Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച്‌ ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച്‌ ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

പാലോട്: പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണ്‌വെട്ടിച്ച്‌ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക രാസലഹരികളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാപകമെന്ന് പരാതി.

മേഖലയിലെ പരിശോധനകള്‍ പേരിന് മാത്രമായി ഒതുങ്ങുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇടയ്‌ക്ക് ചില ലഹരിവേട്ടകളും അറസ്റ്റുകളും നടക്കുന്നുണ്ടെങ്കിലും റാക്കറ്റിന്റെ വേരുകള്‍ ആഴത്തിലുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്തിടെ പാലോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചിപ്പഞ്ചിറ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ 20 ഗ്രാം എംഡിഎംഎയുമായി കാട്ടാക്കട സ്വദേശി നസീം, മുല്ലൂര്‍ സ്വദേശി ശരത് വിവേക് എന്നിവര്‍ പിടിയിലായിരുന്നു.

ബംഗളൂരു ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ ലഹരി കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്ന അന്തര്‍ജില്ലാ കണ്ണികളാണ് അന്ന് വലയിലായത്. ഇതിനുപുറമെ, ബെംഗളൂരുവില്‍ നിന്ന് രാസലഹരി കടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും നടത്തിയ പരിശോധനയില്‍ പാലോട് സ്വദേശിനിയായ അന്‍സിയ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം പിടിയിലായതും മലയോര മേഖലയിലേക്കുള്ള ലഹരിയുടെ ഒഴുക്കിന്റെ ആഴം വ്യക്തമാക്കുന്നു. ഇതിനിടയിലാണ് ചെറിയ കടകള്‍ കേന്ദ്രീകരിച്ചും രഹസ്യ കേന്ദ്രങ്ങള്‍ വഴിയും കുട്ടികള്‍ക്കിടയിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി എത്തിച്ചുനല്‍കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. പാലോടിന്റെ വനമേഖലയോട് ചേര്‍ന്നു കിടക്കുന്നതും ആളൊഴിഞ്ഞതുമായ ഇടങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന വ്യാപിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നാണ് പ്രധാന ആരോപണം. പ്രധാന റോഡുകളിലെ നാമമാത്രമായ വാഹന പരിശോധനകള്‍ മുതലെടുത്ത്, ഉള്‍നാടന്‍ വഴികളിലൂടെ ബൈക്കുകളിലും മറ്റും ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും മനുഷ്യച്ചങ്ങലകളും നടക്കുന്നുണ്ടെങ്കിലും വിപണിയില്‍ ലഹരിയുടെ ലഭ്യത കുറയ്‌ക്കാന്‍ ശക്തമായ റെയ്ഡുകളോ മാതൃകാപരമായ നടപടികളോ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ചില്ലറ വില്‍പ്പനക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടികള്‍ക്കപ്പുറം, ഇതിന് പിന്നിലെ വലിയ സ്രോതസ്സുകളെ കണ്ടെത്താന്‍ കര്‍ശന അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം. മേഖലയെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാന്‍ രാത്രികാല പട്രോളിംഗും ശക്തമായ പരിശോധനയും അടിയന്തരമായി നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും ശക്തമായ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily