കാഠ്മണ്ഡു: ഭോട്ടെ കോശി നദിയിലുണ്ടായ പ്രളയത്തില്‍പ്പെട്ട് കൊല്ലപ്പെടുകയും അഴുകിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത 229 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാൻ നേപ്പാളിലെ ചിത്വാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
തിരിച്ചറിയാൻ കഴിയാത്തതും ബന്ധുക്കള്‍ അവകാശപ്പെടാത്തതുമായ മൃതദേഹങ്ങളാണ് പകർച്ചവ്യാധി ഭീഷണിയെ തുടർന്ന് ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിലെ ദേവ്ഘട്ടില്‍ സംസ്‌കരിക്കുന്നത്.
ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയത്തില്‍പ്പെട്ട് മരിച്ച 626 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ഇതില്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ച ചിത്വാനില്‍, ആവശ്യത്തിന് ശീതീകരണ സംവിധാനങ്ങളോ സ്ഥലസൗകര്യമോ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. മൃതദേഹങ്ങള്‍ താല്‍ക്കാലിക സംവിധാനങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
മൃതദേഹങ്ങള്‍ കൂടുതല്‍ അഴുകുന്നതും ദുർഗന്ധം വമിക്കുന്നതും വൻതോതില്‍ രോഗങ്ങള്‍ പടരാനും പകർച്ചവ്യാധിക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. തുടർന്നാണ് ചിത്വാൻ ജില്ലാ സെക്യൂരിറ്റി കമ്മിറ്റി മൃതദേഹങ്ങള്‍ തുറസ്സായ സ്ഥലത്ത് സംസ്‌കരിക്കാൻ തീരുമാനിച്ചത്. എന്നാല്‍, സംസ്‌കാരത്തിന് മുമ്പ് എല്ലാ മൃതദേഹങ്ങളില്‍ നിന്നും ഡി.എൻ.എ സാമ്പിളുകള്‍ ശേഖരിക്കുമെന്നും, ഭാവിയില്‍ ബന്ധുക്കള്‍ എത്തിയാല്‍ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയില്‍ കൃത്യമായ റെഫറൻസ് നമ്പറുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

