Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

പ്തംബര്‍ 15ന് യെമനിലെ ഹൂതി ഭീകരര്‍ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി ഡ്രോണുകള്‍ അയച്ചതാണ് ഏവരെയും ഞെട്ടിച്ചത്.

എന്നാല്‍ മക്കയുടെ വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഷിയാ ഡ്രോണുകളെ തകര്‍ക്കാന്‍ സൗദിക്ക് സാധിച്ചു. ആക്രമണശ്രമത്തെ ഹൂതികള്‍ പിന്നീട് നിഷേധിച്ചെങ്കിലും ആഗോളതലത്തില്‍ ഒരു ഭൂകമ്പമുണ്ടാക്കാന്‍ ആക്രമണം നടന്നുവെന്ന സൗദിയുടെ ആരോപണം തന്നെ ധാരാളമായിരുന്നു. കാരണം ഇസ്ലാമിന്റെ വിശുദ്ധ നഗരമായാണ് വിശ്വാസികള്‍ മക്കയെ കരുതുന്നത്. ലോകത്താകമാനമുള്ള മുസ്ലിങ്ങള്‍ ദിവസവും പ്രാര്‍ത്ഥനയില്‍ അഭിമുഖീകരിക്കുന്ന കഅ്ബ സ്ഥിതിചെയ്യുന്ന നഗരമാണത്. അതിനാല്‍ മക്കയുടെ സുരക്ഷ സൗദിയുടെ മാത്രം പ്രശ്നമല്ല.

എന്നിട്ടും മക്കയ്‌ക്കു നേരെ ആക്രമണ ശ്രമം ഉണ്ടായ പശ്ചാത്തലത്തില്‍ ഉടനടി ഒരു മതപരമായ സൈനിക ഐക്യം പശ്ചിമേഷ്യയിലോ മറ്റെവിടെയെങ്കിലുമോ രൂപപ്പെട്ടില്ല. പകരം ഓരോ രാജ്യവും സ്വന്തം സുരക്ഷയ്‌ക്കും സാമ്പത്തിക താത്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സമീപനമാണ് സ്വീകരിച്ചത്. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ ഇസ്ലാംമത വിശ്വാസികള്‍ കരുതുന്നതുപോലെ മതപരമായ ഐക്യത്തിന്റെ കണ്ണിലൂടെയല്ല ഈ വിഷയത്തെ യഥാര്‍ത്ഥ മുസ്ലിം രാജ്യങ്ങള്‍ കാണുന്നത്.

സൗദിയില്‍ ഡ്രോണ്‍ മഴയും മറ്റിടങ്ങളില്‍ കണക്കുകൂട്ടലുകളും

ഇറാന്റെ പിന്തുണയുള്ള ഷിയാ ഇസ്ലാമിക ഭീകരരായ ഹൂതികളുടെ ആക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാന്‍, സുന്നി മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൗദി അറേബ്യ ജൂത രാഷ്‌ട്രമായ ഇസ്രായേലിന്റെ പിന്തുണയാണ് തേടിയത്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്ന് പശ്ചിമേഷ്യയ്‌ക്ക് പുറത്തുള്ള പല രാജ്യങ്ങളിലും ഇസ്ലാമിക ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുമ്പോഴും, സങ്കുചിതമായ മതപരമായ അതിരുകള്‍ക്കപ്പുറം തന്ത്രപ്രധാനമായ സുരക്ഷയ്‌ക്കാണ് സൗദി മുന്‍ഗണന നല്‍കിയത് ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പാകിസ്ഥാനും തുര്‍ക്കിയും ഉള്‍പ്പെട്ട മക്കാ സംയുക്ത പ്രതിരോധ കരാര്‍. 2026 ആഗസ്തില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഒരു അംഗത്തിനെതിരായ സായുധ ആക്രമണം എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും. പക്ഷേ കരാറുണ്ടായിട്ടും സൗദിക്കായി ഉടനടി ഒരു സംയുക്ത സൈനിക നടപടിയുമുണ്ടായില്ല. രണ്ട് സുന്നി രാജ്യങ്ങളും വിവിധ പ്രസ്താവനകള്‍ പു
റപ്പെടുവിക്കുന്നുണ്ടെങ്കിലും യുദ്ധഭൂമിയിലേക്ക് ഇതുവരെ സൈന്യത്തെ അയച്ചില്ല.

പാകിസ്ഥാന്റെ കാര്യം തന്നെയെടുത്താല്‍ സൗദിയുമായുള്ള ബന്ധം മതപരമായ സഹോദരത്വത്തില്‍ മാത്രം അധിഷ്ഠിതമല്ലെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞു. തൊഴിലിനും എണ്ണയ്‌ക്കും പണത്തിനും സൗദിയെ പാകിസ്ഥാന്‍ ആശ്രയിക്കുന്നു. നിലവില്‍ കടുത്ത ആഭ്യന്തര രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലാണ് ഇസ്ലാമാബാദ്. അതുകൊണ്ടുതന്നെ ഇറാനുമായി നേരിട്ടുള്ളൊരു സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് പാക് ശ്രമം.

തുര്‍ക്കിയുടെ കാര്യവും സമാനമാണ്. ഇസ്ലാമിക ലോകത്തെ നേതാവാകാനുള്ള ശീതയുദ്ധം സൗദിക്കും തുര്‍ക്കിക്കുമിടയില്‍ നേരത്തെതന്നെയുണ്ട്. സൗദിയുമായുള്ള പ്രതിരോധബന്ധം വളരുന്നുണ്ടെങ്കിലും തുര്‍ക്കിയുടെ സാമ്പത്തിക താത്പര്യങ്ങള്‍ ഗള്‍ഫ്, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൂതികള്‍ക്കെതിരെ നേരിട്ടുള്ള യുദ്ധത്തിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തിന്റെ വ്യാപാരം, ഊര്‍ജ്ജവിപണി എന്നിവയെ ബാധിക്കുന്ന തീരുമാനമായി മാറാം. ചുരുക്കത്തില്‍ ഇസ്ലാമിക മതവികാരത്തേക്കാള്‍ സാമ്പത്തിക കണക്കുകൂട്ടലുകള്‍ക്കാണ് ഇരു രാജ്യങ്ങളും ഇവിടെ പ്രാധാന്യം നല്‍കുന്നത്.

ഈജിപ്തിനും ഗള്‍ഫിനും മക്കയെക്കാള്‍ പ്രാധാന്യമെന്ത്?

ഈജിപ്തിന്റെ പ്രതികരണമാണ് ഏറ്റവും സൂക്ഷ്മമായി പരിശോധിക്കേണ്ടത്. കെയ്‌റോ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഹൂതി ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാല്‍ ഈജിപ്തിന്റെ പ്രധാന ആശങ്ക സൗദിയോ മക്കയോ അല്ല; മറിച്ച്‌ സൂയസ് കനാലാണ്.

യെമനിലെ ഹൂതികളുടെ നിയന്ത്രണം ബാബ് അല്‍-മന്ദബ് കടലിടുക്കിലേക്ക് വ്യാപിക്കുമ്പോള്‍ ചെങ്കടലിലൂടെയുള്ള കപ്പല്‍ഗതാഗതം തടസ്സപ്പെടുന്നു. ബാബ് അല്‍-മന്ദബ് ചെങ്കടലിനെ ഏദന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നു. അതിന്റെ വടക്കേ അറ്റത്താണ് സൂയസ് കനാല്‍. അതായത് ബാബ് അല്‍-മന്ദബിന്റെ സുരക്ഷയ്‌ക്കും ചെങ്കടല്‍ കപ്പല്‍ ഗതാഗതത്തിനും സൂയസ് കനാലുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഈജിപ്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ കനാലിന് നേരിട്ടുള്ളൊരു ഭീഷണിയാണ് ഹൂതി ആക്രമണം. കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക ചുറ്റിപ്പോകേണ്ടിവന്നാല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം കുറയും. ഈജിപ്തിന്റെ കനാല്‍ വരുമാനത്തെ ഇത് കാര്യമായി ബാധിക്കും. അതിനാല്‍ ഈജിപ്തിനെ സംബന്ധിച്ചിടത്തോളം സൗദിയുടെ സുരക്ഷ മതപരമായ താല്പര്യത്തെക്കാള്‍ സ്വന്തം സാമ്പത്തിക താല്പര്യങ്ങളെ സംരക്ഷിക്കുന്നതിലാണ്.

ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സൗദിയുടെ എണ്ണ കയറ്റുമതി, യുഎഇയിലെ തുറമുഖങ്ങള്‍, ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതി, ഒമാന്റെ കടല്‍വ്യാപാര ബന്ധങ്ങള്‍ ഇവയെല്ലാം ചെങ്കടല്‍, ബാബ് അല്‍-മന്ദബ്, ഹോര്‍മുസ് എന്നീ കപ്പല്‍പ്പാതകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ടാണ് ഹൂതി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ‘മതസംരക്ഷണം’ എന്നതിനപ്പുറം ‘ഊര്‍ജ്ജസുരക്ഷ’, ‘നാവിഗേഷന്‍’, ‘വ്യാപാരപ്പാത’, ‘അന്താരാഷ്‌ട്ര കപ്പല്‍ഗതാഗതം’ എന്നീ വാക്കുകള്‍ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതികരണങ്ങളില്‍ മുന്നിലെത്തുന്നത്. ഹൂതി നീക്കങ്ങള്‍ ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് ഭാരതം, ചൈന, യൂറോപ്പ് പോലുള്ള രാജ്യങ്ങളെയും പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മതമെന്ന മിഥ്യാലോകം

ഇവിടെയാണ് പശ്ചിമേഷ്യയ്‌ക്ക് പുറത്തുള്ള മുസ്ലിം സമൂഹങ്ങളിലേക്കും ചില ചോദ്യങ്ങള്‍ നീളുന്നത്. ഭാരതത്തിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും ആഫ്രിക്കയിലും ഇസ്ലാമിനെ മതപരമായ ഏകീകരണശക്തിയായി കാണുന്ന വലിയ വിഭാഗങ്ങളുണ്ട്. എന്നാല്‍ ഒരു മിഥ്യാലോകത്താണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. വിശുദ്ധ നഗരമായ മക്ക പോലും ആക്രമണത്തിനിരയായിട്ടും യഥാര്‍ത്ഥ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഒന്നുചേര്‍ന്നുനിന്നോ? കരാര്‍ ഉണ്ടായിട്ടുപോലും സുന്നി ഭൂരിപക്ഷമായ പാകിസ്ഥാനും തുര്‍ക്കിയും സൗദിയെ സഹായിച്ചോ? മറ്റ് മുസ്ലിം രാജ്യങ്ങളെവിടെ?

ഉത്തരം അത്ര ലളിതമല്ല. കാരണം മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ മതം മാത്രമല്ല നിര്‍ണ്ണയിക്കുന്നത്. അതില്‍ സുന്നി-ഷിയാ വിഭജനമുണ്ട്. എണ്ണയും വാതകവും തുറമുഖങ്ങളും കടല്‍പ്പാതകളും നിക്ഷേപങ്ങളുമുണ്ട്. പരസ്പര മത്സരമുണ്ട്. അങ്ങനെ നിരവധി താല്പര്യങ്ങളുടെ ആകെത്തുകയാണ് ഓരോ രാജ്യങ്ങളുടെയും തീരുമാനങ്ങള്‍. മക്ക ഒരു വിശുദ്ധ നഗരമാണ്. അതിന്റെ സുരക്ഷ കോടിക്കണക്കിന് മുസ്ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഒരു രാജ്യത്തിന്റെ സൈനിക തീരുമാനമെടുക്കുമ്പോള്‍ വിശ്വാസത്തിനൊപ്പം എണ്ണയുടെ വിലയും കപ്പല്‍പ്പാതയും തുറമുഖ വരുമാനവും ദേശീയ ബജറ്റും വ്യാപാരബന്ധങ്ങളും മുന്നിലെത്തുന്നു. അതിനാല്‍ ഭാരതത്തിലോ ബംഗ്ലാദേശിലോ ആഫ്രിക്കയിലോ ഇരുന്നുകൊണ്ട് മതത്തെ മാത്രം അടിസ്ഥാനമാക്കി ലോക മുസ്ലിം ഐക്യത്തെ സങ്കല്‍പ്പിക്കുന്നവര്‍ പശ്ചിമേഷ്യയിലെ ഈ യാഥാര്‍ത്ഥ്യത്തെക്കൂടി കാണണം. ചുരുക്കത്തില്‍, ഇവിടെ സങ്കുചിത മതചിന്ത അതിരുകടക്കുമ്പോള്‍ അവിടെ പണവും ദേശീയ താത്പര്യങ്ങളുമാണ് ആ അതിരുകള്‍ വരയ്‌ക്കുന്നത്. ഒരേ മതമായതുകൊണ്ട് ഈ രാജ്യങ്ങള്‍ക്കെല്ലാം ഒരേ രാഷ്‌ട്രീയ താത്പര്യമാണോ എന്ന ചോദ്യത്തിന് ‘അങ്ങനെയല്ല’ എന്നാണ് പശ്ചിമേഷ്യ ഇതുവരെ നല്‍കിയ മറുപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily