Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ചില കളിക്കാര്‍ ഗോളുകള്‍ നേടും. ചിലര്‍ കിരീടങ്ങള്‍ നേടും. എന്നാല്‍ അപൂര്‍വം ചിലരുണ്ട്; അവര്‍ ഫുട്‌ബോളിനെ വീണ്ടും വീണ്ടും പ്രണയിക്കാന്‍ ലോകത്തെ പഠിപ്പിക്കും, പ്രേരിപ്പിക്കും.

അത്തരത്തിലൊരു കളിക്കാരന്‍ തന്റെ രാജ്യാന്തര ജേഴ്‌സി അഴിച്ചുവച്ചിരിക്കുന്നു. ഫുട്‌ബോളിലെ വലിയ കലാകാരന്‍ നെയ്‌മര്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ലോകകപ്പില്‍ നോര്‍വെയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ബ്രസീലിന്റെ തോല്‍വിക്കു പിന്നാലെയാണ് നെയ്‌മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ നെയ്‌മര്‍ സാക്ഷാന്‍ പെലെയെ മറികടന്നാണ് ഈ നേട്ടം കൈവരിച്ചത്. 130 മത്സരങ്ങളില്‍നിന്ന് 80 ഗോളുകള്‍ നെയ്‌മര്‍ ഇതുവരെ നേടി. പെലെ 77 ഗോളുകളാണ് ദേശീയ ടീമിനു വേണ്ടി നേടിയത്. തുടര്‍ച്ചയായ പരിക്കുകള്‍ വേട്ടയാടിയ കരിയറിന് തുടക്കം കുറിച്ച അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലായിരുന്നു അവസാന മത്സരവും.

ഞാന്‍ പരമാവധി ശ്രമിച്ചു. ഒരുപാട് ശ്രമിച്ചു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലായിരുന്നു തുടക്കം ഇവിടെവച്ച്‌ തന്നെ ഞാനിത് അവസാനിപ്പിക്കുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു.’ – മത്സരശേഷം നെയ്‌മര്‍ പറഞ്ഞു.

2010ലെ ആദ്യ മത്സരത്തില്‍ത്തന്നെ, തന്റെ 18-ാം വയസില്‍ ഗോള്‍ നേടിക്കൊണ്ടായിരുന്നു നെയ്‌മറുടെ വരവ്.

മെറ്റ്‌ലെഫിലെ ഉച്ചവെയിലില്‍ ബ്രസീലിന്റെ സൂര്യന്‍ എരിഞ്ഞടങ്ങി. ആ മഞ്ഞ ജേഴ്‌സി കണ്ണീരില്‍ നനഞ്ഞു. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞത് ഒരു തോല്‍വിയുടെ കണക്ക് മാത്രമായിരുന്നു. പക്ഷേ ചരിത്രം രേഖപ്പെടുത്തിയത് അതിലും വലിയൊരു നഷ്ടമായിരുന്നു. ഒരു തലമുറയ്‌ക്ക് അതൊരു വാര്‍ത്തയായിരുന്നു. ബ്രസീലിന് അത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു.

കാരണം, പെലെയ്‌ക്ക് ശേഷം ബ്രസീലിന്റെ ഓരോ കുട്ടിയും പന്ത് കാലില്‍ തൊടുമ്പോള്‍ ഒരിക്കലെങ്കിലും അനുകരിക്കാന്‍ ശ്രമിച്ച ഒരു മുഖമുണ്ടായിരുന്നു. ആ മുഖത്തിന്റെ പേര് നെയ്‌മര്‍. അവന്‍ ലോകകപ്പ് നേടിയില്ല. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ചു. അവന്‍ പെലെയായില്ല. എന്നാല്‍ ലക്ഷക്കണക്കിന് കുട്ടികളുടെ ‘നെയ്‌മര്‍’ ആയി. ലോകത്തിലെ പല രാജ്യങ്ങളിലും ഫുട്‌ബോള്‍ ഒരു കായികവിനോദമാണ്. ബ്രസീലില്‍ അതൊരു മതമാണ്. അവിടെ ദാരിദ്ര്യം ഉണ്ടാകാം. രാഷ്‌ട്രീയ പ്രതിസന്ധി ഉണ്ടാകാം. സാമ്പത്തിക തകര്‍ച്ച ഉണ്ടാകാം. പക്ഷേ ഒരു കാര്യം ഒരിക്കലും മരിക്കില്ല. പന്തിനോടുള്ള പ്രണയം.
റിയോ ഡി ജനീറോയിലെ ഫവേലകളില്‍ നിന്ന് ആമസോണിന്റെ തീരങ്ങള്‍ വരെ, കടല്‍ത്തീരത്തെ മണല്‍പ്പുറങ്ങളില്‍ നിന്ന് ചെങ്കല്ലുകള്‍ വിരിച്ച ഇടവഴികളിലേക്ക്, ബ്രസീല്‍ ഓരോ ദിവസവും ആയിരക്കണക്കിന് ഫുട്‌ബോള്‍ താരങ്ങളെ ജനിപ്പിക്കുന്നു. അവരില്‍ പലരും പേരില്ലാതെ മറഞ്ഞുപോകും.

ചിലര്‍ ക്ലബ്ബ് താരങ്ങളായി മാറും. വളരെ വിരളമായി മാത്രം ഒരാള്‍ മുഴുവന്‍ രാജ്യത്തിന്റെ പ്രതീക്ഷയാകും.

1992 ഫെബ്രുവരി 5-ന് അങ്ങനെയൊരു കുട്ടി ജനിച്ചു. ആ കുഞ്ഞിന് പിതാവ് നല്‍കിയ പേര് നെയ്‌മര്‍. പിതാവും ഒരു ഫുട്‌ബോള്‍ താരമായിരുന്നു. വലിയ വേദികളിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, തന്റെ സ്വപ്‌നം മകന്റെ കാലുകളിലേക്ക് കൈമാറണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റേതു ബ്രസീലിയന്‍ ഫുട്‌ബോളറെയും പോലെ തെരുവുകളിലായിരുന്നു നെയ്‌മറും ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. അവിടെനിന്ന് സാന്റോസിലേക്കും ബാഴ്‌സയിലേക്കും പിഎസ്ജിയിലേക്കും അല്‍ ഹിലാലിലേക്കും ഒടുവില്‍ സാന്റോസിലേക്കുമെത്തി. ദേശീയ ടീമിനു വേണ്ടി ഒളിമ്പിക്‌സ് സ്വര്‍ണവും കോണ്‍ഫെഡറേഷന്‍സ് കപ്പും നേടിയ ശേഷമാണ് നെയ്‌മറുടെ പടിയിറക്കം. ബ്രസീല്‍ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സമ്മാനം ലോകകപ്പുകള്‍ മാത്രമല്ല, ഒരു ആശയമായിരുന്നു, ജോഗോ ബോണിറ്റോ, മനോഹരമായ ഫുട്‌ബോള്‍. ഗോള്‍ നേടുക മാത്രമല്ല.

ഗോള്‍ മനോഹരമാക്കുക. വിജയിക്കുക മാത്രമല്ല, വിജയത്തെ ഒരു കലാരൂപമാക്കുക. ആ പാരമ്പര്യത്തിന്റെ അവസാനത്തെ മഹാകവികളിലൊരാളായിരുന്നു നെയ്‌മര്‍. അവന്റെ ഡ്രിബിളുകളില്‍ സംഗീതമുണ്ടായിരുന്നു. അവന്റെ ഫ്‌ലിക്കുകളില്‍ കാര്‍ണിവലിന്റെ നിറമുണ്ടായിരുന്നു. അവന്റെ ഓട്ടങ്ങളില്‍ റിയോയുടെ കടല്‍ക്കാറ്റുണ്ടായിരുന്നു. ചിലപ്പോള്‍ തോല്‍വിയിലും പോലും അവന്‍ മനോഹരമായിരുന്നു. നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ ഏറ്റവും സുന്ദരമായ പ്രയോക്താവിന് നന്ദി…

നെയ്‌മര്‍.

ജനനം: 1992 ഫെബ്രുവരി 5
ദേശീയ ടീം അരങ്ങേറ്റം: 2010
ബ്രസീലിനായി മത്സരങ്ങള്‍: 130
ഗോളുകള്‍: 80 (ദേശീയ റെക്കോര്‍ഡ്)
അസിസ്റ്റുകള്‍: 59
ലോകകപ്പുകള്‍: 2014, 2018, 2022, 2026
ഗോളുകള്‍: 9 (15 മത്സരങ്ങള്‍)
കോണ്‍ഫെഡറേഷന്‍സ് കപ്പ്: ജേതാവ് (2013)
ഒളിമ്പിക് സ്വര്‍ണം: 2016
സാന്റോസ്: 225 മത്സരങ്ങള്‍, 136 ഗോളുകള്‍
ബാഴ്‌സലോണ: 186 മത്സരങ്ങള്‍, 105 ഗോളുകള്‍
പി.എസ്.ജി.: 173 മത്സരങ്ങള്‍, 118 ഗോളുകള്‍
അല്‍ ഹിലാല്‍: 1 ഗോള്‍ (പരിക്കുകള്‍ കാരണം പരിമിത മത്സരങ്ങള്‍)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily