Saturday, 28 Nov, 5.01 am ജന്മഭൂമി

ലേറ്റസ്റ്റ് ന്യൂസ്
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാവണം

ഗുജറാത്തില്‍ നടന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തിന്റെ സമാപന സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ മാസംതോറും ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പു നടത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനു വേണ്ടിവരുന്ന ഭീമമായ ചെലവും സമയവും മനുഷ്യശക്തിയും കണക്കിലെടുക്കുമ്ബോള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരേസമയം നടത്തിയാല്‍ വലിയ ദേശീയ നഷ്ടംതന്നെ ഒഴിവാക്കാനാവും. സാധാരണഗതിയില്‍ അഞ്ച് വര്‍ഷം കൂടുമ്ബോള്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പിന്റെ കാര്യം തന്നെ എടുത്താല്‍ ആറുമാസക്കാലത്തോളമാണ് ഫലത്തില്‍ ഭരണം സ്തംഭിക്കുക. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ ഭരണപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കേണ്ടി വരുന്നു. പൊതു തെരഞ്ഞെടുപ്പിനു പുറമെയാണ് ഒന്നിനു പുറകെ ഒന്നായി നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും. അപ്പോഴും ഭരണസംവിധാനങ്ങള്‍ മരവിക്കുകയും, വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയം ജനസേവനമാണെന്ന് അംഗീകരിച്ചാല്‍ ഈ രീതി അനുവദിക്കാനാവില്ല.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് അടുത്തിടെ ആകാശത്തുനിന്നും പൊട്ടിവീണ ആശയമൊന്നുമല്ല. 1983 ല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ആശയം മുന്നോട്ടുവച്ചിട്ടുള്ളതാണ്. 1999 ല്‍ ബി.പി. ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമകമ്മീഷനും ഇക്കാര്യം നിര്‍ദ്ദേശിക്കുകയുണ്ടായി. പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്‌പേയി ഈ വിഷയം കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്തതാണ്. ബിജെപി നേതാവ് എല്‍. കെ. അദ്വാനി ഇതിനെക്കുറിച്ച്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി എന്നിവരുമായി ചര്‍ച്ച നടത്തുകയുണ്ടായി. രണ്ടുപേരും ഈ ആശയത്തെ അനുകൂലിക്കുന്നതായി അദ്വാനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2015 ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തണച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖര്‍ജി സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആവര്‍ത്തിച്ച്‌ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നതു മൂലമുള്ള നഷ്ടത്തെക്കുറിച്ച്‌ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗും ചെലവുകള്‍ അക്കമിട്ടു നിരത്തി ആവര്‍ത്തിച്ചു വരുന്ന തെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന് ശുപാര്‍ശ ചെയ്യുകയുണ്ടായി. ഈയൊരു പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നത്.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ക്കുന്ന പലരും അതിന് പറയുന്ന കാരണം പ്രായോഗികമല്ല എന്നതാണ്. മുന്‍വിധിയോടെയുള്ളതാണ് ഈ നിലപാട്. എന്തുകൊണ്ട് പ്രായോഗികമല്ല എന്ന കാര്യം ഈ പാര്‍ട്ടികള്‍ കൃത്യമായി പറയുന്നുമില്ല. ഇപ്പോള്‍ തന്നെ ചില നിയമസഭാ തെരഞ്ഞെടുപ്പുകളും, പല കാലങ്ങളില്‍ ഒഴിവുവരുന്ന ഉപതെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുമിച്ചാണ് നടത്തുന്നത്. ഇത് രീതി വിപുലീകരിക്കേണ്ട ആവശ്യമേയുള്ളൂ. ബാലറ്റ് സംവിധാനം കാലഹരണപ്പെട്ടതോടെ എത്ര വലിയ തെരഞ്ഞെടുപ്പും സുഗമമായി നടത്താനാവും. ബൂത്ത് പിടിത്തവും ബാലറ്റ് പെട്ടികള്‍ തട്ടിക്കൊണ്ടുപോകലുമൊക്കെ ഇപ്പോള്‍ കേട്ടുകേള്‍വി മാത്രമാണല്ലോ. സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഏത് പരിഷ്‌കാരങ്ങളെക്കുറിച്ച്‌ ആരു പറഞ്ഞാലും തടസ്സം നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. അവര്‍ പറയുന്ന കാരണം ഭാരതത്തിന്റെ വലിപ്പവും ജനപ്പെരുപ്പവുമാണ്. നോട്ട് നിരോധനം കൊണ്ടുവന്നപ്പോഴും, ജിഎസ്ടി നടപ്പാക്കിയപ്പോഴും ഈ വാദങ്ങള്‍ ഉയര്‍ന്നു കേട്ടു. ശകുനം മുടക്കികളായ ഇക്കൂട്ടര്‍ക്ക് പുതിയ ആശയങ്ങളോടൊക്കെ പുച്ഛമാണ്. വികസനവും പുരോഗതിയും ഉറപ്പുവരുത്താന്‍ ഇവരെ അവഗണിച്ച്‌ മുന്നേറിയേ മതിയാകൂ. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവും നടപ്പാക്കി പാര്‍ലമെന്ററി ജനാധിപത്യത്തെ പരിപക്വമാക്കാനുള്ള ശ്രമങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്ബോള്‍ അതിവിപുലമായ ജനപിന്തുണ ലഭിക്കുമെന്നുറപ്പാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Janmabhumi Daily
Top