Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓച്ചിറക്കാളകള്‍ ദൈവക്കാഴ്ചകള്‍

ഓച്ചിറക്കാളകള്‍ ദൈവക്കാഴ്ചകള്‍

ഒരു ഗ്രാമം ഒന്നാകെ ഉണരുകയാണ്. കന്നിമാസത്തിലെ ഇരുപത്തിയെട്ടാം ഓണത്തെ വരവേല്‍ക്കാന്‍. ഓണാട്ടുകരയുടെ ഓരോ മണല്‍ തരിയും പ്രഭാത സൂര്യന്റെ കിരണങ്ങളേറ്റു തിളങ്ങി.

കോളാമ്പിയും നാട്ടുചെമ്പരത്തിയും പടര്‍ന്നു കയറിയ വേലിക്കെട്ടുകള്‍ക്ക് ഇരുപുറവും നിന്ന് അയല്‍ക്കാര്‍ക്ക് കൈമാറാന്‍ ഒരേ ഒരു കാര്യമേ ഉള്ളൂ. ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന കൂറ്റന്‍ കെട്ടുകാളകളുടെ പ്രൗഢി. കായംകുളത്തിനും കൊല്ലത്തിനും ഇടയ്‌ക്കുള്ള അമ്പത്തിരണ്ട് കരകളില്‍ നിന്നും ഓച്ചിറ പടനിലത്ത് അണിനിരക്കുന്ന നന്ദികേശന്മാര്‍.

കെട്ടുകാഴ്ചകള്‍ക്ക് പേരു കേട്ട മധ്യതിരുവിതാംകൂറിലെ മറ്റൊരാഘോഷം കൂടി. ചെട്ടികുളങ്ങര കുംഭഭരണി കഴിഞ്ഞാല്‍ ജനം ഏറ്റവും കൂടുതല്‍ ഒത്തുകൂടുന്നത് ഓണാട്ടുകരയിലാണ്. ഇവിടെ വിളഞ്ഞു മറിഞ്ഞ എള്ളുപാടങ്ങള്‍ ഇന്ന് നാമ മാത്രം. കൃഷി മനുഷ്യനെ തുണച്ചിരുന്ന ഒരുകാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പ് പോലെ നിലമൊരുക്കാന്‍ ഉഴവ് ചാലുകളില്‍ കലപ്പ വലിച്ച മിണ്ടാപ്രാണികളോടുള്ള നന്ദി സൂചകമായാണോ കാലഹരണപ്പെടാത്ത ആചാരങ്ങള്‍, നാട്ടുവഴികളിലൂടെ ആഘോഷങ്ങളായി അതിമേളങ്ങള്‍ക്ക് ഒപ്പം നീങ്ങുന്നത്?

ഒരു ഗ്രാമത്തിന്റെ ജനതയാകെ ഇന്ന് ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ കാളകെട്ടുല്‍സവമാണ് ഓച്ചിറയില്‍ അരങ്ങേറുന്നത്. ഇവിടെ ജാതിയും മതവും വേര്‍തിരിക്കുന്ന വേലിക്കെട്ടുകള്‍ ഒന്നും തന്നെ ഇല്ല. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ എല്ലാ മതസ്ഥരും ഒത്തു ചേരുന്നത് ഓച്ചിറ വല്യച്ഛന് മുന്നിലാണ് എന്നത് ഇവിടത്തെ ജനകീയ പങ്കാളിത്തം കണ്ടാല്‍ തന്നെ അറിയാം.

ചരിത്രവും ഐതിഹ്യവും ഇഴ പിരിക്കാനാവാത്ത വിധം നെയ്‌തെടുത്ത സംസ്‌കാരത്തിന്റെ വിളനിലമായ ഓച്ചിറ പരബ്രഹ്‌മക്ഷേത്രം കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയിലായി ഹൈവേയ്‌ക്ക് സമീപം നിലകൊള്ളുന്നു. ശ്രീകോവിലോ ക്ഷേത്രമതില്‍ കേട്ടോ പ്രതിഷ്ഠയോ ഒന്നുമില്ലാതെ കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്ന ആല്‍ത്തറയില്‍ കുടികൊള്ളുന്ന അരൂപിയായ പരബ്രഹ്‌മ സ്വരൂപം പരമാത്മാവ് തന്നെയാണ്. ഇവിടെ നിഷ്ഠയോടുള്ള പൂജകളൊന്നും ഇല്ല. ഇവിടത്തെ ദേവന്‍ അഗതിയും അശരണരുമായ മനുഷ്യന്‍ തന്നെയാണ്. മാനവ സേവ മാധവ സേവ എന്നതുപോലെ ഇവിടെത്തെ നൈവേദ്യം അഗതികള്‍ക്കുള്ള അന്നദാനമാണ്. മുടന്തനും കാഴ്ച നഷ്ടപ്പെട്ടവനും കുടുംബത്തില്‍ നിന്ന് നടതള്ളിയവനും അഭയകേന്ദ്രമായി അഗതിമന്ദിരമുണ്ട്. ഇവിടെ നിന്നും പ്രസാദമായി കിട്ടുന്നത് ഇവിടുത്തെ മണ്ണ് തന്നെയാണ്. ഔഷധ ഗുണം നിറഞ്ഞ ഈ മണ്ണ് ത്വക്ക് രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്.

ഉച്ചസൂര്യന്‍ ഉച്ചസ്ഥായിയില്‍ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. നാട്ടുവഴികളുടെ നാല് ഭാഗത്തുനിന്നും എഴുന്നള്ളിപ്പിന്റെ മേളം കേള്‍ക്കാം. ഓച്ചിറ റെയില്‍വേസ്റ്റേഷനില്‍ നിന്നും കിഴക്കുമാറി ഞക്കനാല്‍ ദേശക്കാരുടെ എഴുന്നള്ളിപ്പ് കാളയുടെ വരവാണ് ആദ്യം കണ്ടത്. ഇരുവശവും ചക്രം പിടിപ്പിച്ച പലക കൊണ്ട് തീര്‍ത്ത ഉന്തുവണ്ടിയില്‍ ഏകദേശം നാല്‍പ്പതടിയോളം ഉയരമുള്ള രണ്ട് കാളകളെ സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ വടം കെട്ടി വലിച്ച്‌ ഉച്ചവെയിലില്‍ കൊണ്ടുവരുന്നത് കണ്ടപ്പോള്‍ അവരുടെ ആത്മാര്‍പ്പണബോധം ആകാശം മുട്ടെ ഉയരമുള്ള കാളകളേക്കാള്‍ എത്രയോ ഉയരത്തിലാണ് എന്നു തോന്നി. മുന്നില്‍ പഞ്ചാരി മേളം, മേള ത്തിനൊപ്പം ചുവട് വയ്‌ക്കുന്ന ശിവ പാര്‍വതി, ഗണപതി വേഷങ്ങള്‍, താലപ്പൊലിയുമായി ബാലികമാര്‍. കാളകെട്ട് സമിതികള്‍ രൂപകല്‍പ്പന ചെയ്ത കാളയുടെ ചട്ടത്തില്‍ വയ്‌ക്കോല്‍ പൊതിഞ്ഞു വെള്ളയും ചുവപ്പും തുണികള്‍ പൊതിഞ്ഞ ഉടലിനു മുകളില്‍ ഉറപ്പിച്ച അലങ്കരിച്ച കാളയുടെ തല കരക്കാരുടെ കരവിരുത് വിളിച്ചോതുന്നു. ഓരോ വാഹനത്തിലും രണ്ടു കാളകള്‍ വീതം നെറ്റിപ്പട്ടത്തിന്റെ ഇരുപുറവുമായി തല ഉയര്‍ത്തി നില്‍ക്കുന്നു.

വിശ്വപ്രജാപതി കാലഭൈരവന്‍ തലയെടുപ്പിലും ഉയരത്തിലും ഒന്നാമന്‍. തിരവന്‍, കാല കേയന്‍, ഋഷഭന്‍, മഹാരുദ്രന്‍, തുടങ്ങി ഓരോ കരക്കാരുടെയും അഭിമാനഭാജനങ്ങളായ കാളകള്‍ ക്രെയിനിന്റെ സഹായത്തോടെ പടനിലത്തിലേക്ക് നീങ്ങുന്ന അതി മനോഹരമായ കാഴ്ച. പടനിലം നിറയെ നിരന്നു നില്‍ക്കുന്ന അണിയിച്ചൊരുക്കിയ നൂറുകണക്കിന് വേറെ നന്ദികേശന്മാര്‍.

എള്ള് വിളഞ്ഞ ഓണാട്ടുകരയുടെ കൊയ്‌ത്തുത്സവത്തെ ഓര്‍മ്മിപ്പികുന്ന കുടമണികള്‍ അണിഞ്ഞ കാളകള്‍. കഴുത്തില്‍ പൂമാലകള്‍ വിസ്തരിച്ചു ചാര്‍ത്തിയിട്ടുണ്ട്.

ഉയരം കൂടിയവയ്‌ക്ക് ആരവവും ആദരവും ഏറും. പാതയോരത്തും ഹൈവേയുടെ ഇരുവശത്തും ആദരവിന്റെ ഭാഗമായി ഇലക്‌ട്രിക് പോസ്റ്റില്‍ നിന്നും താല്‍ക്കാലികമായി വൈദ്യുതി ബന്ധം വേര്‍പെടുത്തി ഇലക്‌ട്രിസിറ്റി ബോര്‍ഡും ഈ ഉത്സവത്തിന് സഹകരണം ഉറപ്പാക്കുന്നു.

കാളയും പരബ്രഹ്‌മവും തമ്മില്‍ എന്താണ് ബന്ധം. ശിവന്റെ വാഹനമായ നന്ദികേശനെ ആണോ പരബ്രഹ്‌മത്തിന്റെ പ്രതീകമായി ഇവിടെ എഴുന്നള്ളിക്കുന്നത്. അങ്ങനെയെങ്കില്‍ പരബ്രഹ്‌മം പരമ ശിവന്‍ തന്നെ അല്ലെ? അരൂപിയായ ശിവനെയാണോ ഇവിടെ ആരാധിക്കുന്നത്? ഒരു നൂറു ചോദ്യങ്ങള്‍ ജനസഞ്ചയത്തിനിടയിലൂടെ നടക്കുമ്പോള്‍ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. ഇവിടുത്തെ അഭിഷേകവും കൂവള മാലയും വിളക്കും ചുവന്ന പട്ടണിയിച്ച്‌ ആല്‍ത്തറക്ക് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഓച്ചിറ കാളകള്‍ എല്ലാം തന്നെ ഇവിടെ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം മഹാദേവനാണെന്ന് വിളിച്ചോതുന്ന തരത്തിലാണ്.

ഓച്ചിറപ്പടനിലവും അകവൂര്‍ ചാത്തനും

ഈ പടനിലം ചരിത്രത്തിന്റെ താളുകളില്‍ യുദ്ധമുറകള്‍ അരങ്ങേറിയത്തിന്റെ ചോരപടര്‍ത്തിയിട്ടുണ്ട്. പടയാളികള്‍ വാള്‍ തലപ്പുകൊണ്ട് കൊമ്പു കോര്‍ക്കുമ്പോള്‍ പറയിപെറ്റ പന്തിരുകുലത്തിലെ സിദ്ധനായ അകവൂര്‍ ചാത്തന്‍ ഇവിടെ ഭജനമിരുന്നതും ഏതോ രാജവംശത്തിന്റെ നിലനില്‍പ്പിനുവേണ്ടി പടയാളിയായതും പോരില്‍ പൊലിഞ്ഞതും ഐതിഹ്യങ്ങളില്‍ കോര്‍ത്തിണക്കിയ ചരിത്ര സ്മരണകളാണ്.

ചരിത്രരേഖകള്‍ പരിശോധിച്ചാല്‍. കേരളത്തിന്റെ പടയോട്ട ചരിത്രത്തില്‍ ഓച്ചിറ പടനിലത്തിന് സവിശേഷ സ്ഥാനമുള്ളതാണ്. എല്ലാവര്‍ഷവും മിഥുന മാസം ഒന്നാം തീയതി പടനിലത്ത് നടത്തുന്ന ഓച്ചിറക്കളി അമ്പലപ്പുഴ, കായംകുളം തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ഈ പാരമ്പര്യത്തില്‍ ശ്രദ്ധേയമായ പേരാണ് അകവൂര്‍ ചാത്തന്റേത്. പറയിപെറ്റ പന്തിരുകുലത്തിലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട സന്താനങ്ങളില്‍ ഒരാളാണ് അകവൂര്‍ ചാത്തന്‍. അകവൂര്‍ മനയിലെ നമ്പൂതിരിയുടെ സേവകനായ ചാത്തന്‍ തന്റെ യജമാനന്‍ നിത്യവും വെളുപ്പിന് കുളിച്ച്‌ ജപിച്ചു ഉപാസിക്കുന്ന പരബ്രഹ്‌മത്തിന്റെ രൂപം എങ്ങനെയാ ണ് എന്നറിയാന്‍ മോഹിച്ചു. നിഷ്‌കളങ്കമായ ചാത്തന്റെ ചോദ്യത്തിന് പരബ്രഹ്‌മം മാടന്‍ പോത്തിനെ പോലിരിക്കും എന്നായിരുന്നു പരിഹാസം നിറഞ്ഞ നമ്പൂതിരിയുടെ മറുപടി. മാടന്‍പോത്തിന്റെ രൂപം മനസ്സില്‍ ധ്യാനിച്ചു ചാത്തന്‍ പരബ്രഹ്‌മത്തെ ഉപാസിച്ചു. മന്ത്ര ജപഹോമാദികള്‍ ഒന്നുമില്ലാത്ത ചാത്തന്റെ ഉപാസനക്ക് മുന്‍പില്‍ കൃത്യം നാല്‍പ്പത്തി ഒന്നാം പക്കം മാടന്‍ പോത്തിന്റെ രൂപത്തില്‍ പരബ്രഹ്‌മം ദര്‍ശനം നല്‍കി. ചാത്തന്റെ നിഷ്‌കളങ്കഭക്തിയില്‍ ആകൃഷ്ടനായി പോത്ത് ചാത്തന്റെ കൂടെയായി സദാ സമയവും.

ഒരിക്കല്‍ നമ്പൂതിരിയോടൊത്ത് തെക്കന്‍ ദേശത്തേക്ക് യാത്രയായ ചാത്തന്‍ ഓച്ചിറ പടനിലത്ത് എത്തിയപ്പോള്‍ വിസ്താരം കുറഞ്ഞ ഒരു വാതിലില്‍ കൂടി കടക്കേണ്ടി വന്നു. ചാത്തന്റെ ഒപ്പം കൂടിയ പോത്തിന് ഉയരക്കൂടുതല്‍ കാരണം വാതില്‍ കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ‘ചെരിഞ്ഞ് കടക്കൂ’ എന്ന ചാത്തന്റെ നിര്‍ദേശം കേട്ട് നമ്പൂതിരി ചാത്തന്‍ ആരോടാണ് സംസാരിക്കുന്നതെ ന്ന് ചോദിച്ചു.

പരബ്രഹ്‌മത്തോടാണെന്ന് ചാത്തന്‍ മറുപടി നല്‍കി. നിത്യവും ഉപാസിക്കുന്ന പരബ്രഹ്‌മത്തെ തനിക്കും ഒന്നു കാണിച്ച്‌ തരുമോ എന്ന പരിഹാസോദ്യമായ വാക്കുകള്‍ കേട്ട ചാത്തന്‍ യജമാനനോട് തന്റെ ചുമലില്‍ തൊട്ട് കൊണ്ട് നോക്കാന്‍ പറഞ്ഞു. ചാത്തനോടൊപ്പം മാടന്‍ പോത്തിനെ കണ്ട നമ്പൂതിരിക്ക് തന്റെ തെറ്റു മനസ്സിലായി. പക്ഷേ തിരുത്താന്‍ സമയം കിട്ടുന്നതിന് മുന്‍പ് പോത്ത് ചാത്തനെ വിട്ട് അപ്രത്യക്ഷനായി. പൂണൂല്‍ധാരിയുടെ മന്ത്രമുഖരിതമായ താന്ത്രിക പീഠത്തേക്കാള്‍ ഈശ്വരന് ഇരിക്കാന്‍ ഇഷ്ടം നിഷ്‌കളങ്ക ഭക്തന്റെ ഹൃദയത്തില്‍ ആണല്ലോ?

തന്നെ ഉപേക്ഷിച്ചു പോയ പരബ്രഹ്‌മത്തെ ഓര്‍ത്ത് പോത്ത് അപ്രത്യക്ഷമായ സ്ഥലത്ത് ചാത്തന്‍ ദുഃഖിതനായി ഇരുന്നു. നമ്പൂതിരിയോടൊപ്പം പോകാന്‍ വിസമ്മതിച്ച ചാത്തന്‍ മോക്ഷത്തിലേക്കെത്താന്‍ വേദമുണ്ട് എന്നര്‍ത്ഥത്തില്‍ ‘മേല്‍പ്പോട്ട് കയറാന്‍ നൂലുണ്ടല്ലോ’ എന്ന് പറഞ്ഞ് അവിടെ ഭജനമിരുന്നു കാലം കഴിച്ചു. ഓച്ചിറപ്പടനിലത്ത് അമ്പലപ്പുഴ രാജാവും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധത്തില്‍ പോരാളിയായി പങ്കെടുത്ത് ചാത്തന്‍ വീരമൃത്യു വരിച്ചുവെന്നും പറയപ്പെടുന്നുണ്ട്.

എന്നാല്‍ ഈ സംഭവത്തിന്റെ കൃത്യമായ കാലവും ചാത്തന്റെ ജീവിതകാലവും സ്ഥിരീകരിക്കുന്ന ചരിത്രരേഖകള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കിയാല്‍ മാത്രമേ ഈ വീരമൃത്യു സ്ഥിരീകരിക്കാന്‍ ആകുകയുള്ളൂ.

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂറും കായംകുളവും തമ്മില്‍ നടന്ന സൈനിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പാരമ്പര്യത്തെ പരിശോധിക്കാവുന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഓച്ചിറ പടനിലം ഒരു ഉത്സവവേദി മാത്രമല്ല കേരളത്തിലെ പ്രാദേശിക അധികാര പോരാട്ടങ്ങളുടെ ഒരു യുദ്ധവേദി കൂടിയാണെന്ന് മനസ്സിലാക്കാം.

പഞ്ചാരിയും ചെണ്ടയും ശിങ്കാരിയും മേളകൊഴുപ്പില്‍ മത്സരിക്കുകയാണ്. പടിഞ്ഞാറന്‍ മാനം ചുവപ്പ് കൊടിക്കൂറ വീശി ഇരുപത്തിയെട്ടാം ഓണത്തിന് യാത്ര പറയുന്നു. ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഇനിയും കടന്നിട്ടില്ലാത്ത കെട്ടുകാളകള്‍. നന്ദികേശന്മാര്‍ നിരന്ന ഓച്ചിറ പടനിലത്ത് ജനസഞ്ചയത്തിന്റെ ഉത്സവ മാമാങ്കം. ചുവപ്പ് രാശിവീണ ആകാശത്തിന് കീഴെ ഒഴുകി നടക്കുന്ന കെട്ട് പൊട്ടിയ ബലൂണുകള്‍. കുട്ടികളുടെ ചിരിയും കരച്ചിലും. നമശിവായ മന്ത്രങ്ങള്‍ ഉച്ചസ്ഥായില്‍ കേള്‍ക്കാം. കാശി ഇങ്ങോട്ട് പറിച്ച്‌ മാറ്റിയതു പോലെ. ഈ ദിവസം മാത്രം മതി ഓച്ചിറയെ ദക്ഷിണ കാശി എന്നറിയപ്പെടാന്‍. അകവൂര്‍ ചാത്തന്‍ തനിക്കു പകരം ഗംഗയില്‍ മുങ്ങാന്‍ തീര്‍ഥാടകരുടെ കയ്യില്‍ കൊടുത്തുവിട്ട വടി ഗംഗയില്‍ നഷ്ടമായതും പിന്നീട് ചാത്തന്‍ മുങ്ങി എടുത്തു എന്ന് പറയപ്പെടുന്നതുമായ തീര്‍ത്ഥക്കുളം കണ്ട് പടിഞ്ഞാറെ ആല്‍ത്തറയ്‌ക്ക് വടക്ക് മാറി നാഗത്താന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ഉണ്ടിക്കാവ് വലം വച്ച്‌ കല്‍വിളക്കിന് സമീപം എത്തിയപ്പോള്‍ തിരക്ക് കാരണം പുറത്തേക്ക് കടക്കാനുള്ള മാര്‍ഗമെല്ലാം അടഞ്ഞിരുന്നു. രാവേറെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ഈ ഭൂമിയിലേക്ക് തിരിച്ചുവരാന്‍ ആരോ വലിച്ചിഴക്കുന്നപോലെ.

പോകാനിടമില്ലാത്തവര്‍ക്ക് അഭയം നല്‍കുന്ന പുണ്യഭൂമി. വീണ്ടും വരണം ഈ പുണ്യഭൂമിയിലേക്ക്. വരരുചിയുടെ പന്ത്രണ്ട് മക്കള്‍ വിളക്ക് തെളിയിക്കാന്‍ വന്നിരുന്ന വൃശ്ചികത്തിലെപന്ത്രണ്ട് വിളക്ക് മഹോത്സവത്തിന്. അകവൂര്‍ ചാത്തന്റെ പ്രതീകമായി കുടില്‍ കെട്ടി ഭജനം പാര്‍ക്കുന്ന പുണ്യാത്മാക്കളെ കാണാന്‍. മനസ്സില്‍ ആരോ ഇരുന്ന് കൊട്ടി പാടുന്നു.
നൊന്തു വിളിക്കുമ്പോള്‍ കാരുണ്യമേകുന്ന ശംഭുവേ കൈതൊഴുന്നേന്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily