനെന്റെ ആശംസകള്‍ നേരുന്നു. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പകരുന്നതാകട്ടെ ഈ ശുഭവേളകള്‍.

കൂടാതെ, ഏപ്രില്‍ 11-ന് നാം മഹാത്മാ ഫൂലെയുടെ ഇരുനൂറാം ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 14-ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഡോ. ബാബാസാഹേബ് അംബേദ്കറിന് രാജ്യം ആദരമര്‍പ്പിക്കും. ഹൃദയങ്ങളിലും മനസ്സുകളിലും നവോന്മേഷം നിറയുന്ന ഈ സവിശേഷ സന്ദര്‍ഭങ്ങള്‍ക്ക് പുറമെ രാജ്യം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്താനും സമത്വത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും കൂട്ടായ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കാനും മികച്ച അവസരമാണിത്.

സ്ത്രീ സംവരണം മുന്നോട്ടുകൊണ്ടുപോകുന്ന സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യാനും പാസാക്കാനും ഏപ്രില്‍ 16-ന് പാര്‍ലമെന്റ് സമ്മേളിക്കും. കേവലമൊരു നിയമനിര്‍മാണ പ്രക്രിയയെന്ന് വിശേഷിപ്പിക്കുന്നത് ഇതിന്റെ പ്രാധാന്യത്തെ കുറച്ചുകണ്ടേക്കാം. ഭാരതത്തിലുടനീളം കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണിത്. സ്ത്രീകള്‍ പുരോഗമിക്കുമ്പോള്‍ സമൂഹം പുരോഗമിക്കുന്നുവെന്ന നമ്മുടെ നാഗരിക മൂല്യങ്ങളെ മുന്നോട്ടുനയിക്കുന്ന തത്വത്തിന്റെ സാക്ഷാത്കാരമാണിത്.

ഭാരതത്തില്‍ ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണ്. രാജ്യത്തിന് അവര്‍ നല്‍കുന്ന സംഭാവനകള്‍ വിശാലവും അമൂല്യവുമാണ്. സര്‍വ മേഖലകളിലും സ്ത്രീകള്‍ കൈവരിക്കുന്ന ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നു. ശാസ്ത്ര-സാങ്കേതികവിദ്യ മുതല്‍ സംരംഭകത്വം വരെയും കായികം മുതല്‍ സായുധ സേനകള്‍ വരെയും സംഗീതം മുതല്‍ കലകള്‍ വരെയും രാജ്യപുരോഗതിയുടെ മുന്‍നിരയില്‍ സ്ത്രീകളുണ്ട്. സ്ത്രീ ശാക്തീകരണത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ നിരന്തര ശ്രമങ്ങളാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും മികച്ച ആരോഗ്യ പരിരക്ഷയും വിപുലമായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും അടിസ്ഥാന സൗകര്യ ലഭ്യതയുമെല്ലാം സാമ്പത്തികവും സാമൂഹ്യവുമായ ജീവിതത്തില്‍ സ്ത്രീപങ്കാളിത്തത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി.

എങ്കിലും, രാഷ്‌ട്രീയ ലോകത്തും നിയമനിര്‍മാണ സഭകളിലും സ്ത്രീ പ്രാതിനിധ്യം പലപ്പോഴും അവരുടെ സാമൂഹ്യപങ്കാളിത്തത്തിന് ആനുപാതികമായിരുന്നില്ല. ഭരണനിര്‍വഹണത്തിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിലും സ്ത്രീകള്‍ പങ്കാളികളാകുമ്പോള്‍ പൊതുചര്‍ച്ചകളെ അര്‍ത്ഥപൂര്‍ണമാക്കാനും ഭരണ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന തനത് അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും അവര്‍ പകര്‍ന്നു നല്‍കുന്നു. അതുകൊണ്ടുതന്നെ സ്ത്രീപ്രാതിനിധ്യത്തിലെ ഈ കുറവ് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.

2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പുകളും വരും കാലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും വനിതാ സംവരണം നടപ്പിലാക്കിക്കൊണ്ട് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിലുടനീളം ജനാധിപത്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിന് മുന്‍ സര്‍ക്കാരുകള്‍ ആവര്‍ത്തിച്ച്‌ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സമിതികള്‍ രൂപീകരിക്കുകയും കരട് ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല. എന്നാല്‍ നിയമനിര്‍മാണ സഭകളില്‍ സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തണമെന്ന കാര്യത്തില്‍ ഒരു വിശാല സമവായം എപ്പോഴും നിലനിന്നിരുന്നു. ഈ സമവായത്തിന്റെ അന്തസ്സത്തയിലാണ് 2023 സെപ്തംബറില്‍ ‘നാരീശക്തി വന്ദന്‍ അധിനിയം’ പാര്‍ലമെന്റ് പാസാക്കിയത്. എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷ സന്ദര്‍ഭങ്ങളിലൊന്നായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.

സ്ത്രീ സംവരണം ഉറപ്പാക്കാന്‍ ലഭിക്കുന്ന ഈ അവസരം ഭാരത ഭരണഘടനയുടെ അന്തസ്സത്തയുമായി ആഴത്തില്‍ ചേര്‍ന്നുനില്‍ക്കുന്നു. സമത്വത്തിന്റെ ആവിഷ്‌കാരത്തിലുപരി അത് പ്രായോഗികമായി നടപ്പാക്കപ്പെടുന്ന ഒരു സമൂഹത്തെയാണ് നമ്മുടെ ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്തത്. നിയമനിര്‍മാണ സ്ഥാപനങ്ങളിലെ സ്ത്രീ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ആ കാഴ്ചപ്പാട് നിറവേറ്റുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. രാഷ്‌ട്രത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഓരോ പൗരനും തുല്യ പങ്കാളിത്തമുറപ്പാക്കുന്ന സമൂഹം കെട്ടിപ്പടുക്കാന്‍ നാം പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്.

ഇനിയൊരിക്കലും വൈകിപ്പിക്കാനാവാത്ത നിമിഷമാണിത്. സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിലെ കാലതാമസം ഫലത്തില്‍ ജനാധിപത്യത്തിന്റെ ഗുണനിലവാരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ശേഷിയും ശക്തിപ്പെടുത്തുന്നത് വൈകിപ്പിക്കുന്നു. നിയമനിര്‍മാണ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന സ്ത്രീ പങ്കാളിത്തം അനിവാര്യമാണെന്ന് പതിറ്റാണ്ടുകളായി അംഗീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നടപടികള്‍ മാറ്റിവെച്ചാല്‍ അതിനര്‍ത്ഥം പൂര്‍ണബോധ്യമുള്ളതും പരിഹരിക്കാന്‍ ശേഷിയുള്ളതുമായ ഒരു അസമത്വം നാം ഇനിയും തുടരുന്നുവെന്നാകും. ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും ഭാരതം മുന്നേറുന്ന ഈ സമയത്ത് രാജ്യത്തെ സ്ഥാപനങ്ങള്‍ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കേണ്ടത് അനിവാര്യമാണ്. സമയബന്ധിത നടപടികള്‍ ദീര്‍ഘകാല വാഗ്ദാനങ്ങളെ മാനിക്കുക മാത്രമല്ല, പുരോഗതിയുടെ വേഗം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ ജനാധിപത്യം കൂടുതല്‍ പ്രാതിനിധ്യപൂര്‍ണവും പ്രതികരണാത്മകവും ഭാവി സജ്ജവുമാക്കി മാറ്റാനുള്ള ചരിത്ര അവസരമാണിത്.

കൂട്ടായ പ്രവര്‍ത്തനത്തിന് ഈ നിമിഷം നമ്മെ ആഹ്വാനം ചെയ്യുന്നു. ഇത് ഏതെങ്കിലുമൊരു സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ കാര്യമല്ല. മറിച്ച്‌, ഈ ചുവടുവെപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് രാഷ്‌ട്രമൊന്നടങ്കം അത് സാക്ഷാത്കരിക്കാന്‍ കൈകോര്‍ക്കേണ്ടതുണ്ട്. രാജ്യത്തെ നാരീശക്തിയോട് നാം കടപ്പെട്ടിരിക്കുന്നു. അതിനാല്‍ വനിതാ സംവരണ ബില്‍ പാസാക്കുന്നത് പരമാവധി സമവായത്തോടെയും വിശാല ദേശീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുമായിരിക്കണം. നമുക്കുവേണ്ടിയല്ല, മറിച്ച്‌ വരുംതലമുറകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇത്തരം അവസരങ്ങള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. കാലോചിതമായി മാറാനും കൂടൂതല്‍ ഉള്‍ക്കൊള്ളുന്നതായി മാറാനുമുള്ള കഴിവിലാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കരുത്തെന്ന് ഇത്തരം നിമിഷങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

ചരിത്രപരമായ ഈ പാര്‍ലമെന്റ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്കായി നടത്തുന്ന സുപ്രധാന ചുവടുവെപ്പിനെ പിന്തുണയ്‌ക്കാന്‍ രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിക്കാന്‍ എല്ലാ പാര്‍ലമെന്റംഗങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഉത്തരവാദിത്തബോധത്തോടെയും ലക്ഷ്യബോധത്തോടെയും ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ജനാധിപത്യത്തിന്റെ ഉന്നത പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുംവിധം നമുക്ക് പ്രവര്‍ത്തിക്കാം.

ദേശീയ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളില്‍ ഭാരതം എപ്പോഴും ഭിന്നതകള്‍ക്കപ്പുറം ഉയര്‍ന്നുവന്ന് ഐക്യത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരമൊരു നിമിഷമാണിത്. ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്തി ദേശീയ പുരോഗതിയ്‌ക്കായി രാജ്യത്തെ നാരീശക്തിയെ ശാക്തീകരിച്ച്‌ നമുക്ക് ഒരുമിച്ച്‌ മുന്നേറാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily