പാരീസ്: നയതന്ത്ര രംഗത്ത് ഭാരതവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീണ്ടും ചര്‍ച്ചയാകുന്നു. ജ 7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മോദിക്ക് നല്‍കിയ ഹൃദ്യമായ യാത്രയയപ്പ് ശ്രദ്ധേയമായി.
എല്ലാവിധ നയതന്ത്ര പ്രോട്ടോക്കോളുകളും ഉപേക്ഷിച്ച് മോദിയെ യാത്രയാക്കാനെത്തിയ മക്രോണ്‍ ഹിന്ദിയില്‍ വിടവാങ്ങല്‍ സന്ദേശവും നല്‍കി.
ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മോദിക്കൊപ്പം പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് മക്രോണ്‍ ഹിന്ദിയില്‍ സംസാരിച്ചത്. ‘പ്രിയ മിത്ര് നരേന്ദ്ര, മുഛെ ബഹുത് ഖുശി ഹേ, ദൗരെ കേ ലിയേ സ്വാഗത് കര്‍തേ, ഫ്രാന്‍സ് ഭാരത് കീ ദോസ്തി അമര്‍ രഹേ’ (പ്രിയ സുഹൃത്ത് നരേന്ദ്ര, അങ്ങയുടെ ഈ സന്ദര്‍ശനത്തില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഫ്രാന്‍സും ഭാരതവും തമ്മിലുള്ള ഈ സൗഹൃദം ശാശ്വതമായി നിലനില്‍ക്കട്ടെ) എന്നായിരുന്നു മക്രോണിന്റെ വാക്കുകള്‍. ശേഷം, താന്‍ പറഞ്ഞത് ശരിയാണോ എന്ന ഭാവത്തില്‍ മോദിയെ നോക്കിയ മക്രോണ്‍ പറഞ്ഞത് ശരിയാണെന്ന് ഞാന്‍ കരുതുന്നു എന്ന് പുഞ്ചിരിയോടെ അറിയിച്ചു. ഭാരതവുമായുള്ള സൗഹൃദത്തിന് നന്ദി അറിയിച്ച മക്രോണ്‍ ഫ്രാന്‍സിന് മോദിയോടുള്ള ആദരവും സ്‌നേഹവും വെളിപ്പെടുത്തി. ‘ജയ് ഹിന്ദ്’ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് മക്രോണ്‍ സന്ദേശം അവസാനിപ്പിക്കുന്നത്. വിഡീയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പ്രതിരോധം, ബഹിരാകാശം, നിര്‍മിത ബുദ്ധി തുടങ്ങി മേഖലകളില്‍ വികസനക്കുതിപ്പിന് വഴിവെക്കുന്ന കരാറുകളിലാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്.

