Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

ലപ്പുഴ: പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു, ഇപ്പോള്‍ ആരുമില്ല… ജി.

സുധാകരന്റ ചോദ്യം സിപിഎമ്മിന്റെ നേതൃത്വത്തോടാണ്. പിണറായി കരുത്തനായ നേതാവാണ്, മുമ്പ് ഞാനും, പി.കെ. ശ്രീമതിയും ജയരാജനും ഒക്കെ സംരക്ഷിക്കാന്‍ എത്തുമായിരുന്നു, ഇപ്പോള്‍ ആരുണ്ട്, ഈ ചോദ്യം സിപിഎമ്മില്‍ പിണറായി വിജയന്‍ ഇപ്പോള്‍ എത്തപ്പെട്ടിരിക്കുന്ന ഗതികേട് തുറന്നുകാട്ടുന്നതാണ്.

പാര്‍ട്ടിക്ക് പുറത്തുനിന്നല്ല, പാര്‍ട്ടിക്കുള്ളിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്. മുന്‍പണ്ട് കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കാലയളവില്‍ പിണറായിക്കായി രക്ഷാകവചം തീര്‍ക്കാന്‍ മുതിര്‍ന്ന നേതാക്കളാണ് സജീവമായി രംഗത്തെത്തിയിരുന്നത്. പിണറായിക്ക് വേണ്ടി മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ ഒറ്റപ്പെടുത്താനും, അക്രമിക്കാനും മുന്നില്‍ നിന്നവര്‍ പോലും ഇപ്പോള്‍ പിണറായിയെ കൈവിട്ടു. പാര്‍ട്ടിയിലെ ബലാബലത്തില്‍ കണ്ണൂര്‍ ലോബിയായിരുന്നു പിണറായി വിജയന്റെ കരുത്ത്. ഇപ്പോള്‍ കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണയും ഇല്ല. പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പിണറായിക്കെതിരായ നീക്കത്തെ പിന്തുണയ്‌ക്കുന്നു. കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ, പിണറായി വിജയനേക്കാള്‍ ഗതികെട്ട നിലയിലും. പാര്‍ട്ടി വിട്ട ജി. സുധാകരന്‍ അടക്കമുള്ളവര്‍ ഗോവിന്ദനെ കടന്നാക്രമിച്ചിട്ടും പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് ആരുമില്ലാത്ത അവസ്ഥ.

പതിറ്റാണ്ടുകളുടെ പാരമ്പര്യവും ജനപിന്തുണയുമുള്ള നേതാക്കളെ നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പാര്‍ട്ടിയിലും വെട്ടിനിരത്തി, തന്റെ അടുപ്പക്കാരായ പുതുതലമുറ നേതാക്കളെ മാത്രം അണിനിരത്തുന്നതിന് പിണറായി വിജയന് ഒത്താശ ചെയ്ത സംസ്ഥാന സെക്രട്ടറിയും ഇന്ന് ശരശയ്യയിലാണ്. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രമുഖ പങ്ക് ഇരുനേതാക്കള്‍ക്കുമാണെന്ന് അണികളും നേതാക്കളും വിരല്‍ ചൂണ്ടുമ്പോള്‍ എത്രനാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന് കണ്ടറിയണം. സിപിഎമ്മിലെ വിഭാഗീയത ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഐ പരസ്യ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. പിണറായി വിജയന്റെ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇടതുമുന്നണിയിലെ ഭിന്നത. ജി. സുധാകരന്റെ ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്, പിണറായിയെ ആര് സംരക്ഷിക്കും?.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily