Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്‌എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്‌എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലെയ്ഡുമായെത്തി പോലീസിനെ ആക്രമിച്ച കേസില്‍ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ തുടരുന്നു.

പ്രതികളായ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പ്രധാന നേതാക്കള്‍ ഇപ്പോഴും ഒളിവിലാണ്.

ജില്ലാ സെക്രട്ടറി എം.എ. നന്ദന്‍ ഉള്‍പ്പെടെ നാല് പേരെ മാത്രമാണ് കന്റോണ്‍മെന്റ് പോലീസിന് ഇതുവരെ പിടികൂടാനായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു നന്ദന്‍ അറസ്റ്റിലായത്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി സഞ്ജീവ്, ജില്ലാ സെക്രട്ടറി നന്ദന്‍, നേതാക്കളായ ആദര്‍ശ്, അവ്യ കൃഷ്ണന്‍, ആഷിക്, അശ്വിന്‍, ആഷിക് പ്രദീപ്, മാധവ്, മനീഷ് തുടങ്ങിയവരും കണ്ടാല്‍ അറിയാവുന്ന 100 ഓളം എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതികള്‍.

ഐഎച്ച്‌ആര്‍ഡി, കേപ് തുടങ്ങി സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ദ്ധനവിനെതിരെ ജൂണ്‍ 24ന് എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലായിരുന്നു ബ്ലെയ്ഡ് പ്രയോഗം. ബാരിക്കേഡ് മറിച്ചിടാനുള്ള സമരക്കാരുടെ നീക്കം തടയുന്നതിനിടെ ചില പോലീസുകാരുടെ കൈയില്‍ മുറിവുണ്ടായെങ്കിലും സമരശേഷം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ബ്ലെയ്ഡ് കണ്ടെത്തിയതോടെയാണ് ബോധപൂര്‍വം ആക്രമണം നടന്നെന്ന സംശയമുയര്‍ന്നത്. എന്നാല്‍ ബ്ലെയ്ഡ് കൊണ്ടുവന്നത് പോലീസാണെന്നും സമരക്കാരെ ബ്ലെയ്ഡ് ഉപയോഗിച്ച്‌ ആക്രമിച്ചെന്നുമായിരുന്നു എസ്‌എഫ്‌ഐ നേതാക്കള്‍ പറഞ്ഞുപരത്താന്‍ ശ്രമിച്ചത്. സമരസ്ഥലത്ത് ബ്ലെയ്ഡ് എങ്ങിനെ എത്തിയെന്ന് കണ്ടെത്തണമെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതായും ജില്ലാസെക്രട്ടറി എം.എ. നന്ദന്‍ അന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സമരത്തിനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് കൊണ്ടുവന്നിരുന്നെന്ന കാര്യം സ്ഥിരീകരിച്ചതും ജില്ലാസെക്രട്ടറി നന്ദന്‍ ഉള്‍പ്പെടെ പിടിയിലായതും. സിസിടിവിയും മാധ്യമ ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ബാരിക്കേഡ് കെട്ടിയുറപ്പിച്ചിരുന്ന പ്ലാസ്റ്റിക് കയര്‍ അറുത്തുമാറ്റുന്നതിനായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് ഉപയോഗിക്കുന്നത് കണ്ടെത്താനായി. സമരക്കാരെ നീക്കുന്നതിന് പോലീസ് ബലംപ്രയോഗിച്ചപ്പോള്‍ ഈ ബ്ലെയ്ഡ് ഉപയോഗിച്ചാണ് പോലീസിനെ ആക്രമിച്ചതെന്നും തെളിഞ്ഞു. ഇതോടെയാണ് എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിനെ ആക്രമിക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പോലീസിനെ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചവരെ പിടികൂടാനാകാത്തതില്‍ പോലീസിലും അതൃപ്തി പുകയുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily