Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാള്‍ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

നേപ്പാള്‍ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

കാഠ്മണ്ഡു: ടിബറ്റൻ അതിർത്തിയിലെ ഭോട്ടെ കോഷി നദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ നേപ്പാളിലുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 160 കടന്നു.

142 ഇന്ത്യക്കാർ ഉള്‍പ്പെടെ 844ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 2015-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷം നേപ്പാള്‍ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. അതേസമയം, നേപ്പാളില്‍ വൻ നാശനഷ്ട വിതച്ച പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ. ശക്തമായ ഉരുള്‍പൊട്ടല്‍ മൂലമാണ് ഇത്തരത്തില്‍ പ്രകമ്പനം ഉണ്ടായതെന്ന് യു.എസ്.ജി.എസ്. വ്യക്തമാക്കുന്നു.

പ്രാദേശിക സമയം രാവിലെ 8:37-നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാള്‍-ചൈന അതിർത്തി മേഖലയില്‍ റിക്ടർ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യു.എസ്ജി.എസ്. ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഏകദേശം ഇതേ സമയത്തുതന്നെ ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവില്‍ നിന്ന് വൻ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യു.എസ്.ജി.എസ് റിപ്പോർട്ടില്‍ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

പ്രളയത്തെ തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതിബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. വിവിധ ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെ 430 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പവർ സ്റ്റേഷനുകള്‍ തകർന്നതാണ് പ്രതിസന്ധിക്ക കാരണം. ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ രംഗത്തെത്തി. മരുന്നുകള്‍, താത്കാലിക ടെന്റുകള്‍, കമ്പിളികള്‍, ശുചിത്വ കിറ്റുകള്‍, സോളാർ വിളക്കുകള്‍ എന്നിവയടങ്ങുന്ന 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യൻ വ്യോമസേന നേപ്പാളില്‍ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനായി കൂടുതല്‍ വിമാനങ്ങളും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സഹായത്തിന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യമന്ത്രി ഷിസിർ ഖനാലു നന്ദി രേഖപ്പെടുത്തി.നേപ്പാളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളായ ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നല്‍കി. ബിഹാറിലെ പശ്ചിമ ചമ്പാരൻ, മുസാഫർപുർ എന്നിവിടങ്ങളിലായി 9 എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കരുതല്‍ നടപടിയുടെ ഭാഗമായി ബിഹാറില്‍ വാല്‍മീകി നഗർ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു.

5,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.ഇതുവരെ 160 പേർ മരിച്ചതായാണ് വിവരം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികള്‍ നടക്കുന്നുണ്ട്. 844 പേരെ കാണാതായതായിട്ടുണ്ട്. 403 വിനോദ സഞ്ചാരികളെ കാണാനില്ലെന്നാണ് േനപ്പാള്‍ ടൂറിസംവകുപ്പ് വ്യക്തമാക്കുന്നത്. 341 പേർ വിദേശികളാണ്. കാണാതായവരില്‍ 142 ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily