Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയന് യുഡിഎഫ് കവചം

പിണറായി വിജയന് യുഡിഎഫ് കവചം

മാസപ്പടി കേസിലും, അതിന്റെ അന്വേഷണത്തിനിടെ വെളിപ്പെട്ട ഹവാല ഇടപാടിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ വളരെ വൈകി സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം ഒത്തുകളിയുടെ ഭാഗമാണെന്ന് വ്യക്തം.

സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ക്ഷമാപണവും, തെളിവു കണ്ടെത്തിയാല്‍ മാത്രമേ എഫ്‌ഐആര്‍ ഇടുകയുള്ളൂ എന്ന വിശദീകരണവും ഇതിന് തെളിവാണ്. ഇഡി അന്വേഷിച്ച്‌ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും, ഇതിലെ വിവരങ്ങള്‍ വളരെ ഗുരുതരമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പരസ്യമായി പറയുകയും ചെയ്തതാണ്. എന്നിട്ടാണ് ഇപ്പോള്‍ പിണറായിക്കും മകള്‍ക്കും മരുമകനും എതിരെ പുതിയ തെളിവു കണ്ടത്താന്‍ ചെന്നിത്തലയുടെ പോലീസ് ഇറങ്ങിത്തിരിക്കുന്നത്! ജനങ്ങളെ കബളിപ്പിച്ച്‌ ആരോപണ വിധേയരെ രക്ഷിക്കാനുള്ള നീക്കമാണിതെന്ന് പകല്‍ പോലെ വ്യക്തമാണ്.

ഇഡിയുടെ ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ദേശീയ അന്വേഷണ ഏജന്‍സി കൈമാറിയ തെളിവുകള്‍ കണ്ടില്ലെന്നു നടിക്കാനോ മുഖ്യമന്ത്രി സതീശനും ആഭ്യന്തരമന്ത്രി ചെന്നിത്തലയ്‌ക്കും കഴിയില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇഡി കോടതിയെ സമീപിക്കും. അതറിയാവുന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെയൊരു നടപടിക്ക് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഇഡിയുടെ കത്ത് ലഭിച്ചതിനു ശേഷമുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുകയും ചെയ്യും. പ്രത്യക്ഷത്തില്‍ നടപടിയിലേക്ക് പോകാവുന്ന കേസായിയിരുന്നിട്ടും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന് കാത്തിരുന്നതുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതിന്റെ ഭാഗമായിരുന്നു.

ഇഡിയുടെ കത്ത് ലഭിച്ചതിനുശേഷം സിപിഎം നേതാവും പിണറായിയുടെ ദല്ലാളുമായ എ.കെ.ബാലന്‍ മുഖ്യമന്ത്രി സതീശനുമായി കൂടിക്കാഴ്ച നടത്തിയത് പരസ്പര ധാരണയുണ്ടാക്കാന്‍ വേണ്ടിയാണ്. എന്തിനായിരുന്നു കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രിയോ ബാലനോ വ്യക്തമാക്കിയിട്ടുമില്ല. ബാലന്‍ മുഖ്യമന്ത്രിയോട് രണ്ടു തരത്തില്‍ സംസാരിച്ചു കാണും. പിണറായിക്കെതിരെ കേസെടുത്താല്‍ നിങ്ങള്‍ക്കെതിരായ പലതും ഞങ്ങള്‍ പുറത്തുവിടും. അണികളെ തെരുവിലിറക്കി ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും. അതിനാല്‍ പേരിന് ഒരു അന്വേഷണം പ്രഖ്യാപിച്ച്‌ പരസ്പരം ഒത്തുതീരാം. ഇതില്‍ ഒടുവിലത്തെ മാര്‍ഗം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിരവധി അഴിമതി കേസുകളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്രകാരം ഒത്തുതീര്‍പ്പുകള്‍ നടത്തിയിട്ടുള്ളതാണ്. യുഡിഎഫിനെയും മുഖ്യമന്ത്രി സതീശനെയും നിയന്ത്രിക്കുന്ന മുസ്ലിംലീഗിന്റെ താല്പര്യവും പിണറായിയെ രക്ഷിക്കണമെന്നതാവും.

പിണറായിയുടെ മകള്‍ താമസിക്കുന്ന വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം ക്രിമിനലുകള്‍ ആക്രമിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കി നിന്നവരാണ് ചെന്നിത്തലയുടെ പോലീസ്. ഈ നിഷ്‌ക്രിയതയെ ന്യായീകരിക്കുകയാണല്ലോ ചെന്നിത്തല ചെയ്തത്. ഇപ്പോള്‍ പിണറായിക്കെതിരെയും മറ്റും അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുള്ള പോലീസ് സംഘത്തില്‍ നിന്നും മറിച്ചുള്ള ഒരു പെരുമാറ്റം പ്രതീക്ഷിക്കേണ്ടതില്ല. പിണറായിയുടെ സ്വന്തക്കാര്‍ പോലീസ് സേനയില്‍ ധാരാളമുണ്ട്. തങ്ങളുടെ യജമാനനുവേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ ഒരുക്കമായിരിക്കും. ആഭ്യന്തരമന്ത്രി ചെന്നിത്തല ഇതിനൊപ്പം സന്തോഷത്തോടെ നില്‍ക്കുകയും ചെയ്യും. ടിപി വധക്കേസില്‍ ജനങ്ങള്‍ ഇതു കണ്ടതാണ്. ഇഡി കോടതിയില്‍ പോയാല്‍ പറഞ്ഞു നില്‍ക്കാനുള്ള വഴികള്‍ തേടുക എന്നതു മാത്രമായിരിക്കും ഇപ്പോഴത്തെ അന്വേഷണത്തിന്റെ ലക്ഷ്യം.

പിണറായി വിജയനെ പിടികൂടാതിരിക്കുന്നത് മോദി സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് നാടുനീളെ വിളിച്ചുകൂവി നടന്നവരാണ് കോണ്‍ഗ്രസുകാര്‍. അവരാണ് ഇപ്പോള്‍ ഇഡി ശക്തമായ നടപടികളിലേക്ക് കടന്നപ്പോള്‍ പിണറായിയുടെയും കുടുംബത്തിന്റെയും രക്ഷയ്‌ക്ക് എത്തിയിരിക്കുന്നത്. പിണറായി ജയിലില്‍ പോകാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. പിണറായി അകത്തു പോയാല്‍ തങ്ങളെക്കുറിച്ചുള്ള പലതും പുറത്താവുമെന്ന് സിപിഎമ്മിലെ ‘പിണറായി വിരുദ്ധരും’ ഭയപ്പെടുന്നു. അതുകൊണ്ട് കാരണഭൂതനെ രക്ഷിക്കാന്‍ അവരും നിര്‍ബന്ധിതരാണ്. ഇഡിയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം പാര്‍ട്ടി പത്രംതന്നെ വിളിച്ചുപറഞ്ഞ ‘കള്ളന്‍ വിജയന്‍’ പിടിക്കപ്പെടില്ല. ഈ സത്യം ഇപ്പോള്‍ ഒന്നുകൂടി വ്യക്തമാവുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily