Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

പൂവാര്‍: പൂവാറില്‍ ബോട്ടുക്ലബുകളുടെ മറവില്‍ സ്വകാര്യ വ്യക്തികള്‍ നെയ്യാറിന്റെ ഇരുകരകള്‍ കയ്യേറിയിട്ടും അധികൃതര്‍ക്ക് അനക്കമില്ല.

പൂവാര്‍ ബണ്ട് റോഡിലും പൂവാര്‍ പാലം ജങ്ഷനില്‍ വരുന്ന നെയ്യാറിന്റെ ഇരുകരകളും ബോട്ടുക്ലബ് ഉടമകള്‍ സ്വന്തമാക്കി. പൂവാര്‍ കുളത്തൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബോട്ടുക്ലബുകളില്‍ ഭൂരിഭാഗവും പൂവാര്‍ പഞ്ചായത്തിന് കീഴില്‍ വരുന്നവയാണ്. ഇവിടെ ബോട്ടുക്ലബുകള്‍ നടത്തുന്നവരില്‍ സ്വന്തമായി ഭൂമിയുള്ളവരാണ് ഭൂമി കയ്യേറിയതില്‍ മുന്നിലുള്ളത്. എന്നാല്‍ പാട്ടത്തിനെടുത്ത് നടത്തുന്നവരും ഭൂമി കയ്യേറിയതില്‍ ഒട്ടും പിന്നിലല്ല.

കുളത്തൂര്‍ പഞ്ചായത്തില്‍ ഭൂമികയ്യേറി കെട്ടി ഉയര്‍ത്തിയ ഒരു റിസോര്‍ട്ടിനെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി നിരവധി പരാതികള്‍ നല്‍കിയിട്ടും റവന്യൂ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ രണ്ടാഴ്‌ച്ച മുമ്പ് ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചത് പരാതിക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ വൈകിട്ട് ആറ്റുപുറം ചെക്ക് പോസ്റ്റിന് സമീപം പരസ്പരം കയ്യാങ്കളിയും നടന്നു. റിസോര്‍ട്ട് ഉടമയാകട്ടെ മാറി വന്ന സര്‍ക്കാരിന്റെ ഭരണകക്ഷിയില്‍പ്പെട്ട പ്രമുഖ നേതാവിന്റെ ബന്ധുവാണ്. അതിനാല്‍ അധികാരത്തിന്റെ പിന്‍ബലത്തിലാണ് ഇയ്യാളുടെ അതിക്രമം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

നെയ്യാറില്‍ ബോട്ടുസവാരി നടത്തുന്നതിന് ബോട്ടിന്റെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോര്‍ട്ട് അധികൃതരുടെ കീഴിലാണ് വരുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഓഫീസ് മുറികള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നത് തീരദേശ പരിപാലന നിയമത്തിന്റെ കീഴില്‍ വരുന്ന സ്ഥലത്താണ്. പഞ്ചായത്തിന്റെ താല്‍കാലിക അനുമതിയോ,കെട്ടിടത്തിനുള്ള പെര്‍മിറ്റ് പോലും വാങ്ങാതെയാണ് ഓഫീസ് കെട്ടിടങ്ങളും ഗസ്റ്റുകള്‍ക്ക് നിര്‍മ്മിച്ച വിശ്രമകേന്ദ്രങ്ങളും കെട്ടിയുര്‍ത്തിയത്.

പൂവാറില്‍ ബോട്ടുസവാരിക്ക് വിദേശികളായ ടൂറിസ്റ്റുകളെ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് രാത്രികാലങ്ങളില്‍ ബോട്ടുക്ലബുകളില്‍ അനാശാസ്യം ഉള്‍പ്പെടെ പ്രത്യേക വിരുന്ന് സല്‍ക്കാരം നല്‍കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ ബോട്ട് സവാരി നിറുത്തുന്നതോടെ പോലീസ് പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്നും ആക്ഷേപമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily