ന്യൂദല്‍ഹി: പരീക്ഷാക്രമക്കേട് തടയുന്നതിനുള്ള ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ സോഷ്യല്‍ മീഡിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
പരീക്ഷാബില്‍ പാസായതിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഭാരതത്തിലെ പ്രവേശന പരീക്ഷ സംവിധാനം പരിഷ്‌കരിക്കുന്നതിലെ വലിയ ചുവടുവെപ്പാണ് ഉണ്ടായിരിക്കുന്നത്.
പരീക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ദൃഢമാകും. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെ സംഘത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. പ്രവേശന-മത്സര പരീക്ഷാത്തട്ടിപ്പുകാർക്ക് കൂടുതല്‍ ശിക്ഷ ഉറപ്പാക്കുന്ന ബില്‍ പാർലമെന്റിന്റെ ഇരുസഭകളിലും പാസായതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ചോദ്യക്കടലാസ് ചോർച്ചയും വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരാഴ്ചയ്‌ക്കിടെ ഇത് നാലാം തവണയാണ് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തുവരുന്നത്.
കഴിഞ്ഞ പല ദശകങ്ങളായി കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ചോദ്യക്കടലാസ് ചോർച്ചയുടെ ഗുരുതരമായ പ്രശ്നം നേരിടുന്നുണ്ടെന്നും, ഇത് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത വിഡിയോയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കേണ്ടതും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തേണ്ടതും ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ ഭാവിയുമായി കളിക്കുന്ന പേപ്പർ മാഫിയകളെയും ചോർച്ചാ സംഘങ്ങളെയും ഒരു കാരണവശാലും വെറുതെ വിടില്ലെന്നും, അവർക്ക് രക്ഷപ്പെടാനാകില്ലെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇതിനായി കർശനമായ നിയമങ്ങള്‍ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
താൻ നല്‍കിയ വാഗ്ദാനപ്രകാരം പാർലമെന്റിന്റെ ഇരുസഭകളും വിശദമായ ചർച്ചകള്‍ക്ക് ഒടുവില്‍ കർശന വ്യവസ്ഥകളുള്ള പുതിയ ബില്‍ പാസാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച ശബ്ദവോട്ടോടെയാണ് രാജ്യസഭയില്‍ ബില്‍ പാസായത്. ലോക്സഭയും പാസാക്കിയ ബില്ലില്‍ ഇനി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാവും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് രണ്ടുമുതല്‍ രാത്രി എട്ടേമുക്കാല്‍വരെ നീണ്ട ചർച്ചയ്‌ക്കിടയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ പലതവണ വാക്കേറ്റമുണ്ടായി. ചർച്ച ഏതാണ്ട് പൂർത്തിയായതിനുപിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
മന്ത്രിയുടെ മറുപടി കേള്‍ക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയത് ജനാധിപത്യമര്യാദയ്‌ക്ക് നിരക്കാത്തതാണെന്ന് സഭാ നേതാവ് ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി.
പരീക്ഷാ ചോദ്യപ്പപ്പർ ചോർച്ചയോട് സർക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ ആരെയും അനുവദിക്കില്ലെന്നുമുള്ളതിന്റെ തെളിവാണ് ചോദ്യപ്പേപ്പർ ചോർച്ച വിരുദ്ധ നിയമത്തിലെ ഭേദഗതിയെന്നും ബില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടമുണ്ടായതെന്ന് കണക്കുകള്‍ നിരത്തി ജിതേന്ദ്രസിങ് മറുപടി നല്‍കി. എംബിബിഎസ് സീറ്റുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍ സ്ഥാപിച്ചതും ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ജിതേന്ദ്രസിങ് മറുപടി നല്‍കി. ഇറങ്ങിപ്പോയ പ്രതിപക്ഷം ചില പ്രത്യേക വിഷയങ്ങളിലാണ് പ്രതികരിക്കുന്നത്.
കര്‍ണാടകയിലും പഞ്ചാബിലും നടന്ന കാര്യങ്ങളോട് കണ്ണടയ്‌ക്കുകയാണ്. വിദ്യാര്‍ത്ഥി സമരത്തിന് നേരെ വെടിവച്ചില്ല. ആസാമില്‍ 800ല്‍ അധികം വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് ഭരണകാലത്ത് വെടിവച്ച് കൊന്നത് പോലെ എന്‍ഡിഎ സര്‍ക്കാര്‍ ചെയിതിട്ടില്ല, ജിതേന്ദ്രസിങ് ഓര്‍മിപ്പിച്ചു.

